Story Dated: Friday, February 13, 2015 02:17
പുനലൂര്‍: അഹങ്കാരിയായ പ്രധാനമന്ത്രി നരേന്ദ്രമോഡിക്ക് കരണത്തുകിട്ടിയ അടിയാണ് ഡല്‍ഹി തെരഞ്ഞെടുപ്പ് ഫലമെന്ന് സി.പി.ഐ കേന്ദ്ര ഏക്‌സിക്യൂട്ടിവ് അംഗം കെ.ഇ. ഇസ്‌മയില്‍. പുനലൂരില്‍ നടന്നുവരുന്ന കൊല്ലം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായുള്ള പൊതുസമ്മേളനം ഉദ്‌ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു അദ്ദേഹം. തങ്ങള്‍ക്കു സാധിക്കാത്തത് മറ്റാരെങ്കിലും ചെയ്‌താല്‍ അതിനെ നല്ലതെന്ന് പറയുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
മതനിരപേക്ഷത നിലനില്‍ക്കുന്ന രാജ്യമിന്നു ഭരിക്കുന്നത് മതാതിഷ്‌ടിത രാഷ്ര്‌ടീയ പാര്‍ട്ടിയാണെന്നും നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനു പ്രേരണ, പ്രലോഭനം, ഭീഷണി, സാമ്പത്തിക സഹായം എന്നീ മാര്‍ഗങ്ങളാണ് സ്വീകരിക്കുന്നതെന്നും യു.പി.എ സര്‍ക്കാരിന്റെ അതേ നയങ്ങളാണ് മോഡി സര്‍ക്കാരും പിന്തുടരുന്നതെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
ഡല്‍ഹി തിരഞ്ഞെടുപ്പിന്റെ അടുത്ത പതിപ്പ് നടപ്പിലാകുന്നത് കേരളത്തിലാകും. ഉമ്മന്‍ചാണ്ടി മന്ത്രിസഭ ഉദ്‌ഘാടനങ്ങള്‍ മാത്രം നടത്തിവരികയാണ്. ഇതു പ്രശ്‌ന പരിഹാരത്തിന് കാരണമാകുകയില്ല. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ അഴിമതികള്‍ കാരണം കേരള ജനത ഉത്‌കണ്‌ഠയിലാണ്. കാര്‍ഷിക സമ്പദ്‌ഘടന ഉള്‍പ്പെടെ താറുമാറായി. റബറിന്റെ ഇറക്കുമതി നിര്‍ത്തലാക്കി. കര്‍ഷകര്‍ ഉല്‍പാദിപ്പിക്കുന്ന റബറിന് താങ്ങുവില നല്‍കി ഏറ്റെടുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണമെന്നും കൂട്ടിചേര്‍ത്ത അദ്ദേഹം ആം ആദ്‌മി പാര്‍ട്ടിയുടെ വിജയത്തെയും പ്രശംസിച്ചു. ജില്ല സെക്രട്ടറി ആര്‍. രാമചന്ദ്രന്‍ അധ്യക്ഷത വഹിച്ചു.
കെ. പ്രകാശ്‌ബാബു, എം.എല്‍.എമാരായ സി. ദിവാകരന്‍, കെ. രാജു, ചിറ്റയം ഗോപകുമാര്‍, മുന്‍ എം.എല്‍.എ പി.എസ്. സുപാല്‍, കെ. രാധാകൃഷ്‌ണന്‍, വി.പി. ഉണ്ണികൃഷ്‌ണന്‍, എ. ചിഞ്ചുറാണി, ആര്‍. ലതാദേവി, എച്ച്. രാജീവന്‍, എം. സലിം എന്നിവര്‍ പ്രസംഗിച്ചു. പൊതുസമ്മേളനത്തിനു മുന്നോടിയായി ആയിരങ്ങള്‍ പങ്കെടുത്ത റെഡ് വോളണ്ടിയര്‍ മാര്‍ച്ച് പട്ടണത്തെ ചെങ്കടലാക്കി മാറ്റി. കൂടാതെ ചെങ്കൊടികളെന്തിയ ബഹുജന മാര്‍ച്ചും നടന്നു.
from kerala news edited
via IFTTT