121

Powered By Blogger

Saturday 6 December 2014

ചെന്നൈയില്‍ കെ.ടി.ഡി.സി. ഹോട്ടലില്‍നിന്ന് ആഡംബര കാര്‍ കടത്തിക്കൊണ്ടുപോയി








ചെന്നൈയില്‍ കെ.ടി.ഡി.സി. ഹോട്ടലില്‍നിന്ന് ആഡംബര കാര്‍ കടത്തിക്കൊണ്ടുപോയി


Posted on: 07 Dec 2014



ചെന്നൈ: ചെന്നൈയില്‍ കെ.ടി.ഡി.സി. ഹോട്ടലായ റെയ്ന്‍ ഡ്രോപ്‌സില്‍നിന്ന് ആഡംബര കാര്‍ ഒരു സംഘം കടത്തിക്കൊണ്ടുപോയി. ഡി.എല്‍.-12 സി 0603 എന്ന ഡല്‍ഹി രജിസ്‌ട്രേഷന്‍ നമ്പറുള്ള വോള്‍വൊ കാറാണ് സുരക്ഷാ ജീവനക്കാരനെ ഭീഷണിപ്പെടുത്തി മൂന്നംഗസംഘം കടത്തിയത്. ആഡംബര കാര്‍ കള്ളക്കടത്തുകേസില്‍ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ മലയാളി അലക്‌സ് സി. ജോസഫാണ് കാര്‍ കടത്തിക്കൊണ്ടു പോയ സംഘത്തിന്റെ തലവനെന്നാണ് സംശയിക്കുന്നത്.

ഡിസംബര്‍ ആറിന് ശനിയാഴ്ച രാവിലെയാണ് സംഭവം നടന്നത്. ഇക്കഴിഞ്ഞ നവംബര്‍ പത്തിന് പുണെയില്‍നിന്നുള്ള അതുല്‍ എന്നയാള്‍ റെയ്ന്‍ ഡ്രോപ്‌സില്‍ മുറിയെടുത്തിരുന്നു. മേല്പറഞ്ഞ വൊള്‍വൊ കാറിലാണ് അതുല്‍ എത്തിയത്. രണ്ടുദിവസം കഴിഞ്ഞ് അതുല്‍ മുറിവിട്ടെങ്കിലും കാര്‍ എടുത്തില്ല.


ശനിയാഴ്ച രാവിലെ ഒരാള്‍വന്ന് കാര്‍ ഡ്രൈവറാണെന്നും ഉടമ അയച്ചതാണെന്നും പറഞ്ഞു. സംശയം തോന്നിയ ഹോട്ടല്‍ അധികൃതര്‍ പോലീസിന്റെ അനുമതിയോടെ മാത്രമേ കാര്‍ കൊണ്ടു പോകാനാവുകയുള്ളൂവെന്ന് പറഞ്ഞതോടെ ഡ്രൈവര്‍ സ്ഥലംവിട്ടു.


ഇതിനിടയില്‍ ഹോട്ടല്‍ അധികൃതര്‍ വീണ്ടും വിളിച്ചപ്പോള്‍ അതുല്‍ ഫോണെടുത്തു. ഒരു സുഹൃത്ത് വരുമെന്നും കാര്‍ അയാള്‍ക്ക് കൊടുക്കണമെന്നും അതുല്‍ പറഞ്ഞു. കുറച്ചുകഴിഞ്ഞപ്പോള്‍ അതുലിന്റെ സുഹൃത്തെന്നവകാശപ്പെട്ട് ഒരാള്‍ ഹോട്ടലിലെത്തി. ഇയാള്‍ അലക്‌സ് സി. ജോസഫാണെന്നും ഇടയ്ക്ക് റെസ്റ്റോറന്റില്‍ വന്ന് ഭക്ഷണം കഴിക്കാറുണ്ടെന്നും ഹോട്ടലിലെ ജീവനക്കാര്‍ പറഞ്ഞു.


കാര്‍ തന്നയയ്ക്കാനാവില്ലെന്ന് ഹോട്ടല്‍ മാനേജര്‍ പറഞ്ഞപ്പോള്‍ അലക്‌സ് ബഹളം വെച്ച് താഴേക്കുപോയി. തുടര്‍ന്ന് ഇയാള്‍ സുരക്ഷാ ജീവനക്കാരനെ ഭീഷണിപ്പെടുത്തി കാറുമായി പോവുകയായിരുന്നുവെന്നാണ് ഹോട്ടല്‍ അധികൃതര്‍ പറയുന്നത്. അലക്‌സിന്റെ കൂടെ രണ്ട് പോലീസുകാരുണ്ടായിരുന്നെന്ന് സുരക്ഷാ ജീവനക്കാരന്‍ പറഞ്ഞതായും ഹോട്ടല്‍ അധികൃതര്‍ ചൂണ്ടിക്കാട്ടി. പോലീസിന്റെ വേഷം ധരിച്ചെത്തിയവരാണ് അലക്‌സിന്റെ കൂടെയുണ്ടായിരുന്നതെന്ന് സംശയമുണ്ട്.


