121

Powered By Blogger

Monday, 5 January 2015

കോഴഞ്ചേരിയില്‍ പോലീസ്‌് മണ്ണുമാഫിയയുടെ പിടിയില്‍











Story Dated: Monday, January 5, 2015 06:11


പത്തനംതിട്ട: കോഴഞ്ചേരി സര്‍ക്കിള്‍ പരിധിയില്‍ മണ്ണുമാഫിയ കൊടികുത്തി വാഴുന്നു. ഉന്നതന്മാരടക്കം പടി വാങ്ങി മാഫിയയ്‌ക്ക്‌ ഒത്താശ ചെയ്യുമ്പോള്‍ സംഭവവുമായി ബന്ധമില്ലാത്ത പോലീസുകാര്‍ സ്‌ഥലം മാറ്റല്‍ ഭീഷണിയില്‍.പോലീസ്‌ അസോസിയേഷന്റെ ജില്ലാ നേതാക്കളില്‍ ചിലരും ഒരു ഉന്നത ഉദ്യോഗസ്‌ഥനും ചേര്‍ന്നാണ്‌ മാഫിയയില്‍ നിന്ന്‌ പടി വാങ്ങി മണ്ണു കടത്തിന്‌ ഒത്താശ ചെയ്യുന്നത്‌. ഇവര്‍ക്കെതിരേ ജില്ലാ പോലീസ്‌ മേധാവി രഹസ്യ റിപ്പോര്‍ട്ട്‌ തയാറാക്കിയെന്നും അറിയുന്നു. രണ്ടാഴ്‌ച മുന്‍പ്‌ കോയിപ്രം സ്‌റ്റേഷന്‍ അതിര്‍ത്തിയില്‍ നിന്ന്‌ രാത്രി മണ്ണു കടത്തിയത്‌ വിവാദമായിരുന്നു.


ഇതോടെ അന്നു ജി.ഡി ചാര്‍ജ്‌ ഉണ്ടായിരുന്ന സീനിയര്‍ സിവില്‍ പോലീസ്‌ ഓഫീസറെ രക്ഷപ്പെടുത്താന്‍ മേലുദ്യോഗസ്‌ഥന്‍ രംഗത്തെത്തി. വ്യക്‌തിപരമായി ഇവര്‍ തമ്മില്‍ ബന്ധമുള്ളതായും പറയുന്നു. ക്രിമിനല്‍ പശ്‌ചാത്തലമുള്ള ഈ പോലീസുകാരനെ മേലുദ്യോഗസ്‌ഥന്‍ താല്‍പര്യമെടുത്താണ്‌ നിയമിച്ചതത്രേ. സ്വന്തക്കാരനെ രക്ഷിക്കാന്‍ വേണ്ടി കുറ്റം ഒരു എ.എസ്‌.ഐയുടെ തലയില്‍ കെട്ടിവയ്‌ക്കുകയാണ്‌ മേലുദ്യോഗസ്‌ഥന്‍ ചെയ്‌തത്‌. എസ്‌.പി, എ.എസ്‌.ഐയ്‌ക്കെതിരേ നടപടി എടുക്കാന്‍ തുനിഞ്ഞതോടെ കഥമാറി. കീഴ്‌വഴക്കങ്ങളൊക്കെ മറികടന്ന്‌ എ.എസ്‌.ഐ, എസ്‌.പിയെ നേരില്‍ കണ്ട്‌ സത്യസ്‌ഥിതി ബോധിപ്പിച്ചു.


താന്‍ നിരപരാധിയാണെന്നും ജി.ഡി ചാര്‍ജ്‌ ഉണ്ടായിരുന്ന സീനിയര്‍ സിവില്‍ പോലീസ്‌ ഓഫീസറും അയാളുടെ ബന്ധുവായ മേലുദ്യോഗസ്‌ഥനും ചേര്‍ന്ന്‌ അവര്‍ക്ക്‌ രക്ഷപ്പെടാന്‍ വേണ്ടി തന്നെ ബലിയാടാക്കുകയായിരുന്നുവെന്നും എ.എസ്‌.ഐ, എസ്‌.പിയെ ധരിപ്പിച്ചു. സംഗതി പുലിവാലാകുമെന്ന്‌ കണ്ടതോടെ ഡിവൈ.എസ്‌.പിയെ അടക്കം പ്രതിക്കൂട്ടിലാക്കി കൊണ്ട്‌ ചില പത്രങ്ങളില്‍ വാര്‍ത്ത പ്രത്യക്ഷപ്പെട്ടു. ഇതിന്‌ പിന്നില്‍ പോലീസ്‌ അസോസിയേഷന്റെ ഒരു ജില്ലാ നേതാവാണെന്ന്‌ രഹസ്യാന്വേഷണ വിഭാഗത്തിന്‌ വിവരം ലഭിച്ചിട്ടുണ്ട്‌. സംഭവത്തിന്റെ നിജസ്‌ഥിതി ബോധ്യമായ എസ്‌.പി മേലുദ്യോഗസ്‌ഥനും സീനിയര്‍ സിവില്‍ പോലീസ്‌ ഓഫീസര്‍ക്കുമെതിരേ നടപടിക്ക്‌ ശിപാര്‍ശ നല്‍കിയിട്ടുണ്ട്‌.


