കാക്കനാട്: സിനിമയിലെ 'ഫയര്‍മാന്‍' ഒറിജിനല്‍ ഫയര്‍മാന്‍മാരുടെ ക്ഷേമാന്വേഷണങ്ങള്‍ തിരക്കാനായി തൃക്കാക്കര ഫയര്‍ സ്റ്റേഷനില്‍ എത്തി. മെഗാ താരം മമ്മൂട്ടിയാണ് തന്റെ പുതിയ ചിത്രമായ 'ഫയര്‍മാന്റെ' പ്രചാരണാര്‍ത്ഥം ഫയര്‍ സ്റ്റേഷനിലെത്തിയത്. ഫയര്‍മാന്‍മാരുടെ സാഹസികമായ ജീവിതവും അപകടപ്പെടുത്തുന്ന ജോലിയെ പറ്റിയും മമ്മൂട്ടി ചോദിച്ചറിഞ്ഞു.
അത്യാഹിതം സംഭവിച്ചുവെന്ന കോള്‍ എത്തിയാല്‍, നിമിഷങ്ങള്‍ക്കകം തന്നെ സംഭവസ്ഥലത്തെത്താനുള്ള കുതിപ്പ് ആരംഭിക്കും. സ്റ്റേഷനിലെ സേനാംഗങ്ങള്‍ മമ്മൂട്ടിയോട് കാര്യങ്ങളെല്ലാം വിശദീകരിക്കുമ്പോള്‍ തന്നെ ടെലിഫോണില്‍ മണി മുഴങ്ങി. 'ബ്രഹ്മപുരം മാലിന്യ പ്ലാന്റില്‍ തീപ്പിടിത്തം, ഉടന്‍ എത്തുക' ഇതായിരുന്നു സന്ദേശം. മമ്മൂട്ടിയോട് സംസാരം മുഴുമിപ്പിക്കാതെ സാഹസികമായ മറ്റൊരു പ്രവര്‍ത്തനത്തിലേയ്ക്കുള്ള തയ്യാറെടുപ്പിലേയ്ക്ക് ഒറിജിനല്‍ ഫയര്‍മാന്‍മാര്‍ കടന്നു.
ഇതിനിടയില്‍ സിനിമയില്‍ അപകടകരമായ രംഗങ്ങളില്‍ അഭിനയിച്ചിട്ടുണ്ടോയെന്ന് കൂടിനിന്ന ആരോ ചോദിച്ചു. 'കാത്തിരുന്നു കാണൂ...' നിമിഷങ്ങള്‍ക്കകം എത്തി മമ്മൂട്ടിയുടെ മറുപടി. ഫയര്‍ഫോഴ്‌സ് ജീവനക്കാര്‍ക്ക് മതിയായ അംഗീകാരം നാട്ടില്‍ ലഭിക്കുന്നില്ലെന്ന് മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി അദ്ദേഹം പറഞ്ഞു. വേണ്ട സമയത്ത് രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ ജീവനക്കാരുമില്ല. അപകടങ്ങള്‍ ഉണ്ടാകുമ്പോള്‍ മാത്രം സേവനം വേണ്ടിവരുന്നതിനാല്‍ ഇവരെ കുറിച്ച് വേണ്ടത്ര ശ്രദ്ധ ചെലുത്തുന്നില്ല. വിദേശ രാജ്യങ്ങളില്‍ അഗ്നിശമന സേനാംഗങ്ങളെ കൂടുതല്‍ ബഹുമാനിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നുണ്ട്.
മമ്മൂട്ടി നായകനായി അഭിനയിച്ച ചിത്രം 'ഫയര്‍മാന്‍' റിലീസിന് തയ്യാറായിട്ടുണ്ട്. ദീപു കരുണാകരനാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ച് സംവിധാനം ചെയ്തിരിക്കുന്നത്.
കരുനാഗപ്പള്ളിയിലെ ഗ്യാസ് ടാങ്കര്‍ ദുരന്തത്തില്‍ ഗുരുതരമായി പൊള്ളലേറ്റ അഗ്നിശമന സേനാംഗമായ ഹരിപ്പാട് സ്വദേശി വി. വിനോദ് കുമാറിന് മമ്മൂട്ടി ചികിത്സാ ചെലവ് വാഗ്ദാനം ചെയ്തു. മമ്മൂട്ടിയുടെ ഉടമസ്ഥതയിലുള്ള പതഞ്ജലി ചികിത്സാ കേന്ദ്രത്തിലാണ് വിനോദിനുള്ള തുടര്‍ചികിത്സ ലഭ്യമാക്കുക. ഡിവിഷണല്‍ ഫയര്‍ ഓഫീസര്‍ ആര്‍. പ്രസാദ്, അസി. ഡിവിഷണല്‍ ഫയര്‍ ഓഫീസര്‍ സിദ്ധകുമാര്‍, സ്റ്റേഷന്‍ ഓഫീസര്‍മാരായ എ. ഉണ്ണിക്കൃഷ്ണന്‍, എ.എസ്. ജോബി തുടങ്ങിയവര്‍ ചേര്‍ന്ന് മമ്മൂട്ടിയെ സ്വീകരിച്ചു.
from kerala news edited
via IFTTT