Story Dated: Friday, February 13, 2015 03:06
കല്‍പ്പറ്റ: ആദിവാസി വിഭാഗങ്ങളെ മുഖ്യധാരയില്‍ എത്തിക്കുന്നതിനും അവരില്‍ അദ്ധ്വാനശീലം വളര്‍ത്തുന്നതിനും ലഹരി ഉപയോഗം കുറയ്‌ക്കുന്നതിനുമായി മീനങ്ങാടി പഞ്ചായത്ത് ആവിഷ്‌കരിച്ച 'സന്തോഷമുള്ള കുടുംബം; സന്തോഷമുള്ള ജീവിതം പദ്ധതി' സംസ്‌ഥാനത്തിനുതന്നെ മാതൃകയാകുന്നു. സ്വന്തം സ്‌ഥലത്ത് കൃഷിയിറക്കാനും അതുവഴി വരുമാനം കണ്ടെത്താനും ആദിവാസികളെ പഠിപ്പിക്കുകയാണ് പഞ്ചായത്ത്. ഒപ്പം ജൈവകൃഷിയിലൂടെ ആരോഗ്യസംരക്ഷണവും ലക്ഷ്യം വെക്കുന്നു. അദ്ധ്വാനത്തിലൂടെ ജീവിതമാര്‍ഗ്ഗം കണ്ടെത്തുകയും സമ്പാദ്യശീലം വളര്‍ത്തുകയും പദ്ധതിയുടെ ലക്ഷ്യമാണ്. സമൂഹത്തില്‍ സമുഹത്തിന്റെ ഭാഗമായി ജീവിക്കാനും ഇവരെ സജ്‌ജരാക്കകയും ചെയ്ുയകയാണ് ഇതുവഴി പഞ്ചായത്ത്. 106 ആദിവാസി കോളനികളുള്ള മീനങ്ങാടി പഞ്ചായത്തില്‍ തെരഞ്ഞെടുക്കപ്പെട്ട നാലു കോളനികളിലാണ് സന്തോഷമുള്ള കുടുംബം സന്തോഷമുള്ള ജീവിതം പദ്ധതി ആദ്യഘട്ടത്തില്‍ നടപ്പിലാക്കി വരുന്നത്. പഞ്ചായത്തിലെ രണ്ടാം വാര്‍ഡില്‍പെട്ട അത്തിക്കടവ്, പഞ്ചമി, യൂക്കാലി, മടൂര്‍ കോളനികളാണിത്. ആദിവാസിവിഭാഗത്തിലെ ഏറ്റവും താഴക്കിടയില്‍പെട്ട പണിയ, കാട്ടുനായ്‌ക്ക, ഊരാളി വിഭാഗങ്ങളാണ് ഈ കോളനികളില്‍ വസിക്കുന്നത്. വനാവകാശ നിയമപ്രകാരം പതിച്ചുനല്‍കിയ ഭൂമിയിലാണ് പഞ്ചായത്തിന്റെ സഹായത്തോടെ ഇവര്‍ കൃഷി ചെയ്‌തുപോരുന്നത്. ഓരോ കുടുംബത്തിനും 35 മുതല്‍ ഒരേക്കര്‍ വരെ കൃഷിയിടം ഉണ്ട്. കൃഷിക്ക് ആവശ്യമായ തൈകള്‍ പഞ്ചായത്ത് നല്‍കും.
കൃഷിയിറക്കലും പരിപാലനവും അടക്കമുള്ള ജോലികള്‍ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി പഞ്ചായത്ത് തന്നെ ചെയ്‌തുകൊടുക്കും. കോളനിവാസികള്‍ തന്നെയാണ് തൊഴിലുറപ്പ് പദ്ധതിയിലെ ജീവനക്കാര്‍ എന്നതും ഈ പദ്ധതിയുടെ മറ്റൊരു പ്രത്യേകതയാണ്. കൃഷിയിറക്കുന്നതിനൊപ്പം ജീവിക്കാനുള്ള വരുമാനവും കോളനിവാസികള്‍ക്ക് ഇതുവഴി ലഭിക്കുന്നുണ്ട്. കാപ്പി, കുരുമുളക്, തെങ്ങ്, നാണ്യവിളകളും മാവ്, പ്ലാവ്, സപ്പോട്ട, പപ്പായ, വാഴ തുടങ്ങിയ ഫലവൃക്ഷങ്ങളും പച്ചക്കറികളും ഇവര്‍ കൃഷിചെയ്‌തു പോരുന്നുണ്ട്. മൂന്നു വര്‍ഷമായി പഞ്ചായത്തിന്റെ നേതൃത്വത്തില്‍ പദ്ധതി ആവിഷ്‌കരിച്ച് നടപ്പിലാക്കിപോരുന്നു. പതിച്ചുനല്‍കുമ്പോള്‍ വെറും തേക്കുംകാടായിരുന്ന തോട്ടങ്ങള്‍ ഇപ്പോള്‍ പലതരത്തിലുള്ള കൃഷികള്‍കൊണ്ട് ഹരിതമയമായിക്കഴിഞ്ഞു. കാപ്പി, തെങ്ങ്, മാവ്, കറുമൂസ, സപ്പോട്ട തുടങ്ങിയവയുടെ തൈകളും കാബേജ്, കോളീഫ്‌ളവര്‍, തക്കാളി തുടങ്ങിയ പഞ്ചക്കറി തൈകളും പഞ്ചായത്ത് ഇവര്‍ക്ക് സൗജന്യമായി നല്‍കി. ജൈവവളങ്ങളും പഞ്ചായത്ത് സൗജന്യമായി നല്‍കി. ഓരോ കുടുംബത്തിനും കാബേജ്, കോളീഫ്‌ളവര്‍, തക്കാളി തുടങ്ങിയ ഇനങ്ങളുടെ 10 വീതം തൈകള്‍ പഞ്ചായത്ത് നല്‍കിയിട്ടുണ്ട്. ഇവയൊക്കെ ഇവര്‍ വളരെ ആവേശത്തോടെയും ശ്രദ്ധയോടെയുമാണ് പരിപാലിച്ചുപോരുന്നത്. അത്തിക്കടവ് കോളനിയില്‍ മാത്രം 52 ഏക്കാര്‍ സ്‌ഥലത്തായി 84 കുടുംബങ്ങള്‍ ഈ രീതിയില്‍ കൃഷിചെയ്‌തു ജീവിച്ചുപോരുന്നു. യൂക്കാലി കോളനിയില്‍ തൈനേഴ്‌സറിയും ഇവര്‍ക്കായി പഞ്ചായത്ത് തൊഴിലുറപ്പ് പദ്ധതിയിലുള്‍പ്പെടുത്തി ആരംഭിച്ചിട്ടുണ്ട്. അദ്ധ്വനശീലം വളര്‍ത്തിയെടുക്കന്നതിനൊപ്പംതന്നെ പലപല ബോധവത്‌കരണ പദ്ധതികളും പഞ്ചായത്ത് ഇവര്‍ക്കായി ആവിഷ്‌കരിച്ച് നടപ്പിലാക്കിവരുന്നു. ലഹരിവിരുദ്ധ ക്ലാസ്സുകളും ബോധവത്‌കരണവും പലപ്പോഴായി കോളനികളില്‍ നടപ്പിലാക്കിയതോടെ ഇവര്‍ക്കിടയിലെ ലഹരി ഉപയോഗം ഒരു പരിധിവരെ കുറക്കാന്‍ കഴിഞ്ഞതായി മീനങ്ങാടി പഞ്ചായത്ത് പ്രസിഡന്റ് സി. അസൈനാര്‍ പറഞ്ഞു.
ആദിവാസികള്‍ക്കിടയില്‍ കുട്ടികള്‍ പോലും മദ്യം, കഞ്ചാവ്, മുറുക്ക് തുടങ്ങി ലഹരിവസ്‌തുക്കള്‍ക്ക് അടിമകളായിരുന്നു. പല കുട്ടികളും സ്‌കൂളില്‍ പോലും പോകുമായിരുന്നില്ല. ഈ സ്‌ഥിതി ഇന്ന് മാറി. കുട്ടികള്‍ക്കിടയിലെ ലഹരി ഉപയോഗം ഇല്ലാതാക്കാനും കോളനികളിലെ മുഴുവന്‍ കുട്ടികളെയും സ്‌കൂളില്‍ എത്തിക്കാനും കഴിഞ്ഞതായി അസൈനാര്‍ അറിയിച്ചു. തങ്ങളുടെ കുട്ടികളെ സ്‌കൂളില്‍ വിടാനും അവര്‍ക്ക് വിദ്യാഭ്യാസം ലഭ്യമാക്കാനും മുതിര്‍ന്നവര്‍ പൂര്‍ണ്ണ സജ്‌ജരായികഴിഞ്ഞു. പലരും ഇവരുടെ സ്‌ഥലങ്ങള്‍ പാട്ടത്തിനെടുത്ത് കൃഷിയിറക്കാനുള്ള തയ്യാറെടുപ്പുകള്‍ നടത്തിവന്ന സാഹചര്യത്തിലാണ് പഞ്ചായത്ത് ഇത്തരമൊരു പദ്ധതി ആവിഷ്‌കരിച്ച് നടപ്പിലാക്കിയത്. ഇതുവഴി ആദിവാസി പിന്നോക്ക വിഭാഗങ്ങളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൂട്ടിക്കൊണ്ടുവരാന്‍ പഞ്ചായത്തിനു കഴിഞ്ഞു. ഈ പദ്ധതി പഞ്ചായത്തിന്റെ കൂടുതല്‍ കോളനികളിലേക്ക് എത്തിക്കാനുള്ള ശ്രമത്തിലാണ് പഞ്ചായത്ത്.
കെ.എം മഹേഷ്
from kerala news edited
via IFTTT