Story Dated: Tuesday, January 6, 2015 02:01
കാസര്‍കോട്: സംഗീത യാത്രകളിലൂടെ ചരിത്രം സൃഷ്‌ടിച്ച വെള്ളിക്കോത്ത് വിഷ്‌ണുഭട്ടിനെ അറിയാത്തവര്‍ വിരളം. ജീവിതം സംഗീതത്തിന് സമര്‍പ്പിച്ച ഈ അധ്യാപകന്റെ സംഗീത യാത്ര സ്‌കൂള്‍ കലോത്സവ വേദികളില്‍ കാല്‍ നൂറ്റാണ്ട് പിന്നിടുകയാണ്. സ്‌കൂള്‍ പഠന കാലംതൊട്ട് വിഷ്‌ണുഭട്ട് കലോത്സവ മത്സര വേദികളില്‍ നിറഞ്ഞു നിന്നിരുന്നു. പത്തൊമ്പതാം വയസ്സില്‍ സംഗീത അധ്യാപകനായി ജോലിയില്‍ കയറിയ വിഷ്‌ണു ഭട്ട് അതിനു ശേഷം തന്റെ ശിഷ്യന്മാരെ വേദികളില്‍ എത്തിക്കാന്‍ അണിയറയില്‍ സജീവമായി. കാല്‍ നൂറ്റാണ്ട് പിന്നിട്ടിട്ടും ഈ അനുഗ്രഹീത ഗായകന്റെ മനസ്സും ശരീരവും ശബ്‌ദവും സക്രിയമാണ്. വേദികളില്‍ നിന്നും വേദികളിലേക്ക് ഓടുമ്പോഴും ഒരു മാറ്റവും സംഭവിക്കാതെ...
എല്ലാ വര്‍ഷവും ഏതെങ്കിലും ഒരു സംഘം വിഷ്‌ണു ഭട്ടിന്റെതായി മത്സരിക്കാനുണ്ടാകും. 26 വര്‍ഷമായി കാസര്‍കോട് നെല്ലിക്കുന്ന് ഗേള്‍സ് ഹൈസ്‌കൂളിലെ സംഗീത അധ്യാപകനായ വിഷ്‌ണു ഭട്ടിന് കാടംങ്കോട് നടക്കുന്ന ജില്ല സ്‌കൂള്‍ കലോത്സവത്തിന്റെ സ്വാഗത ഗാനം ചിട്ടപെടുത്താന്‍ അവസരം കിട്ടിയതിന്റെ സന്തോഷവും ഇത്തവണയുണ്ട്. ദേശഭക്‌തി ഗാനം, ഗാനമേള എന്നീ ഇനങ്ങളില്‍ നെല്ലിക്കുന്ന് സ്‌കൂളിലെ കുട്ടികളെയും കൊണ്ടാണ് ഇദ്ദേഹം കാടംങ്കോട് കലോത്സവത്തിന് എത്തിയത്. തന്‍ ആദ്യം പഠിപ്പിച്ച വെള്ളിക്കോത്ത് മഹാകവി പി സ്‌മാരക സ്‌കൂളിലെ ശിഷ്യന്മാരും ഗാനമേള മത്സരത്തില്‍ പങ്കെടുക്കുന്നുണ്ട്.
സംഗീതം ജീവനായി കൊണ്ടുനടക്കുമ്പോഴും സംഗീത അധ്യാപകരെ സര്‍ക്കാര്‍ അവഗണിക്കുന്നതില്‍ കടുത്ത പ്രതിഷേധ ശബ്‌ദം ഉയര്‍ത്തുകയാണ് കലോത്സവ വേദിയില്‍ വിഷ്‌ണു ഭട്ട്. നാലും അഞ്ചും സ്‌കൂളുകള്‍ കേന്ദ്രീകരിച്ചെങ്കിലും ഒരു സംഗീത അധ്യാപകന്‍ ഉണ്ടാകേണ്ടുന്ന സ്‌ഥാനത്ത് ഒരു നിയമനവും നല്‍കുന്നില്ലെന്നാണ് ഇദ്ദേഹത്തിന്റെ പരാതി. ഈ രംഗത്ത് പുതിയ തലമുറയെ ഉണ്ടാക്കിയെടുക്കാന്‍ ഈ നയം തടസം ആണെന്നും ഇദ്ദേഹത്തിനു അഭിപ്രായമുണ്ട്. സ്വന്തമായി അനേകം ശിഷ്യന്മാരെ വാര്‍ത്തെടുത്തിട്ടുള്ള വെള്ളിക്കോത്ത് വിഷ്‌ണു ഭട്ട് ദേശീയോദ്‌ഗ്രദന സന്ദേശവുമായി 1991 ല്‍ കാളവണ്ടിയില്‍ സംഗീത യാത്ര നടത്തിയതോടെയാണ് ശ്രദ്ധേയനായത്.
സ്‌നേഹത്തിനും സഹോദര്യത്തിനും വേണ്ടി ഇദ്ദേഹം നടത്തിയ സപ്‌തദിന സംഗീത യാത്രയും ജനങ്ങളുടെ അംഗീകാരം നേടിയിരുന്നു. പിന്നീട് ഇങ്ങോട്ട് സംഗീത യാത്രകളുടെ കാലമായിരുന്നു. തനിമ നഷ്‌ടപ്പെടുത്തി സംഗീത ശാഖകളെ സ്വരങ്ങളുടെ കസര്‍ത്ത് കൊണ്ട് കുളമാക്കുന്ന ചിലരുടെ പുതിയ പരിഷ്‌കരണത്തെ നിശിതമായി വിമര്‍ശിക്കുകയാണ് ഈ സംഗീതഞ്‌ജന്‍. ഭാര്യ: ജ്യോതി. മക്കള്‍: ദുര്‍ഗ(ഹൈസ്‌കൂള്‍ വിദ്യാര്‍ഥി) ശ്രീഗൗരിഭട്ട്.
ഉദിനൂര്‍ സുകുമാരന്‍
from kerala news edited
via IFTTT