കാസര്‍കോട്: കേരളത്തിന്റെ രാജ്യാന്തര ചലച്ചിത്രമേള (ഐ.എഫ്.എഫ്.കെ.)യുടെ സിഗ്നേച്ചര്‍ ഫിലിം മൂന്നുവര്‍ഷമായി പാനൂര്‍ പാറാട് സ്വദേശികളായ സഹോദരര്‍ക്കു സ്വന്തം. ആദ്യതവണ ചേട്ടന്‍ സൂരജ് നേടിയപ്പോള്‍ കഴിഞ്ഞ തവണ അനിയന്‍ വിനീതും സംഘവും സിഗ്നേച്ചര്‍ ഫിലിം തയ്യാറാക്കി. ഇത്തവണത്തെ ഊഴം ചേട്ടന്റേത്.
മലയാളത്തിലെ സൂപ്പര്‍സ്റ്റാറടക്കമുള്ളവരുടെ പത്തിലധികം സിനിമകളില്‍ ടൈറ്റില്‍ ഗ്രാഫിക്‌സ് ചെയ്ത് പ്രേക്ഷകമനസ്സില്‍ ഇടംനേടിയ ഗ്രാഫിക് ഡിസൈനറായ ടി.പി.സൂരജ് (32) ആണ് ഇത്തവണത്തെ സിഗ്നേച്ചര്‍ ഫിലിമിന്റെ സംവിധായകന്‍. കഴിഞ്ഞ വര്‍ഷം സൂരജിന്റെ അനുജന്‍ ടി.പി.വിനീതിന്(26) ആയിരുന്നു അവസരം ലഭിച്ചത്.
കേരളത്തിന്റെ 19-ാമത് രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് 12-ന് തിരുവനന്തപുരത്ത് തിരിതെളിയുമ്പോള്‍ ഇവര്‍ക്ക് ഏറെ അഭിമാനം. ചെമ്പോത്തിന്റെ(ചകോരം) പശ്ചാത്തലത്തില്‍ കേരളീയത തുളുമ്പുന്ന വ്യത്യസ്തമായ ആശയക്കാഴ്ചയാണ് ഇത്തവണ സൂരജും സംഘവും ഒരുക്കിയത്. ആശയവും സംവിധാനവും സൂരജാണ്. 2ഡി ആനിമേഷന്‍ സനീഷ് കരിപ്പാല്‍ നിര്‍വഹിക്കുന്നു. സുദീപ് പാലനാടാണ് സംഗീതം. അനുജന്‍ വിനീതാണ് സ്റ്റോറി ബോര്‍ഡ്. അതുല്‍, അനീഷ്, രാധേഷ് എന്നിവരാണ് ടീമിലെ മറ്റ് അംഗങ്ങള്‍. 35 സെക്കന്‍ഡിലുള്ള ഈ സിഗ്നേച്ചര്‍ ഫിലിം ചലച്ചിത്ര അക്കാദമി ഭാരവാഹികളാണ് തിരഞ്ഞെടുത്തത്
ടി.പി.സുരേന്ദ്രന്റെയും എന്‍.രത്‌നമണിയുടെയും മക്കളാണ് സൂരജും വിനീതും. കോളേജ് പഠനത്തിനുശേഷം മാഹി കലാഗ്രാമത്തില്‍നിന്ന് സൂരജ് ബാച്ചിലര്‍ ഓഫ് ഫൈനാര്‍ട്‌സ് ബിരുദവും തുടര്‍ന്ന് കൊല്ലം അമൃതാ ഇന്‍സ്റ്റിറ്റിയൂട്ടില്‍നിന്ന് രണ്ടു വര്‍ഷത്തെ അഡ്വാന്‍സ്ഡ് ഡിപ്ലോമ ഇന്‍ മള്‍ട്ടിമീഡിയയും നേടി. മാസ്റ്റര്‍ ഓഫ് ഫൈന്‍ ആര്‍ട്ട്‌സില്‍ ബിരുദം നേടിയ സുധയാണ് ഭാര്യ. ജഗത്സൂര്യ മകന്‍. അമൃതാ ഇന്‍സ്റ്റിറ്റിയൂട്ടില്‍നിന്ന് രണ്ടുവര്‍ഷത്തെ അഡ്വാന്‍സ്ഡ് ഡിപ്ലോമ ഇന്‍ മള്‍ട്ടിമീഡിയ കരസ്ഥമാക്കിയ പ്രതിഭയാണ് വിനീത്.
from kerala news edited
via IFTTT