മിലാന്‍-മാഡ്രിഡ് മാച്ച്: പരാതി രേഖപ്പെടുത്താന്‍ അവസരം
Posted on: 06 Jan 2015
ദുബായ്: റയല്‍ മാഡ്രിഡ്-എ.സി. മിലാന്‍ സൗഹൃദമത്സരവുമായി ബന്ധപ്പെട്ട പരാതികള്‍ രേഖപ്പെടുത്താന്‍ അവസരം. പരാതികള്‍ അറിയിക്കുന്നതിനായി പ്രത്യേക ഇ-മെയില്‍ ഐ.ഡിക്ക് രൂപം നല്‍കിയതായി സംഘാടകര്‍ അറിയിച്ചു. dfcticketing@dubaitourism.ae എന്ന ഐ.ഡിക്കാണ് രൂപം നല്‍കിയത്.
സെവന്‍സ് ഗ്രൗണ്ടില്‍ നടന്ന സൗഹൃദ മാച്ചിനായി ടിക്കറ്റെടുത്ത ചിലര്‍ക്ക് കളി കാണാനായില്ലെന്നത് വിവാദമായ പശ്ചാത്തലത്തിലാണ് സംഘാടകര്‍ പരാതി രേഖപ്പെടുത്താന്‍ അവസരമൊരുക്കിയത്. രണ്ടായിരം പേര്‍ക്കെങ്കിലും കളി കാണാതെ മടങ്ങേണ്ടിവന്നെന്നാണ് കണക്ക്. മൊത്തം നാല്‍പതിനായിരത്തില്‍പരം ആളുകള്‍ക്കാണ് ടിക്കറ്റ് വിതരണം ചെയ്തിരുന്നത്.
അന്താരാഷ്ട്ര തലത്തിലെതന്നെ ഏറ്റവും മികച്ച ടീമുകള്‍ മാറ്റുരയ്ക്കുന്ന ഫുട്‌ബോള്‍ മത്സരം കാണാന്‍ ആയിരക്കണക്കിന് ആളുകളാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ഒഴുകിയെത്തിയത്. തിരക്ക് കാരണം പോലീസ് കുറച്ചുനേരം സ്റ്റേഡിയത്തിലേക്കുള്ള കവാടങ്ങള്‍ അടച്ചിട്ടിരുന്നു. പരാതികള്‍ അയയ്ക്കുന്നവര്‍ തങ്ങളുടെ പേരും മറ്റു വിവരങ്ങളും ടിക്കറ്റെടുത്ത കൗണ്ടര്‍, ടിക്കറ്റിന്റെ സ്‌കാന്‍ ചെയ്ത കോപ്പി എന്നിവയും അടക്കമാണ് ഇ-മെയില്‍ അയയ്‌ക്കേണ്ടതെന്ന് ദുബായ് ഫുട്‌ബോള്‍ ചലഞ്ചിന്റെ സംഘാടകര്‍ അറിയിച്ചു.
from kerala news edited
via IFTTT