രാജപ്പന്‍പിള്ളവധം: അന്വേഷണം തുടരുന്നു
Posted on: 12 Feb 2015
ബെംഗളൂരു: ഡി.ആര്‍.ഡി.ഒ. മുന്‍ ഉദ്യോഗസ്ഥന്‍ രാജപ്പന്‍പിള്ളയെ കൊലപ്പെടുത്തി വീടു കവര്‍ച്ചചെയ്ത സംഭവത്തെപ്പറ്റി അന്വേഷണം തുടരുകയാണെന്നു മഹാദേവപുര പോലീസ് പറഞ്ഞു. കൊലപാതകം നടന്ന തിങ്കളാഴ്ചരാത്രിതന്നെ അറസ്റ്റിലായ നേപ്പാള്‍ സ്വദേശി സുരേന്ദ കാദകിനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തിട്ടുണ്ട്. കൂടുതല്‍ അറസ്റ്റ് ഉണ്ടായിട്ടില്ല.
കൊല്ലം ജില്ലയിലെ പത്തനാപുരം പള്ളിമുക്ക് ചുരുളിയോണത്ത് പി.ആര്‍.പിള്ള എന്ന രാജപ്പന്‍ പിള്ളയെ കവര്‍ച്ചക്കാര്‍ തലയ്ക്കടിച്ചുകൊല്ലുകയായിരുന്നു. കൃഷ്ണരാജപുരം പൈ ലേ ഔട്ടിലെ ഷോപ്പേഴ്‌സ് സിറ്റി സൂപ്പര്‍ മാര്‍ക്കറ്റ് കെട്ടിടത്തിന്റെ ഉടമകൂടിയാണ് രാജപ്പന്‍പിള്ള. അതേ കെട്ടിടത്തിലാണ് അദ്ദേഹത്തിന്റെ വീടും. നേപ്പാള്‍ സ്വദേശിയായ സെക്യൂരിറ്റി ജീവനക്കാരന്‍ അരുണടക്കം നാലുപേരാണ് പ്രതികളെന്നു പോലീസ് പറഞ്ഞു.
അരുണ്‍ കൂട്ടുപ്രതികളെ വിളിച്ചുവരുത്തി കൃത്യം ആസൂത്രണം ചെയ്തതാണെന്നു പോലീസ് കരുതുന്നു.
തിങ്കളാഴ്ച രാത്രി ഒരുമണിയോടെ അരുണ്‍ മുട്ടിവിളിച്ച് വാതില്‍ തുറപ്പിച്ചു. ഇരുമ്പുദണ്ഡുകൊണ്ട് രാജപ്പന്‍പിള്ളയെ തലയ്ക്കടിച്ച് വീഴ്ത്തുകയും പണവും സ്വര്‍ണാഭരണവും കവരുകയുമായിരുന്നു. പിള്ളയുടെ ഭാര്യ ഉഷയുടെ നിലവിളി കേട്ട് അയല്ക്കാരും പോലീസ് പട്രോള്‍സംഘവും ഉടന്‍ സ്ഥലത്തെത്തി. സംശയകരമായ സാഹചര്യത്തില്‍ കാണപ്പെട്ട സുരേന്ദറെ പോലീസ് പിടികൂടുകയായിരുന്നു. മൂന്നുലക്ഷം രൂപ പോലീസ് കണ്ടെടുത്തു.
രണ്ടാഴ്ച മുമ്പാണ് അരുണിനെ സൂപ്പര്‍ മാര്‍ക്കറ്റ് കെട്ടിടത്തിന്റെ സെക്യൂരിറ്റി ജീവനക്കാരനായി പിള്ള നിയോഗിച്ചത്. ആഭ്യന്തര സുരക്ഷാവിഭാഗത്തില്‍ (ഐ.എസ്.ഡി.) രജിസ്റ്റര്‍ ചെയ്ത ഏതെങ്കിലും സെക്യൂരിറ്റി ഏജന്‍സിയുടെ സഹായമില്ലാതെയായിരുന്നു നിയമനമെന്നാണു പോലീസിനു കിട്ടിയ വിവരം. അരുണിന്റെ പശ്ചാത്തലം വേണ്ടുംവിധം അന്വേഷിച്ചിരുന്നില്ലെന്നും അയാളെ സംബന്ധിച്ച രേഖകള്‍ പരിശോധിച്ചുറപ്പാക്കിയിരുന്നില്ലെന്നും പോലീസ് കരുതുന്നു.
 
from kerala news edited
via IFTTT







