Story Dated: Friday, February 13, 2015 08:51
തിരുവനന്തപുരം: മുപ്പത്തിയഞ്ചാം ദേശീയ ഗെയിംസിലെ അത്‌ലറ്റിക് ഇനങ്ങള്‍ അവസാനിക്കുമ്പോള്‍ കേരളത്തിന്റെ സ്വര്‍ണ നേട്ടം അമ്പത്തിനാലായി. വനിത വിഭാഗം ബാസ്‌കറ്റ്‌ബോള്‍ ടീമാണ് കേരളത്തിന് 54-ാം സ്വര്‍ണം സമ്മാനിച്ചത്. ഗെയിംസ് ചരിത്രത്തില്‍ ആദ്യമായാണ് ബാസ്‌ക്കറ്റ്‌ബോളില്‍ കേരളം സ്വര്‍ണം നേടുന്നത്. ഗെയിംസ് അവസാനിക്കാന്‍ ഒരുദിവസം ബാക്കിനില്‍ക്കെ സ്വര്‍ണക്കൊയ്‌ത്തു നടത്തിയ കേരളം ഹരിയാനയെ പിന്തള്ളി രണ്ടാം സ്‌ഥാനത്ത് തുടരുകയാണ്.
വനിതകളുടെ 60 കിലോഗ്രാം വിഭാഗത്തില്‍ എം. മീനാകുമാരി, വനിതകളുടെ ട്രിപ്പിള്‍ ജംപില്‍ എന്‍.വി. ഷീന, പുരുഷന്‍മാരുടെ 60 കിലോവിഭാഗം ബോക്‌സിങ്ങില്‍ കുല്‍വിന്ദര്‍, വനിതാ വിഭാഗം 4-400 മീറ്റര്‍ റിലേയില്‍ അനു മറിയം ജോസ്, ടിന്റു ലൂക്ക, ആര്‍. അനു, അനില്‍ഡ തോമസ് എന്നിവരിലൂടെയാണ് കേരളത്തിന്റെ സുവര്‍ണ നേട്ടം 54ല്‍ എത്തിയത്. വനിതകളുടെ 4-400 മീറ്റര്‍ റിലേയില്‍ കേരള ടീം മീറ്റ് റെക്കോര്‍ഡോടെയാണ് സ്വര്‍ണം നേടിയത്. മൂന്നു മിനിട്ടും 35.27 സെക്കന്‍ഡിലുമായിരുന്നു കേരളത്തിന്റെ സ്വര്‍ണ നേട്ടം. 60 കിലോഗ്രാം ബോക്‌സിങ്ങില്‍ കേരളത്തിന്റെ കുല്‍വീന്ദറിന്റെ സ്വര്‍ണമാണ് കേരളത്തിന്റെ സ്വര്‍ണം അര്‍ധ സെഞ്ച്വറി കടത്തിയത്. വനിതാ ബാസ്‌ക്കറ്റ്‌ബോള്‍ ഫൈനലില്‍ അയല്‍ക്കാരായ തമിഴ്‌നാടിനെ തോല്‍പ്പിച്ചാണ് കേരളം സ്വര്‍ണം സ്വന്തമാക്കിയത്. വനിതകളുടെ വോളിബോളിലുംിലും കേരളത്തിനാണ് സ്വര്‍ണം. കര്‍ണാടകയെയാണ് കേരളം തറപറ്റിച്ചത്. കേരളത്തിന്റെ 47-ാം സ്വര്‍ണമായിരുന്നു ഇത്.
