Story Dated: Thursday, January 22, 2015 05:02
ന്യൂയോര്‍ക്ക്: ഗൈനക്കോളജിസ്‌റ്റായി നടിച്ച് പതിനേഴുകാരന്‍ ആശുപത്രിയിലെ പ്രസവ വിഭാഗത്തില്‍ പ്രവര്‍ത്തിച്ചത് ഒരു മാസം. ഫ്‌ളോറിഡയിലെ വെസ്‌റ്റ് പാം ബീച്ചിലെ സെന്റ് മേരീസ് മെഡിക്കല്‍ സെന്ററിലാണ് പയ്യന്‍ ഡോക്‌ടറുടെ വേഷത്തില്‍ അഭിനയിച്ച് തകര്‍ത്തത്.
വെളുത്ത കോട്ടും സ്‌റ്റെതസ്‌കോപ്പുമായി ആശുപത്രിയില്‍ വിലസിയ സ്‌കൂള്‍ വിദ്യാര്‍ത്ഥിയായ പയ്യന്‍ വ്യാജനെന്ന് ആദ്യമാര്‍ക്കും മനസ്സിലായില്ല. പയ്യന്‍ രോഗികളുടെ വാര്‍ഡിലും മറ്റും കൃത്യമായി കയറി നിരീക്ഷണങ്ങള്‍ നടത്തിയിരുന്നതായും വേണ്ട നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നതായും ആശുപത്രിയിലെ മറ്റ് ജോലിക്കാര്‍ പറയുന്നു. എന്നാല്‍ കുട്ടി ഡോക്‌ടര്‍ ആരെയും പരിശോധിക്കുകയോ മരുന്ന് നല്‍കുകയോ ചെയ്‌തിരുന്നില്ല. ഇതിനിടയില്‍ ഒരു രോഗിയെയും കൊണ്ട് ആശുപത്രിയിലെ മുതിര്‍ന്ന ഡോക്‌ടറായ സെബാസ്‌റ്റ്യന്‍ കെന്റിന്റെ അടുത്ത് എത്തിയതോടെ പയ്യന്റെ ഒരുമാസം നീണ്ടുനിന്ന ഡോക്‌ടര്‍ ജീവിതത്തിന് തിരശ്ശീല വീണു. പയ്യന്റെ പെരുമാറ്റയില്‍ സംശയം തോന്നിയ ഡോക്‌ടര്‍ ഇത് ആശുപത്രി അധികൃതരുമായി പങ്കുവെച്ചു. ഇതോടെ സുരക്ഷാ ജീവനക്കാരെത്തി വ്യാജനെ കയ്യോടെ പൊക്കി.
സംഭവം പുറത്തായതോടെ വിശദീകരണവുമായി ആശുപത്രി അധികൃതര്‍ രംഗത്തെത്തി. വ്യാജന്‍ ആരെയും പരിശോധിച്ചിരുന്നില്ലെന്നും വെറുതെ ആശുപത്രിയിലൂടെ നടക്കുകയായിരുന്നു എന്നും അധികൃതര്‍ വിശദീകരിച്ചു. പക്ഷേ ഗര്‍ഭിണികളെ പരിശോധിക്കുന്ന സ്‌ഥലങ്ങളില്‍ പയ്യനെ കണ്ടിരുന്നതായി റിപ്പോര്‍ട്ടുണ്ട്.
സംഭവമറിഞ്ഞ് ആശുപത്രിയിലെത്തിയ പോലീസ് പയ്യനെ അറസ്‌റ്റ് ചെയ്‌തു. ഇയാള്‍ വ്യാജനാണെന്ന് സ്‌ഥിരീകരിച്ചതായി പോലീസ് പറഞ്ഞു. എന്നാല്‍ തനിക്ക് ഡോക്‌ടറായി ജോലിചെയ്യാന്‍ ലൈസന്‍സ് ഉണ്ടെന്നും വര്‍ഷങ്ങളായി ഡോക്‌ടറായി പ്രാക്‌റ്റീസ് ചെയ്‌തുവരുന്നതായും ഇയാള്‍ വാദിച്ചു. ഒടുവില്‍ സ്‌ഥലത്തെത്തിയ പയ്യന്റെ അമ്മ മകന് മാനസിക രോഗമുള്ളതായി വെളിപ്പെടുത്തി. സംഭവത്തില്‍ ആശുപത്രി അധികൃതര്‍ക്ക് പരാതി ഇല്ലാത്തതിനാല്‍ പയ്യനെ അമ്മയ്‌ക്കൊപ്പം അയച്ചതായി പോലീസ് പറഞ്ഞു.
from kerala news edited
via IFTTT