ഖസര്‍ അല്‍ ഹുസന്‍ ആഘോഷങ്ങള്‍ക്ക് വര്‍ണശബളമായ തുടക്കം
Posted on: 12 Feb 2015
അബുദാബി: പത്ത് ദിവസം നീണ്ടുനില്‍ക്കുന്ന പൈതൃക ആഘോഷക്കാഴ്ചയായ ഖസര്‍ അല്‍ ഹുസന്‍ ഫെസ്റ്റിവലിന് തലസ്ഥാന നഗരിയില്‍ പ്രൗഢഗംഭീര തുടക്കം.
യു.എ.ഇ വൈസ് പ്രസിഡന്റും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മഖ്തൂം, യു.എ.ഇ സായുധസേനാ ഉപസര്‍വസൈന്യാധിപനും അബുദാബി കിരീടാവകാശിയുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍, ദുബായ് കിരീടാവകാശിയായ ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മഖ്തൂം, ഉപപ്രധാന മന്ത്രിയും പ്രസിഡന്‍ഷ്യല്‍ അഫയേഴ്‌സ് മന്ത്രിയുമായ ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍, സാംസ്‌കാരിക യുവജനക്ഷേമ സാമൂഹികവികസനവകുപ്പ് മന്ത്രി ശൈഖ് നഹ്യാന്‍ ബിന്‍ മുബാറഖ് അല്‍ നഹ്യാന്‍, ആഭ്യന്തര വകുപ്പ് മന്ത്രിയും ഉപപ്രധാനമന്ത്രിയുമായ ശൈഖ് സൈഫ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ എന്നിവരടക്കം ആയിരത്തിലധികം പ്രമുഖര്‍ പങ്കെടുത്ത ഘോഷയാത്രയോടെയാണ് ആഘോഷങ്ങള്‍ക്ക് തുടക്കമായത്. അബുദാബി എയര്‍പോര്‍ട്ട് റോഡിലെ പാലസില്‍നിന്നാരംഭിച്ച ഘോഷയാത്ര അല്‍ ഹുസന്‍ കോട്ടയ്ക്ക് സമീപമുള്ള പഴയ കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ വരെ നീണ്ടു. വിവിധ എമിറേറ്റുകളില്‍നിന്നുള്ള ഭരണപ്രമുഖര്‍, രാജകുടുംബാംഗങ്ങള്‍ എന്നിവരായിരുന്നു യാത്രയില്‍ അണിനിരന്നത്. സ്ത്രീകളുമിതില്‍ ഉള്‍പ്പെടും. പരമ്പരാഗത പോലീസ് വേഷങ്ങളും ഘോഷയാത്രക്ക് മാറ്റ് കൂട്ടി.
അബുദാബിയിലെ 250 വര്‍ഷം പഴക്കമുള്ള അല്‍ ഹുസന്‍ കോട്ടയുമായി ബന്ധപ്പെട്ട ആഘോഷമാണിത്. പണ്ടുകാലങ്ങളില്‍ ശത്രുക്കളില്‍നിന്നു നാടിനെ സംരക്ഷിക്കാനുള്ള കവചമായാണ് കോട്ടകള്‍ നിര്‍മ്മിച്ചിരുന്നത്. എന്നാല്‍ പിന്നീട് അവശേഷിച്ച കോട്ടകളെല്ലാം ചരിത്രസ്മാരകങ്ങളായി മാറി. ഇന്ന് ഇത്തരം ശേഷിപ്പുകളിലൂടെയാണ് പുതുതലമുറ തങ്ങളുടെ പാരമ്പര്യവും സംസ്‌കാരവുമെല്ലാം അറിയുന്നത്. അത്തരത്തില്‍ അബുദാബിയിലെ അല്‍ ഹുസന്‍ കോട്ടയുമായി ബന്ധപ്പെട്ട ഖസര്‍ അല്‍ ഹുസന്‍ ആഘോഷം ഏറെ പ്രാധാന്യമര്‍ഹിക്കുന്നുണ്ട്. അബുദാബി നഗരത്തിന്റെ മദ്ധ്യഭാഗത്ത് എയര്‍പോര്‍ട്ട് റോഡില്‍ ഇന്നും തനിമയൊട്ടും ചോര്‍ന്നുപോകാതെതന്നെയാണ് കോട്ട പരിപാലിക്കുന്നത്. കോട്ടയ്ക്കുചുറ്റുമിന്ന് ബഹുനിലക്കെട്ടിടങ്ങള്‍കൊണ്ട് നിറഞ്ഞെങ്കിലും കോട്ടയും അനുബന്ധ പ്രദേശവും വേറിട്ട കാഴ്ചയായി നിലനില്‍ക്കുന്നു.