ആഡംബര കാര്‍ കള്ളക്കടത്ത് കേസില്‍ ഇക്കഴിഞ്ഞ ഫിബ്രവരിയില്‍ ഡല്‍ഹിയില്‍ നിന്ന് അറസ്റ്റുചെയ്യപ്പെട്ട അലക്‌സിന് മെയ് എട്ടിനാണ് മദ്രാസ് ഹൈക്കോടതി ജാമ്യം നല്‍കിയത്. റെയ്ന്‍ഡ്രോപ്‌സ് അധികൃതര്‍ ചെന്നൈയിലെ ഗ്രീംസ് റോഡ് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങി.





കടത്തിക്കൊണ്ടുപോയത് കള്ളക്കടത്ത് കാറെന്ന് സംശയം



ചെന്നൈ : ശനിയാഴ്ച ചെന്നൈയില്‍ കെ.ടി.ഡി.സി. ഹോട്ടലില്‍ നിന്ന് കടത്തിക്കൊണ്ടുപോയ കാര്‍ കള്ളക്കടത്തായി ഇറക്കുമതിചെയ്തതാണോയെന്ന് സംശയം. അലക്‌സ് സി. ജോസഫാണ് കടത്തിക്കൊണ്ടുപോയിട്ടുള്ളതെങ്കില്‍ ഇതിനുള്ള സാധ്യത ഏറെയാണെന്നാണ് പോലീസ് സൂചിപ്പിച്ചത്.


വിദേശത്തുനിന്ന് നാട്ടിലേക്കുമടങ്ങുന്ന സാധാരണ തൊഴിലാളികളുടെ പേരില്‍ കാര്‍ രജിസ്റ്റര്‍ ചെയ്തശേഷം ഇന്ത്യയിലെത്തിക്കുന്ന കാറുകള്‍ വന്‍വ്യവസായികള്‍ക്കും രാഷ്ട്രീയ നേതാക്കള്‍ക്കും സിനിമാ താരങ്ങള്‍ക്കും കൈമാറുകയാണ് അലക്‌സ് ചെയ്തിരുന്നത്. കോടികളുടെ നികുതിവെട്ടിപ്പാണ് ഇതിലൂടെ നടന്നത്.


പത്തനംതിട്ട തടിയൂര്‍ സ്വദേശി അലക്‌സ് 1989-ല്‍ ദുബായിലെത്തിയതോടെയാണ് കാര്‍ കള്ളക്കടത്ത് തുടങ്ങിയതെന്ന് സി.ബി.ഐ. വൃത്തങ്ങള്‍ പറഞ്ഞു. ഗള്‍ഫില്‍ നിന്ന് കേരളത്തിലേക്ക് മടങ്ങുന്ന സാധാരണ തൊഴിലാളികളുടെ പേരില്‍ കാര്‍ രജിസ്റ്റര്‍ ചെയ്തായിരുന്നു തട്ടിപ്പ്. തൊഴിലാളിക്ക് ചെറിയൊരു തുക നല്‍കിയ ശേഷമായിരുന്നു അയാളെക്കൊണ്ട് രജിസ്‌ട്രേഷന്‍ രേഖകളില്‍ ഒപ്പിടുവിച്ചിരുന്നത്. തന്റെപേരിലുള്ള കാര്‍ ഈ തൊഴിലാളികള്‍ കാണുകപോലുമില്ല.


2000-ല്‍ ഡി.ആര്‍.ഐ. അലക്‌സിനെതിരെ വാറന്‍ഡ് പുറപ്പെടുവിച്ചെങ്കിലും 11 കൊല്ലത്തിനുശേഷം 2011-ലാണ് ഹൈഹദരാബാദ് വിമാനത്താവളത്തില്‍ അലക്‌സ് അറസ്റ്റ് ചെയ്യപ്പെട്ടത്. ഈ കേസില്‍ കേരള ഹൈക്കോടതി 2012-ല്‍ ഇയാള്‍ക്ക് ജാമ്യം നല്‍കി. അതിനുശേഷമാണ് ഇക്കഴിഞ്ഞ ഫിബ്രവരിയില്‍ ചെന്നൈയിലെ ആഡംബര കാര്‍ കള്ളക്കടത്തുകേസില്‍ ഇയാളെ അറസ്റ്റ് ചെയ്തത്. ഈ കേസില്‍ മെയില്‍ ജാമ്യം നല്‍കിയപ്പോള്‍ ചെന്നൈയിലെ സി.ബി.ഐ. ഓഫീസില്‍ നിത്യേന ഹാജരായി ഒപ്പുവെക്കണമെന്ന് കോടതി നിര്‍ദേശിച്ചിരുന്നു.













from kerala news edited

via IFTTT