അതേസമയം ട്രാക്ക് ഇനങ്ങളും കേരളത്തിന്റെ സ്വര്‍ണ പ്രതീക്ഷകള്‍ക്ക് ആക്കം കൂട്ടി. 100 മീറ്റര്‍ റിലേയില്‍ കേരള വനിതകള്‍ മീറ്റ് റെക്കോഡോടെയാണ് സ്വര്‍ണം നേടിയത്. വനിതകളുടെ 200 മീറ്റര്‍, പുരുഷവനിതാ 800 മീറ്റര്‍ എന്നിവയില്‍ കേരളം സ്വര്‍ണം ഉള്‍പ്പെടെയുള്ള മെഡലുകള്‍ വാരിയപ്പോള്‍ പുരുഷന്‍മാരുടെ 200 മീറ്റര്‍ കേരളത്തിന് മെഡലില്ലാതെ പോയി. വനിതകളുടെ 200 മീറ്ററില്‍ ശാന്തിനി വി സ്വര്‍ണവും അനില്‍ഡ തോമസ് വെള്ളിയും പങ്കുവെച്ചു. വേഗറാണി ദ്യുതി ചന്ദിനെയാണ് ഇരുവരും മൂന്നാം സ്‌ഥാനത്തേക്ക് പിന്തള്ളിയത്.
800 മീറ്ററില്‍ കേരളത്തിന്റെ ഉറച്ച മെഡല്‍ പ്രതീക്ഷയായ ടിന്റു ലൂക്ക മീറ്റ് റെക്കോഡോടെ സ്വര്‍ണം നേടിയതും ഇന്ന് ശ്രദ്ധനേടി. 2:01:86 സെക്കന്‍ഡിലാണ് ടിന്റു സ്വര്‍ണം ഓടിയെടുത്തത്. റോസക്കുട്ടിയുടെ റെക്കോഡാണ് ടിന്റു പഴങ്കഥയാക്കിയത്. തമിഴ്‌നാടിന്റെ ഗോമതി ഈ ഇനത്തില്‍ വെള്ളി നേടിയപ്പോള്‍ കേരളത്തിന്റെ സിനി മാര്‍ക്കോസ് വെങ്കലം നേടിയതും കേരളത്തിന് നേട്ടമായി. പുരുഷന്‍മാരുടെ 800 മീറ്ററില്‍ സജീഷ് ജോസഫാണ് കേരളത്തിന്റെ സുവര്‍ണ താരമായത്. 1:53:68 സെക്കന്‍ജില്‍ സജീഷ് ഫിനിഷ് ചെയ്‌തു. കേരളത്തിന്റെ അഫ്‌സലിനാണ് ഈ ഇനത്തില്‍ വെങ്കലം.
ദേശീയ ഗെയിംസ് ബാഡ്‌മിന്റണ്‍ കേരളത്തിന് ഇരട്ട സ്വര്‍ണമാണ് സമ്മാനിച്ചത്. വനിതാ സിംഗിള്‍സില്‍ പി.സി. തുളസിയും മിക്‌സഡ് ഡബിള്‍സില്‍ അരുണ്‍ വിഷ്‌ണു-അപര്‍ണ ബാലന്‍ സഖ്യവുമാണ് സ്വര്‍ണം നേടിയത്.
കനോയിങ്ങില്‍ കേരളത്തിന്റെ നിത്യ കുര്യാക്കോസിനാണ് സ്വര്‍ണം. വനിതകളുടെ 200 മീറ്റര്‍ സിംഗിള്‍ കനോയിങ്ങിലാണ് നിത്യയുടെ സുവര്‍ണ നേട്ടം. മീറ്റില്‍ നിത്യയുടെ മൂന്നാം സ്വര്‍ണമാണിത്. 56.00 സെക്കന്‍ഡിലാണ് നിത്യ ഒന്നാമതായി ഫിനിഷ് ചെയ്‌തത്. കനോയിങ്ങിലും കയാക്കിങ്ങിലുമായി കേരളം നേടുന്ന അഞ്ചാമത്തെ സ്വര്‍ണവുമാണിത്. പുരുഷന്മാരുടെ 200 മീറ്റര്‍ ഡബിള്‍ കനോയിങ്ങില്‍ കേരളം വെങ്കലം നേടി. മംഗള്‍സിങ്ങും ജോസഫ് ഫ്രാന്‍സിസുമാണ് കേരളത്തിനായി മെഡല്‍ നേടിയത്.
from kerala news edited
via IFTTT