Story Dated: Monday, January 5, 2015 08:48
ന്യൂഡല്‍ഹി: തീവ്രവാദ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് പാക്കിസ്‌താന് ധന സഹായം നല്‍കാനുള്ള അമേരിക്കയുടെ നീക്കത്തിനെതിരെ പ്രതിഷേധവുമായി ഇന്ത്യ. 532 മില്യന്‍ ഡോളര്‍ ധനസഹായമാണ് അമേരിക്ക പാക്കിസ്‌താന് നല്‍കാന്‍ തീരുമാനിച്ചത്. അല്‍ ഖൊയ്‌ദ, ലഷ്‌കറെ തുടങ്ങിയ ഭീകര സംഘടനകള്‍ക്ക് എതിരെ ശക്‌തമായ നിലപാട് സ്വീകരിച്ചതിനുള്ള അംഗീകാരം എന്ന നിലയ്‌ക്കാണ് ധനസഹായം. എന്നാല്‍ പാകിസ്‌താന്റെ തീവ്രവാദ വിരുദ്ധ നിലപാട് ആത്മാര്‍ഥത ഇല്ലാത്തതാണെന്ന് ഇന്ത്യന്‍ വിദേശകാര്യ വക്‌താവ് സയീദ് അക്‌ബറുദ്ദീന്‍ പറഞ്ഞു.
ഭീകരവാദം തുടച്ചു നീക്കുന്നതില്‍ പാക്കിസ്‌താന്റെ നയം ഇരട്ടത്താപ്പാണെന്ന് ഇന്ത്യ ആരോപിച്ചു. മുംബൈ ആക്രമണ കേസ് മുഖ്യപ്രതി ലഖ്‌വിക്ക് പാക്ക് കോടതി ജാമ്യം അനുവദിച്ചത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഇന്ത്യ വിമര്‍ശനം ഉന്നയിച്ചത്. ലഷ്‌ക്കര്‍ ഇ തോയിബ, അല്‍ ഖൊയ്‌ദ തുടങ്ങിയ തീവ്രവാദ സംഘടനകളുടെ പ്രവര്‍ത്തനം അടിച്ചമര്‍ത്താന്‍ പാക്കിസ്‌താന്‍ ഒന്നും ചെയ്യുന്നില്ലെന്നും ഇന്ത്യ കുറ്റപ്പെടുത്തി.
അതേസമയം ഭീകരവാദം, രാജ്യസുരക്ഷ എന്നീ കാര്യങ്ങളില്‍ വിട്ടുവീഴ്‌ചയില്ലെന്ന് ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ് പറഞ്ഞു. പാക്കിസ്‌താന്റെ ഭാഗത്തു നിന്നുള്ള പ്രകോപനങ്ങള്‍ക്ക് ഇന്ത്യ തക്കതായ മറുപടി നല്‍കാന്‍ സൈന്യത്തിന് നിര്‍ദ്ദേശം നല്‍കി. അതിര്‍ത്തിയില്‍ പാക്കിസ്‌താന്‍ തുടര്‍ച്ചയായി വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്ന സാഹചര്യത്തില്‍ ഡല്‍ഹിയില്‍ ചേര്‍ന്ന ഇന്റലിജന്‍സ് ഉദ്യോഗസ്‌ഥരുടെ യോഗത്തിലാണ് മന്ത്രി നിലപാട് വ്യക്‌തമാക്കിയത്. ഇന്റലിജന്‍സ് ബ്യൂറോ തലവന്‍, രഹസ്യാന്വേഷണ ഏജന്‍സിയായ റോയുടെ മേധാവി മറ്റ് ഉദ്യോഗസ്‌ഥര്‍ എന്നിവരാണ് യോഗത്തില്‍ പങ്കെടുത്തത്.
from kerala news edited
via IFTTT