ഇന്ത്യാഫെസ്റ്റിന് പരിസമാപ്തി
Posted on: 07 Dec 2014
അബുദാബി: ഇന്ത്യാ സോഷ്യല്‍ സെന്ററില്‍ മൂന്ന് ദിവസം നീണ്ടുനിന്ന ഇന്ത്യാ ഫെസ്റ്റിന് വിജയകരമായ സമാപനം. മുപ്പതിനായിരത്തിലധികം കാണികളാണ് കഴിഞ്ഞദിവസങ്ങളില്‍ മേള കാണാനായെത്തിയത്.
നാലുവര്‍ഷംകൊണ്ട് യു.എ.ഇ.യിലെ ഇന്ത്യന്‍ സമൂഹത്തിന്റെ ഏറ്റവും വലിയ മാമാങ്കമായി വളര്‍ന്ന ചരിത്രമാണ് ഇന്ത്യാ ഫെസ്റ്റിന് പറയാനുള്ളത്. 2010ല്‍ അന്നത്തെ ഇന്ത്യാ സോഷ്യല്‍ സെന്റര്‍ പ്രസിഡന്റായിരുന്ന തോമസ് വര്‍ഗീസാണ് ഇന്ത്യാ ഫെസ്റ്റ് എന്ന ആശയം മുന്നില്‍വെച്ചത്. തുടര്‍ന്ന് വിവിധ അമേച്വര്‍ സംഘടനകളുടെയും അബുദാബിയിലെ വ്യാപാര സംഘടനകളുടെയും സഹായത്തോടെ പ്രശസ്തരായ കലാകാരന്മാരെയും ക്ഷണിച്ചുവരുത്തി മേളയ്ക്ക് തുടക്കമിട്ടു.
കഴിഞ്ഞ നാലുവര്‍ഷവും ഇന്ത്യാഫെസ്റ്റ് സംഘടിപ്പിച്ചത് സോഷ്യല്‍ സെന്റര്‍ കെട്ടിടത്തിനുള്ളില്‍ വെച്ചായിരുന്നെങ്കില്‍ ഈ വര്‍ഷമത് നടന്നത് പുറത്തെ വിശാലമായ ഗ്രൗണ്ടില്‍ ഒരുക്കിയ അതിമനോഹരമായ പവലിയനിലായിരുന്നു.
മജീഷ്യന്‍ മുതുകാടും ഇന്ത്യയില്‍ നിന്നെത്തിയ മറ്റു തെരുവ് ജാലവിദ്യക്കാരുമാണ് മേളയിലെ ആദ്യദിനം അവിസ്മരണീയമാക്കിയത്. ലോക മാജിക്കില്‍ ഇന്ത്യയുടെ സംഭാവനകള്‍ എത്രത്തോളമുണ്ടെന്ന് മുതുകാട് സെന്ററില്‍ തിങ്ങിക്കൂടിയ കാണികള്‍ക്കായി വിശദീകരിച്ചു.
തൈക്കുടം ബ്രിഡ്ജിന്റെ ഗാനമേള രണ്ടാംദിനത്തിലെ പ്രധാന ആകര്‍ഷണമായിരുന്നു. ഐ.എസ്.സി. അംഗങ്ങള്‍ അവതരിപ്പിച്ച ഗസലോടെ തുടക്കമായ മൂന്നാംദിവസത്തെ പരിപാടികള്‍ ഇന്ത്യന്‍ എംബസി സാംസ്‌കാരികവിഭാഗം അവതരിപ്പിച്ച നാടന്‍ കലാപ്രകടനങ്ങളിലൂടെ സജീവമായി. യക്ഷഗാനവും ഈജിപ്ഷ്യന്‍ കലാകാരന്റെയടക്കമുള്ള നൃത്തസംഗീത പരിപാടികളും അരങ്ങേറി.
കണ്ണൂരില്‍ നിന്നുമെത്തിയ തെയ്യം കലാകാരന്മാര്‍ അവതരിപ്പിച്ച മുഖത്തെഴുത്ത് ഏറെ പ്രശംസ പിടിച്ചുപറ്റിയിരുന്നു. ഒപ്പം വ്യത്യസ്ത തെയ്യക്കോലങ്ങളുടെ മുഖത്തെഴുത്ത് പ്രദര്‍ശനവും പ്രത്യേകസ്റ്റാളില്‍ ഒരുക്കിയിരുന്നു. പ്രവാസി കലാകാരിയുടെ ചിത്ര പ്രദര്‍ശനം, പുസ്തകമേള, മാതൃഭൂമിയുടെ സ്റ്റാള്‍, വിവിധ കമ്പനികളുടെ സ്റ്റാളുകള്‍, സംഘടനകളുടെയും ഹോട്ടലുകളുടെയും ഭക്ഷണമേളകള്‍, കരിമ്പിന്‍ ജ്യൂസ്, ഉപ്പിലിട്ട നാടന്‍ വിഭവങ്ങള്‍ എന്നിവയെല്ലാം സന്ദര്‍ശകര്‍ക്കായൊരുക്കിയിരുന്നു.
സംഘാടനത്തിലെ മികവ് തന്നെയാണ് മൂന്ന് ദിവസത്തെ മെഗാ പരിപാടി അവസാനിക്കുമ്പോള്‍ ഏവരെയും അതിശയിപ്പിക്കുന്ന കാര്യം. വിശാലമായ സ്ഥലത്ത് പരിപാടികള്‍ സംഘടിപ്പിക്കുകയും എന്നാല്‍, പാര്‍ക്കിങ്ങിനടക്കം കൃത്യമായ സജ്ജീകരണങ്ങള്‍ ഒരുക്കുകയും ചെയ്തത് ഏറെ പ്രശംസ പിടിച്ചു പറ്റി.
from kerala news edited
via IFTTT