കൃത്രിമമായി ഉണ്ടാക്കിയ ജലാശയവും അതില്‍ വലിയ പത്തേമ്മാരിയുമെല്ലാം ഒരുക്കിയാണ് മത്സ്യബന്ധനവും മുത്തുവാരലുമടക്കമുള്ള പരമ്പരാഗത തൊഴില്‍ രീതികളെക്കുറിച്ച് ഫെസ്റ്റിവലില്‍ വിശദീകരിക്കുന്നത്. പത്തേമ്മാരിയുടെ നിര്‍മ്മാണവും അതിനുപയോഗിച്ചിരുന്ന പഴയ ഉപകരണങ്ങളും മത്സ്യബന്ധനത്തിനായി ഉപയോഗിച്ചിരുന്ന പലതരം വലകളും നെയ്ത്ത് രീതിയുമെല്ലാം ആരെയും ആകര്‍ഷിക്കും. മരുഭൂമിയും മരുപ്പച്ചയും കടലും കുന്നുമെല്ലാം നഗരമദ്ധ്യത്തിലുള്ള ഈ ചെറിയ ഇടത്തില്‍ അതിസമര്‍ഥമായാണ് ഒരുക്കിയിരിക്കുന്നത്. അശ്വ-ശ്വാനപ്രകടനങ്ങളും വേട്ടപ്പരുന്തുകളുടെയും ഒട്ടകങ്ങളുടെയും പ്രദര്‍ശനവുമെല്ലം അല്‍ ഹുസന്‍ ആഘോഷങ്ങളിലെ പ്രത്യേകതകളാണ്. ഇന്ന് കാണാന്‍ കിട്ടാത്ത അമൂല്യങ്ങളായ പല ചരിത്രവസ്തുക്കളും ആഘോഷനഗരിയില്‍ സന്ദര്‍ശകര്‍ക്കായി ഒരുക്കിയിട്ടുണ്ട്.
അറബ് പാരമ്പര്യത്തെയും സംസ്‌കാരത്തെയും അടുത്തറിയാനും പഠിക്കാനും ആഗ്രഹിക്കുന്ന ആര്‍ക്കും ഖസര്‍ അല്‍ ഹുസന്‍ ആഘോഷനഗരിയിലൂടെ കടന്നുപോയാല്‍ മതി. പരമ്പരാഗത ജീവിതശൈലി തുറന്നുകാട്ടുന്ന കുടിലുകള്‍ ഭക്ഷണപാനീയങ്ങള്‍, തൊഴിലുപകരണങ്ങള്‍, വസ്ത്രങ്ങള്‍, കരകൗശലവസ്തുക്കള്‍ എല്ലാം ആഘോഷപ്രദര്‍ശനങ്ങളുടെ ഭാഗമാവുന്നുണ്ടിവിടെ. അബുദാബി വിനോദസഞ്ചാര സാംസ്‌കാരിക വകുപ്പിന്റെ നേതൃത്വത്തില്‍ നടത്തുന്ന ആഘോഷ പരിപാടികളില്‍ ഒരു ലക്ഷത്തോളം സന്ദര്‍ശകരെയാണ് ഇക്കുറി പ്രതീക്ഷിക്കുന്നത്. അബുദാബിയിലെ വിവിധ യൂണിവേഴ്‌സിറ്റികളില്‍നിന്നായി തിരഞ്ഞെടുക്കപ്പെട്ട 250-ഓളം വിദ്യാര്‍ഥികളാണ് സന്ദര്‍ശകര്‍ക്ക് വിവരണങ്ങള്‍ നല്‍കാനായി ആഘോഷവേദികളില്‍ ഉള്ളത്.
from kerala news edited
via IFTTT