Story Dated: Thursday, January 22, 2015 03:43
കോഴിക്കോട്: കലയുടെ ഏഴു ദിനരാത്രങ്ങള്‍ക്കു സുരക്ഷയുടെ ചുവടുകളുമായിട്ടായിരുന്നു കലോത്സവവേദിയില്‍ പോലീസ് നിറഞ്ഞുനിന്നത്. ഭാവഭേദങ്ങളില്ലാതെ ഓരോ ചുവുടകള്‍ മാറുമ്പോഴും അവര്‍ കലയേയും കലാപ്രേമികളേയും ഉള്ളം കൈകളാല്‍ സംരക്ഷിച്ചു. കവാടം മുതല്‍ കലവറ വരെ പഴുതടച്ച സുരക്ഷയായിരുന്നു സിറ്റിപോലീസ് ഒരുക്കിയത്. കോഴിക്കോട് റൂറല്‍, വയനാട്, മലപ്പുറം, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള പോലീസുകാരും സിറ്റിപോലീസിനൊപ്പമുണ്ടായിരുന്നു.
രാപ്പകല്‍ ഭേദമന്യേ ഓരോ സേനാംഗങ്ങളും ഏല്‍പ്പിച്ച ജോലി കൃത്യതയോടെ നിര്‍വഹിച്ചപ്പോള്‍ കോഴിക്കോടുനിന്നും പടിയിറിങ്ങുന്ന കലാമാമാങ്കം സിറ്റി പോലീസിന്റെ തൊപ്പിയില്‍ മറ്റൊരു പൊന്‍തൂവല്‍കൂടി ചാര്‍ത്തി. ചില വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നെങ്കിലും കലാപ്രതിഭകളേയും ആസ്വാദകരേയും സുരക്ഷയുടെ കരവലയം തീര്‍ത്താണ് പോലീസ് സംരക്ഷിച്ചത്. പതിനായിരങ്ങള്‍ കലാനഗരിയിലേക്കു ഒഴുകിയെത്തിയിട്ടും സുരക്ഷാ പാളിച്ചകള്‍ ഒരിടത്തും തലപൊക്കിയില്ല. ഷാഡോപോലീസിന്റേയും രഹസ്യാന്വേഷണ വിഭാഗത്തിന്റേയും പ്രത്യേക നിരീക്ഷണവും കലോത്സവത്തിനു മാറ്റുകൂട്ടി. ബോംബ് സ്‌ക്വാഡിന്റെയും ഡോഗ് സ്‌ക്വാഡിന്റെയും സേവനങ്ങളും വേദികളിലും പരിസര പ്രദേശങ്ങളിലുമുണ്ടായിരുന്നു. കലോത്സവത്തിനിടെ നഗരത്തില്‍ സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനം തടയാന്‍ നൂറ് പോലിസ് ഉദ്യോഗസ്‌ഥരെ മഫ്‌തിയിലും നിയോഗിച്ചിരുന്നു. സിറ്റി സ്‌പൈഡേഴ്‌സ്, സ്‌ട്രൈക്കിങ്ങ് ഫോഴ്‌സ്, ഫ്‌ളയിംഗ് സ്‌ക്വാഡും കലോത്സവ നഗരിയിലുണ്ടായിരുന്നു.
കലോത്സവത്തിന്റെ 18 വേദികളിലും ഓരോ ഡി.വൈ.എസ്.എസ്.പിയുടെ നേതൃത്വത്തിലുള്ള പോലീസ് സേനയാണ് നിലയുറപ്പിച്ചിരുന്നത്. ഈ വേദികളിലെല്ലാം പോലീസ് കണ്‍ട്രോള്‍ റൂമുകളും തുറന്നു പ്രവര്‍ത്തിച്ചിരുന്നു. പോലീസിനെ സഹായിക്കാന്‍ എസ്.പി.സി ഉള്‍പെടെയുള്ള 1500 ഓളം വളണ്ടിയര്‍മാരുടെ സേവനവുമുണ്ടായിരുന്നു.
കലോല്‍സവം നിയന്ത്രിക്കാന്‍ ആയിരം കുട്ടികളെ ഉള്‍ക്കൊള്ളിച്ച് രൂപവല്‍ക്കരിച്ച ഫെസ്‌റ്റ് ഫോഴ്‌സും സജീവമായി രംഗത്തുണ്ടായിരുന്നു. 28 സ്‌കൂളുകളിലെ ഹയര്‍ സെക്കന്‍ഡറി, വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്ക് ഫയര്‍ ഫോഴ്‌സ്, ബോംബ് സ്‌ക്വാഡ് തുടങ്ങിയ വിഭാഗങ്ങള്‍ നല്‍കിയ പരിശീലന പ്രകാരമായിരുന്നു നിലയുറപ്പിച്ചത്.
എസ്‌പിസി കുട്ടികളെക്കൊണ്ടു മാത്രം കലോല്‍സവം നിയന്ത്രിക്കാന്‍ കഴിയാത്തതിനാലാണ് വിവിധ സ്‌കൂളുകളില്‍ നിന്ന് കുട്ടികളെ തെരഞ്ഞെടുത്ത് ഫെസ്‌റ്റ് ഫോഴ്‌സ് രൂപീകരിച്ചത്. റോഡുകളില്‍ ഗതാഗതം നിയന്ത്രിക്കുന്നത് അടക്കമുള്ള ചുമതല ഇവര്‍ക്കു കൈമാറിയുന്നു.
മത്സരങ്ങള്‍ കാണാനെത്തുന്ന ആസ്വാദകര്‍ക്ക് പോലീസിന്റെ വക ചുക്കുകാപ്പിയും കരിങ്ങാലിവെള്ളവും നല്‍കിയും പോലീസ് സജീവമായിരുന്നു. കേരള പോലീസ് അസോസിയേഷനും സിറ്റി പോലീസ് എംപ്ലോയീസ് സൊസൈറ്റിയും ചേര്‍ന്നാണ് പരിപാടികള്‍ കാണാനെത്തുന്നവര്‍ക്ക് പകല്‍ കരിങ്ങാലി വെള്ളവും രാത്രി ചുക്കുകാപ്പിയും നല്‍കിയത്.
from kerala news edited
via IFTTT