ഹജ്ജ് സ്ഥിരം താമസസമിതി പുനഃസംഘടിപ്പിച്ചു
Posted on: 06 Jan 2015
ന്യൂഡല്‍ഹി: ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് സൗദി അറേബ്യയില്‍ സ്ഥിരംതാമസസൗകര്യം ഒരുക്കുന്നതിന് രൂപവത്കരിച്ച സമിതി സുപ്രീംകോടതി പുനഃസംഘടിപ്പിച്ചു.
സമിതിയംഗമായിരുന്ന ജാമിയ മിലിയ സര്‍വകലാശാലാ വൈസ് ചാന്‍സലറും ഇപ്പോള്‍ ഡല്‍ഹി ലെഫ്: ജനറലുമായ നജീബ് ജങ്, ആസൂത്രണക്കമ്മീഷന്‍ അംഗമായിരുന്ന സയ്യിദ ഹമീദ എന്നിവരെ ഒഴിവാക്കി. ഇവര്‍ക്കുപകരം മുന്‍കേന്ദ്രമന്ത്രിയും മുതിര്‍ന്ന ബി.ജെ.പി നേതാവുമായ സയ്യിദ് ഷാനവാസ് ഹുസൈനെയും അബ്ദുല്‍റഷീദ് അന്‍സാരിയെയും ഉള്‍പ്പെടുത്തി. സുപ്രീംകോടതി അഭിഭാഷകന്‍ ഹാരിസ് ബീരാനെ നിലനിര്‍ത്തിയിട്ടുണ്ട്. ഗള്‍ഫ് ആന്‍ഡ് ഹജ്ജ് ജോയന്റ് സെക്രട്ടറി കണ്‍വീനറായി സൗദിയിലെ ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ എന്നിവരാണ് മറ്റംഗങ്ങള്‍.
2013 ഏപ്രില്‍ 16-നാണ് സുപ്രീംകോടതി സമിതി രൂപവത്കരിച്ചത്. സൗദി അറേബ്യയില്‍ അഞ്ച് വര്‍ഷത്തില്‍ കുറയാത്ത താമസസൗകര്യം ഏര്‍പ്പെടുത്താനുള്ള നടപടികളെടുക്കുന്നതിനാണ് സുപ്രീംകോടതിസമിതി രൂപവത്കരിച്ചത്. തിങ്കളാഴ്ച കേസ് പരിഗണിച്ചപ്പോള്‍ അസിസ്റ്റന്റ് സോളിസിറ്റര്‍ ജനറല്‍ നീരജ് കിഷന്‍ കൗള്‍ ആണ് നിലവിലുള്ള സമിതിയിലെ രണ്ടുപേര്‍ക്കു പകരം പ്രധാനമന്ത്രിയുടെ ഓഫീസ് പുതിയ പേരുകള്‍ നിര്‍ദേശിച്ച വിവരം കോടതിയെ അറിയിച്ചത്.
ജാമിയ മിലിയ വൈസ് ചാന്‍സലര്‍ ആയിരുന്നപ്പോഴാണ് നജീബ് ജങ്ങിനെ നിയമിച്ചതെന്നും അദ്ദേഹം ഇപ്പോള്‍ ഡല്‍ഹി ലഫ്റ്റ്‌നന്റ് ഗവര്‍ണറായതിനാല്‍ സമിതിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് കഴിയില്ലെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. കേന്ദ്ര ആസൂത്രണ ക്കമ്മീഷന്‍ അംഗമെന്ന നിലയിലാണ് സയ്യിദ ഹമീദയെ നിയമിച്ചതെന്നും ആസൂത്രണക്കമ്മീഷന്‍ ഇല്ലാതായതോടെ അവരെ നിലനിര്‍ത്തുന്നില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.
from kerala news edited
via IFTTT