കഴിഞ്ഞ കുറേ കാലങ്ങളായി കോയിപ്രം സ്‌റ്റേഷനിലെ ചില പോലീസുകാര്‍ക്കെതിരേ ആരോപണം ശക്‌തമാണ്‌. അസോസിയേഷന്‍ നേതാക്കള്‍ക്ക്‌ അനഭിമതരായവരെ പുറത്താക്കുന്നതിനായി ജില്ലാ നേതാവ്‌ ലിസ്‌റ്റുമായി എസ്‌.പി ഓഫീസ്‌ കയറിയിറങ്ങുകയാണ്‌. എന്നാല്‍, എസ്‌.പി വഴങ്ങാതെ വന്നത്‌ ഇവര്‍ക്ക്‌ തിരിച്ചടിയായിരിക്കുകയാണ്‌.ഇടത്തു നിന്നു മാറി വലത്തെത്തിയ അസോസിയേഷന്‍ നേതാവും മറ്റു ചില അനുയായികളുമാണ്‌ കോയിപ്രം സ്‌റ്റേഷന്‍ പരിധിയിലെ മണ്ണുമാഫിയയുടെ സ്വന്തം ആള്‍ക്കാര്‍. ഇതിലൊരു പങ്ക്‌ മേലുദ്യോഗസ്‌ഥരില്‍ ഒരാള്‍ക്കും കിട്ടും. ഈ, ഉദ്യോഗസ്‌ഥനുമായി മണല്‍ മാഫിയ തലവനായ ഒരു മുന്‍ പഞ്ചായത്തംഗത്തിനും ബന്ധമുള്ളതായി ജില്ലാ പോലീസ്‌ മേധാവിക്ക്‌ വിവരം ലഭിച്ചിട്ടുണ്ട്‌.


മുന്‍ എസ്‌.പി രാഹുല്‍ ആര്‍. നായരെ കൈക്കൂലിക്കേസില്‍ കുടുക്കിയതിലൂടെ വിവാദം സൃഷ്‌ടിച്ച സാനിയോ മെറ്റല്‍ ക്രഷര്‍ യൂണിറ്റില്‍ ഈ ഉദ്യോഗസ്‌ഥന്‍ നടത്തിയ നാടകം രസകരമായിരുന്നു. സാനിയോ ക്രഷര്‍ യൂണിറ്റ്‌ കണ്ണന്താനം കമ്പനിക്ക്‌ വിറ്റിരുന്നു. അതിന്‌ ശേഷം വസ്‌തുവില്‍ ഉണ്ടായിരുന്ന തേക്കുമരങ്ങള്‍ മുന്‍ ഉടമ മുറിക്കാന്‍ ശ്രമിച്ചു. പുതിയ ഉടമ ഇതു തടഞ്ഞതോടെയാണ്‌ വിവാദമുണ്ടായി. ഇടനിലക്കാരനായി പ്രത്യക്ഷപ്പെട്ട ഉദ്യോഗസ്‌ഥന്‍ അതില്‍ കുറേ മരങ്ങള്‍ മുറിച്ചു മാറ്റി സ്വന്തം വീടുപണിക്ക്‌ കൊണ്ടുപോയിടത്ത്‌ നാടകത്തിന്‌ ശുഭാന്ത്യമായി. പോലീസ്‌ സ്‌റ്റേഷനോട്‌ ചേര്‍ന്ന്‌ പുതിയ കെട്ടിടത്തിന്റെ ഉദ്‌ഘാടന ചടങ്ങിലേക്ക്‌ നടത്തിയ പണപ്പിരിവും വിവാദമായിട്ടുണ്ട്‌.


നാട്ടിലെ പണക്കാരില്‍ നിന്നൊക്കെ വന്‍തുക പിരിച്ചെടുത്തെങ്കിലും അതില്‍ തീരെ ചെറിയ പങ്കു മാത്രമാണ്‌ ഉദ്‌ഘാടനത്തിന്‌ ഉപയോഗിച്ചതത്രേ. രഹസ്യാന്വേഷണ വിഭാഗത്തിലെ ഒരു എ.എസ്‌.ഐക്കും മണ്ണുമാഫിയ ബന്ധം ആരോപിക്കുന്നുണ്ട്‌. കുറ്റൂരുകാരായ മണ്ണു ലോബിയില്‍ നിന്നും പണം വാങ്ങിയാണ്‌ ഇദ്ദേഹം വാഹനത്തിന്‌ ഇന്ധനം നിറയ്‌ക്കുന്നത്‌ എന്നാണ്‌ ആരോപണം. എന്തായാലും, മണ്ണു-മണല്‍ മാഫിയ കൊടികുത്തി വാഴുന്ന കോഴഞ്ചേരി സര്‍ക്കിളില്‍ പിടിമുറുക്കാന്‍ തന്നെയാണ്‌ എസ്‌.പിയുടെ തീരുമാനം എന്നറിയുന്നു. ആരോപണ വിധേയനായ മേലുദ്യോഗസ്‌ഥനും പോലീസുകാര്‍ക്കുമെതിരേ ഉടന്‍ നടപടി ഉണ്ടാകും.










from kerala news edited

via IFTTT