Story Dated: Friday, February 13, 2015 01:33
ഇടുക്കി: അടിമാലിയില്‍ ലോഡ്‌ജ് നടത്തിപ്പുകാരനെയും ഭാര്യയേയും ഭര്യാമാതാവിനെയും ലോഡ്‌ജ് മുറിയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. അടിമാലി ടൗണിലെ 'രാജധാനി' ലോഡ്‌ജ് നടത്തിപ്പുകാരനായ മന്നാംകാല പാറേക്കാട്ടി കുഞ്ഞുമുഹമ്മദ് (69), ഇയാളുടെ ഭാര്യ ഐഷ (63), ഐഷയുടെ മാതാവ് മണലിക്കുടി നാച്ചി (80) എന്നിവരെയാണ് ഇന്ന് പുലര്‍ച്ചെയോടെ ലോഡ്‌ജില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ലോഡ്‌ജിലെ ഒന്നാം നിലയിലെ കിടപ്പു മുറിയില്‍ നിലത്താണ് ഐഷയുടെ മൃതദേഹം കണ്ടെത്തിയത്. തലയിലെ മുറിവില്‍ നിന്നും രക്‌തം വാര്‍ന്ന നിലയിലായിരുന്നു മൃതദേഹം. തൊട്ടടുത്ത മുറിയില്‍ കട്ടിലില്‍ മലര്‍ന്നു കിടക്കുന്ന നിലയിലായിരുന്നു നാച്ചിയുടെ മൃതദേഹം. ഇന്ന് പുലര്‍ച്ചെ തമിഴ്‌നാട്ടില്‍ നിന്നും സ്‌ഥലത്തെത്തിയ എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥിയായ ഇവരുടെ മകനാണ് മൃതദേഹങ്ങള്‍ ആദ്യം കണ്ടത്. തുടര്‍ന്ന് പോലീസില്‍ വിവരം അറിയിച്ചു. സ്‌ഥലത്തെത്തിയ പോലീസ് കുഞ്ഞുമുഹമ്മദിന്റെ മൊബൈല്‍ ഫോണിലേയ്‌ക്ക് വിളിച്ചുവെങ്കിലും ഫോണ്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്‌ത നിലയിലായിരുന്നു എന്നത് സംഭവത്തില്‍ ദുരൂഹത ഉളവാക്കിയിരുന്നു. എന്നാല്‍, തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഇതേ ലോഡ്‌ജില്‍ മൂന്നാം നിലയിലെ 302 ആം നമ്പര്‍ മുറിയില്‍ നിന്നും കുഞ്ഞുമുഹമ്മദിന്റെ മൃതദേഹവും കണ്ടെത്തി. കൈകാലുകള്‍ ബഡ്‌ഷീറ്റ് ഉപയോഗിച്ച് ബന്ധിച്ച് നിലത്തു കിടന്ന മൃതദേഹത്തിലെ വായ് മൂടിക്കെട്ടിയ നിലയിലായിരുന്നു. ഐഷയും നാച്ചിയും അണിഞ്ഞിരുന്ന ഇരുപത്തിയഞ്ച് പവനോളം വരുന്ന ആഭരണങ്ങള്‍ മോഷണം പോയിട്ടുണ്ട്. അതുകൊണ്ടുതന്നെ മോഷണ ശ്രമത്തിനിടെയാണ് ദാരുണമായ കൊല നടന്നിരിക്കുന്നതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
ഇടുക്കി എസ്.പി അലക്‌സ് എം. വര്‍ക്കി, മൂന്നാര്‍ ഡിവൈ.എസ്‌പി കെ.ബി പ്രബലചന്ദ്രന്‍, സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈ.എസ്‌പി വി.എന്‍ സജി, വിരലടയാള വിദഗ്‌ധന്‍ ബൈജു സേവ്യര്‍ എന്നിവരുടെ നേതൃത്വത്തില്‍ സംഭവ സ്‌ഥലത്ത് പരിശോധന നടത്തി. ജെനി എന്ന പോലീസ് നായയേയും സ്‌ഥലത്ത് എത്തിച്ചിരുന്നു. അടിമാലി സി.ഐ സജി മര്‍ക്കോസ്, എസ്.ഐ ടി.കെ സോള്‍ജിമോന്‍ എന്നിവരുടെ നേതൃത്വത്തില്‍ ഇന്‍ക്വിസ്‌റ്റ് തയ്യാറാക്കി മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേയ്‌ക്ക് മാറ്റി.
സംഭവത്തെ തുടര്‍ന്ന് അടിമാലിയിലെ വ്യാപാരികള്‍ ഹര്‍ത്താല്‍ ആചരിക്കുന്നു.
from kerala news edited
via IFTTT







