Story Dated: Tuesday, January 6, 2015 06:18
തിരുവനന്തപുരം: റവന്യൂ, സര്‍വേ വകുപ്പുമായി ബന്ധപ്പെട്ടു ജില്ലയിലെ പൊതുജനങ്ങളുടെ പരാതികള്‍ പരിഹരിക്കാനായി റവന്യൂ മന്ത്രി അടൂര്‍ പ്രകാശിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന റവന്യൂ സര്‍വേ അദാലത്ത് വ്യാഴാഴ്‌ച രാവിലെ ഒന്‍പതിനു സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്‌ഘാടനം ചെയ്യും. മുന്‍കൂര്‍ നല്‍കിയ പരാതികള്‍ക്കുപുറമേ പുതിയ പരാതികളും അദാലത്തില്‍ സ്വീകരിക്കും. പട്ടയം, റീസര്‍വേ സംബന്ധിച്ചുളള പുതിയ പരാതികള്‍ സ്വീകരിക്കുന്നതിന് അദാലത്തില്‍ പ്രത്യേകം കൗണ്ടറുകള്‍ പ്രവര്‍ത്തിക്കുമെന്നു ജില്ലാ കലക്‌ടര്‍ ബിജു പ്രഭാകര്‍ അറിയിച്ചു. ഏകദേശം പതിനയ്യായിരത്തോളം പേര്‍ അദാലത്തില്‍ പങ്കെടുക്കുമെന്നാണു പ്രതീക്ഷിക്കുന്നത്.
ഓരോ താലൂക്കിനും അഞ്ച് കൗണ്ടര്‍ വീതം ആകെ 32 കൗണ്ടറുകളാണ് ഒരുക്കുക. രാവിലെ എട്ട് മണിക്കുതന്നെ എല്ലാ കൗണ്ടറുകളും പ്രവര്‍ത്തനമാരംഭിക്കും. 8.30 - ന് പൊതുജനങ്ങള്‍ക്ക് അദാലത്തിനെത്താം. ഇതുവരെ ലഭിച്ച പരാതികളില്‍ 43,066 എണ്ണം തീര്‍പ്പാക്കിയിട്ടുണ്ട്. അദാലത്ത് ദിവസം ലഭിക്കുന്ന പരാതികള്‍ അടിയന്തിരമായി തീര്‍പ്പാക്കുന്നതിനുള്ള പ്രത്യേക സംവിധാനം ജില്ലാഭരണകൂടം ഒരുക്കും. ലാന്‍ഡ് റിക്കാര്‍ഡ്‌സ് ആന്‍ഡ് മെയിന്റനന്‍സ് (എല്‍.ആര്‍.എം.) പരാതികള്‍, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്‌ക്ക് ലഭിച്ചിട്ടുളള പരാതികള്‍ (സി.എം.ഡി.ആര്‍.എഫ്.), നാഷണല്‍ ഫാമിലി ബെനിഫിറ്റ് സ്‌കീം (എന്‍.എഫ്.ബി.എസ്.), പോക്കുവരവ്, അതിര്‍ത്തി നിര്‍ണയം, കേരള ലാന്‍ഡ് യൂട്ടിലൈസേഷന്‍ ഓര്‍ഡര്‍, പ്രകൃതിക്ഷോഭം തുടങ്ങിയ വിഷയങ്ങളിലെ പരാതികളാണ് അദാലത്തില്‍ പ്രധാനമായും പരിഗണിക്കുന്നത്.
അദാലത്ത് പൂര്‍ത്തിയായി കഴിയുമ്പോള്‍ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ മുന്‍നിര്‍ത്തി റവന്യൂ സര്‍വെ വകുപ്പുകളില്‍ ആവശ്യമെങ്കില്‍ നിയമഭേദഗതികളോ ഉത്തരവുകളോ പുറത്തിറക്കും. അദാലത്തിന്റെ വിജയകരമായ നടത്തിപ്പിനായി ലാന്‍ഡ് റവന്യൂ കമ്മീഷണറേറ്റ്, കലക്‌ടറേറ്റ്, താലൂക്ക് ഓഫീസുകള്‍ എന്നിവിടങ്ങളില്‍ പ്രത്യേക സെല്ലുകള്‍ രൂപീകരിച്ചിട്ടുണ്ട്. റവന്യൂ അദാലത്ത് നടക്കുന്ന സെന്‍ട്രല്‍ സ്‌റ്റേഡിയത്തിലെ വേദിയില്‍ ജില്ലയിലെ മറ്റ് പ്രധാന വകുപ്പുകളുടെ സേവനങ്ങള്‍ സംബന്ധിച്ച് വിവരങ്ങള്‍ ലഭ്യമാക്കുമെന്നും കോടതി വ്യവഹാരങ്ങളില്‍പ്പെടാത്ത പരാതികള്‍ തീര്‍പ്പാക്കാന്‍ പൊതുജനങ്ങള്‍ ഈ അവസരം വിനിയോഗിക്കണമെന്നും ജില്ലാ കലക്‌ടര്‍ ബിജു പ്രഭാകര്‍ അറിയിച്ചു.
from kerala news edited
via IFTTT