Story Dated: Thursday, January 22, 2015 03:48
ന്യൂഡല്‍ഹി: ഐ.പി.എല്‍ വാതുവയ്പ് കേസില്‍ എന്‍.ശ്രീനിവാസന്‍ സുപ്രീം കോടതിയില്‍ തിരിച്ചടി. ബി.സി.സി.ഐ അധ്യക്ഷ സ്ഥാനത്തേക്ക് ശ്രീനിവാസന് മത്സരിക്കാന്‍ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ടീം ഉടമ എന്നതിനാലാണ് കോടതിയുടെ വിലക്ക്. അതേസമയം, വാതുവയ്പു കേസില്‍ കോടതി ശ്രീനിവാസന് ക്ലീന്‍ചിറ്റ് നല്‍കി. വാതുവയ്പില്‍ ശ്രീനിവാസന് എതിരായ ആരോപണം തെളിയിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് കോടതി പറഞ്ഞു. എന്നാല്‍ ശ്രീനിവാസന്റെ മരുമകന്‍ ഗുരുനാഥ് മെയ്യപ്പനും രാജ്കുന്ദ്രയൂം കുറ്റക്കാരാണെന്നും 130 പേജ് വരുന്ന വിധിന്യായത്തില്‍ കോടതി വ്യക്തമാക്കി.
ബി.സി.സി.ഐ പൊതുസ്ഥാപനമാണെന്നും രാജ്യത്തെ നിയമവ്യവസ്ഥയ്ക്ക് വിധേയമാണെന്നും കോടതി നിരീക്ഷിച്ചു. ഭരണഘടനയുടെ 226ാം വകുപ്പിനു വിധേയമാണ്. ചെന്നൈ സൂപ്പര്‍ കിംഗ് ഉടമ മെയ്യപ്പനും രാജസ്ഥാന്‍ റോയല്‍സ് ടീം സഹഉടമ കുന്ദ്രയും ടീം ഭാരവാഹികളാണ്. ഇവര്‍ക്കെതിരായ കുറ്റങ്ങള്‍ മുദ്ഗല്‍ കമ്മിറ്റിയുടെ അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്. മുദ്ഗല്‍ കമ്മിറ്റി നിയമവിധേയമായാണ് പ്രവര്‍ത്തിച്ചത്. കമ്മിറ്റിയുടെ കണ്ടെത്തലുകള്‍ പുനഃപരിശോധിക്കേണ്ട സാഹചര്യമില്ലെന്നും ജസ്റ്റീസ് ടി.എസ് താക്കൂര്‍, കലൈഫുള്ള എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.
വാതുവയ്പു കേസില്‍ സത്യം മറച്ചുവയ്ക്കാന്‍ ശ്രീനിവാസന്‍ ശ്രമിച്ചുവെന്നായിരുന്നു പരാതിക്കാരായ ബിഹാര്‍ ക്രിക്കറ്റ് അസോസിയേഷന്റെ ആരോപണം. ഇത് തെളിയിക്കാന്‍ കഴിഞ്ഞില്ലെന്ന് കോടതി വ്യക്തമാക്കി. അതേസമയം, ഒരേസമയം ബി.സി.സി.ഐ ഭാരവാഹിയും ഐ.പി.എല്‍ ടീം ഉടമയുമായിരിക്കാമെന്ന് കൊണ്ടുവന്ന ഭേദഗതിയും കോടതി റദ്ദാക്കി. ഇത് ശ്രീനിവാസന് തിരിച്ചടി നല്‍കുന്ന നിര്‍ദേശമാണ്. ബി.സി.സിഐ ഭാരവാഹികള്‍ക്ക് സാമ്പത്തിക താല്‍പര്യമുള്ള പങ്കാളിത്തം പാടില്ലെന്നാണ് ചട്ടം. ഇതില്‍ ഭേദഗതി വരുത്തിയത് ശ്രീനിവാസനായിരുന്നു. ഇതോടെ ബി.സി.സി.ഐ അധ്യക്ഷ പദവി വേണോ ടീം ഉടമസ്ഥനാകണോ എന്ന് തെരഞ്ഞെടുക്കേണ്ട സ്ഥിതിയിലായിരുന്നു ശ്രീനിവാസന്‍. എന്നാല്‍ ശ്രീനിവാസന്‍ മത്സരിക്കേണ്ടെന്ന് കോടതി അസന്നിഗ്ധമായി ഉത്തരവിട്ടതോടെ അക്കാര്യത്തിലുള്ള അനിശ്ചിതത്തവും മാറി.
കുറ്റക്കാരായ ഐ.പി.എല്‍ ടീമുകള്‍ക്കെതിരെ നടപടിയെടുക്കേണ്ടത് ബി.സി.സി.ഐ അല്ലെന്നൂം കോടതി വ്യക്തമാക്കി. ബി.സി.സി.ഐയില്‍ വിശ്വാസ്യതയില്ലെന്ന് സൂചിപ്പിച്ച കോടതി ചെന്നൈ സൂപ്പര്‍ കിംഗ്‌സ്, രാജസ്ഥാന്‍ റോയല്‍സ് എന്നീ ടീമുകള്‍ക്കെതിരായ നിയമ നടപടി മറ്റൊരു സമിതി നിര്‍ദേശിക്കും. മുന്‍ ചീഫ് ജസ്റ്റീസ് എം.ആര്‍ ലോധ അധ്യക്ഷനായ സമിതി അച്ചടക്ക നടപടി ശിപാര്‍ശ ചെയ്യും. ഐ.പി.എല്‍ സി.ഇ.ഒ സുന്ദര്‍രാമനെതിരായ നടപടിയും ഈ സമിതി തീരുമാനിക്കുമെന്നും കോടതി കൂട്ടിച്ചേര്‍ത്തു.
ആറാഴ്ചയ്ക്കുള്ളില്‍ ബി.സി.സി.ഐ ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് നടത്തണമെന്നും കോടതി നിര്‍ദേശിച്ചു.
from kerala news edited
via IFTTT