Story Dated: Friday, February 13, 2015 07:37
തിരുവല്ല: തിരുവല്ലയിലെ സ്വകാര്യ സ്‌കൂളില്‍ നിന്നും ബുധനാഴ്‌ച കാണാതായ മുന്ന് പ്ലസ് വണ്‍ വിദ്യാര്‍ത്ഥികളില്‍ ഒരാളുടെ സ്‌കൂള്‍ ബാഗ് തകഴി ലെവല്‍ ക്രോസിന് സമീപം കണ്ടെത്തി. മൂന്നു കുട്ടികളില്‍ ഒരാളായ ദൃശ്യ ഷാജിയുടെ ബാഗാണ് റെയില്‍വേ ട്രാക്കിന് സമീപത്തെ പാടത്തു നിന്നും കണ്ടെടുത്തത്. ബുക്കുകളും പുസ്‌തകങ്ങളും ഉള്‍പ്പെട്ട ബാഗ് തിരുവല്ല പോലീസ് സ്‌ഥലത്തെത്തി സ്‌റ്റേഷനിലേയ്‌ക്ക് കൊണ്ടുപോയി. പോലീസ് അറിയിച്ചതിനെ തുടര്‍ന്ന് ബന്ധുക്കളെത്തി ബാഗ് തിരിച്ചറിഞ്ഞു. ബാഗ് ട്രെയിനില്‍ നിന്നും വലിച്ചെറിഞ്ഞതാകാമെന്നാണ് പോലീസ് നിഗമനം.
നഗരത്തിലുള്ള എസ്.സി.എസ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ വിദ്യാര്‍ത്ഥികളായ ദൃശ്യ, പ്രവീണ, അഞ്‌ജിമ എന്നീ വിദ്യാര്‍ത്ഥികളെയാണ് ബുധനാഴ്‌ച മുതല്‍ കാണാതായത്. കവിയൂര്‍, ആഞ്ഞിലിത്താനം, മാന്താനം സ്വദേശികളായ കുട്ടികള്‍ ബുധനാഴ്‌ച സ്‌കൂളില്‍ എത്തിയിരുന്നു. എന്നാല്‍ മൂവരും ക്ലാസില്‍ ഹാജരായിരുന്നില്ല. വൈകുന്നേരത്തോടെയാണ് ഇവരെ കാണാതായത്. പിതാവ് ജോലി ചെയ്യുന്ന നഗരത്തിലെ സ്‌ഥാപനത്തില്‍ വൈകുന്നേരത്തോടെ എത്തിയ കുട്ടികളില്‍ ഒരാള്‍ താന്‍ വീട്ടിലേക്ക് പോകുകയാണെന്ന് അറിയിച്ചിരുന്നു. പക്ഷേ സ്‌കൂള്‍ സമയം കഴിഞ്ഞിട്ടും കുട്ടികള്‍ വീട്ടിലെത്താതിരുന്നതിനെ തുടര്‍ന്ന് രക്ഷിതാക്കള്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
ഇതിനിടെ, കാണാതായ പെണ്‍കുട്ടികളില്‍ ഒരാള്‍ ബന്ധുവിന്റെ മൊബൈല്‍ ഫോണിലേയ്‌ക്ക് ഇടയ്‌ക്ക് ബന്ധപ്പെട്ടിരുന്നു. നമ്പര്‍ കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്വേഷണത്തില്‍ എറണാകുളത്തുള്ള കോയിന്‍ ബോക്‌സില്‍ നിന്നാണ് പെണ്‍കുട്ടി വിളിച്ചിരിക്കുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്. കുട്ടികള്‍ക്കായുള്ള അന്വേഷണം വ്യാപിപ്പിച്ചതായി തിരുവല്ല സി.ഐ. വി. രാജീവ് അറിയിച്ചു.
from kerala news edited
via IFTTT