കോഴിക്കോട്: തിയ്യറ്ററുകളുടെ നിസ്സഹകരണത്തെ മറികടക്കാന്‍ ഇന്റനെറ്റിലൂടെ തന്റെ ചിത്രം ലോകവ്യാപകമായി റിലീസ് ചെയ്യാനൊരുങ്ങുകയാണ് കെ.എസ്.എഫ്.ഡി.സി ചെയര്‍മാന്‍ സാബു ചെറിയാന്‍. 8.20 എന്ന തന്റെ പുതിയ ചിത്രമാണ് www.letfilm.com എന്ന വെബ്‌സൈറ്റിലൂടെ നാളെ റിലീസ് ചെയ്യുന്നത്. ഇത്തരത്തില്‍ ഇന്റര്‍നെറ്റിലൂടെ റിലീസ് ചെയ്യുന്ന ആദ്യ ഇന്ത്യന്‍ ചിത്രമാണ് നവാഗതനായ ശ്യാംമോഹന്‍ ഒരുക്കുന്ന 8.20. നേരത്തെ ഉത്തര കൊറിയന്‍ പരമാധികാരി കിം യോങ് ഉന്നിനെതിരെയുള്ള വധശ്രമം ഇതിവൃത്തമാക്കിയ ദി ഇന്റര്‍വ്യൂ എന്ന അമേരിക്കന്‍ ചിത്രം തിയ്യറ്ററുകള്‍ സഹകരിക്കാത്തതിനെ തുടര്‍ന്ന് ഇന്റര്‍നെറ്റിലാണ് റിലീസ് ചെയ്തത്.
3.08 ഡോളര്‍ നല്‍കിയാല്‍ ലോകത്തെവിടെ നിന്നും ചിത്രം കാണാം. ഒരു തവണ പണം നല്‍കിയാല്‍ മൂന്ന് തവണ ചിത്രം കാണാനാവും. കേരളത്തില്‍ നേരത്തെ ഡിജിറ്റലായി റിലീസ് ചെയ്ത ചിത്രത്തിന് തിയ്യറ്ററുകളില്‍ നിന്ന് വേണ്ടത്ര പിന്തുണ ലഭിക്കതിരുന്നതിനെ തുടര്‍ന്നാണ് സാബു ചെറിയാന്‍ ഇന്റര്‍നെറ്റ് റിലീസിങ്ങിന്റെ വഴി തേടിയത്.
കാസിനോവ, ഗ്രാന്‍ഡ്മാസ്റ്റര്‍ എന്നിവയില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്ത അര്‍ജുന്‍ നന്ദകുമാറാണ് നായകന്‍. നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി, ക്രേക്കഡൈ ലവ് സ്‌റ്റോറി എന്നിവയില്‍ വേഷമിട്ട അവന്തിമ മോഹനാണ് നായിക. ചന്ദമാമ, ഡ്രീംസ്, ബൈ ദ പീപ്പിള്‍, ഫിംഗര്‍പ്രിന്റ്, ദി ത്രില്ലര്‍ എന്നീ ചിത്രങ്ങളുടെ നിര്‍മാതാവായ സാബു ചെറിയാന്‍ നാല് വര്‍ഷത്തെ ഇടവേളയ്ക്കുശേഷമാണ് ഒരു ചിത്രം നിര്‍മിക്കുന്നത്.
ഇന്റര്‍നെറ്റ് റിലീസ് വിജയകരമാവുമെങ്കില്‍ അത് മലയാള സിനിമയില്‍ വലിയ മാറ്റങ്ങള്‍ക്ക് വഴിവയ്ക്കുമെന്ന് സാബു ചെറിയാന്‍ മാതൃഭൂമി ഓണ്‍ലൈനിനോട് പറഞ്ഞു. തിയ്യറ്ററുകളുടെ കടുംപിടുത്തം കാരണം അവസരം ലഭിക്കാത്ത പുതിയ സംവിധായകര്‍ക്കും ഇത് ഏറെ സഹാകരമാകുമെന്നും അദ്ദേഹം പറഞ്ഞു.
from kerala news edited
via IFTTT