എല്ലാ മരണവും മരിച്ചിട്ടില്ലാത്തവര്‍ക്കിടയില്‍ അപരിഹാര്യമായ ഒരു ശൂന്യത സൃഷ്ടിക്കുന്നു. അതിന്റെ സങ്കടങ്ങളെ പക്ഷേ, മറവി സാവധാനം പിന്‍തള്ളിക്കൊണ്ടിരിക്കും. എന്നാല്‍, ചില ജന്മങ്ങളുടെ തിരോധാനങ്ങള്‍ ചിരന്തനമായ ഈ പ്രക്രിയയ്ക്കു വഴങ്ങാതെ വരുംകാലങ്ങളുടെ ദൂരസീമകളോളം അനുഭവപ്പെടുന്നു. ഇവിടെ മരണത്തിനു യാതൊരു സാന്ത്വനവുമില്ല. അതു ജീവിച്ചിരിക്കുന്നവര്‍ക്കെതിരായുള്ള ഒരു ജൈവനിഷ്ഠുരതയോ ചതിയോ പോലെ നീചമാവുന്നു.
അരവിന്ദന്റെ മരണം ഒരു ചലച്ചിത്രസംവിധായകന്റെയോ സാംസ്‌കാരിക പ്രവര്‍ത്തകന്റെയോ അകാലവിയോഗം എന്ന സാധാരണയിലും അല്പം ഉപരിയാണ്. ഒരിക്കലും കമ്പോളവുമായി ബന്ധപ്പെട്ട് പെരുമ നിര്‍ണയിക്കാവുന്നതായിരുന്നില്ല അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍. അവ വ്യാപകമായി ജനപ്രിയങ്ങളായിരുന്നില്ല. എങ്കിലും സ്‌നേഹിക്കപ്പെട്ടും ചോദ്യം ചെയ്യപ്പെട്ടും വ്യാമിശ്രമായ പ്രതീതി ഉളവാക്കിക്കൊണ്ട് നമുക്കിടയില്‍ അക്ഷോഭ്യമായി വര്‍ത്തിച്ച ഒരു നേതൃരൂപമായിരുന്നു അരവിന്ദന്‍. നമ്മുടെ കാലത്തിന്റെ ദയാരാഹിത്യങ്ങള്‍ക്കും ധാര്‍ഷ്ട്യങ്ങള്‍ക്കും നെറികേടുകള്‍ക്കുമെതിരേ അമൂര്‍ത്തമായെങ്കിലും കരുപ്പിടിച്ചുകൊണ്ടിരുന്ന ഒരു മനോഭാവത്തെ, ഒരു പ്രതിരോധവ്യഗ്രതയെ അദ്ദേഹം പങ്കിട്ടിരുന്നു. ആ മനോഭാവത്തിന്റെ ഉള്ളടക്കം തിരിച്ചറിയുന്നതിലൂടെ മാത്രമേ ഈ അകാലമരണത്തിന്റെ ഗൗരവം ബോധ്യമാവൂ.
സാമൂഹിക രാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍ പ്രകടമായി പങ്കെടുത്ത ഒരു വ്യക്തിയായിരുന്നില്ല അരവിന്ദന്‍. അദ്ദേഹത്തിന്റെ ചലച്ചിത്രരചനകളില്‍ കണ്ട ആശയവാദപരമായ നിലപാടുകളും ആധ്യാത്മികമായ അന്തര്‍ധാരകളും പ്രച്ഛന്നമായ പ്രതിപാദനശൈലികളും പ്രതിലോമകരമാണെന്ന വിമര്‍ശനം ഇല്ലാതാവുന്നില്ല. എന്നാല്‍ അരവിന്ദന്റെ കൃതികളുമായി പരിചയപ്പെട്ട ആര്‍ക്കും നിഷേധിക്കാന്‍ വയ്യാത്ത ഒരു വസ്തുതയുണ്ട്. പീഡിതമായ മനുഷ്യാവസ്ഥകളെക്കുറിച്ച് അദ്ദേഹം പുലര്‍ത്തിപ്പോന്ന അഗാധവും ഗഹനവുമായ ഉത്കണ്ഠയാണിത്. അരവിന്ദന്റെ രചനാത്മകപ്രവര്‍ത്തനത്തെ സംബന്ധിച്ചിടത്തോളം മൗലികമായിരുന്നു ഈ വ്യാകുലത. ഗാഢമായ ഒരു വൈകാരിക സ്രോതസ്സായി അദ്ദേഹം സ്വാംശീകരിച്ച മാനവികത പലപ്പോഴും ആധ്യാത്മികവും അതിഭൗതികവുമായ പരികല്പനകള്‍ക്കു വഴങ്ങി യാഥാര്‍ഥ്യത്തെ പ്രച്ഛന്നമാക്കുന്നിടത്തോളം എത്തിയെന്നതു തീര്‍ച്ച. ലോകവീക്ഷണങ്ങളുടെയും വൈയക്തികവിശ്വാസങ്ങളുടെയും സര്‍ഗാത്മകരുചികളെ സംബന്ധിച്ച പൂര്‍വനിശ്ചയങ്ങളുടെയും സങ്കീര്‍ണമായ ഒരു ചേരുവയായിരുന്നു അരവിന്ദന്റെ രചനാബോധം എന്നതാവാം ഇതിനു കാരണം. ഉത്തരായണം മുതല്‍ വാസ്തുഹാര വരെയുള്ള ചലച്ചിത്രങ്ങള്‍ ഒന്നിച്ചു കാണുമ്പോള്‍ ഈ സങ്കീര്‍ണത കൂടക്കൂടെ സംഘര്‍ഷാത്മകമായി മാറുന്നതും അതിഭൗതികതയുടെ അമൂര്‍ത്തരൂപങ്ങള്‍ ഛേദിച്ച് ചരിത്രയാഥാര്‍ഥ്യബോധങ്ങള്‍ വീണ്ടുംവീണ്ടുമായി പ്രാമുഖ്യം നേടുന്നതും അനുഭവപ്പെടും. വാസ്തുഹാരയില്‍ ഈ അനുഭവം ഏതാണ്ട് സുസ്ഥിതമാവുന്നുണ്ട്.
മുന്‍കാലചിത്രങ്ങളില്‍ തുടരെ അനുഭവപ്പെടുന്നതും ആധ്യാത്മികമെന്ന് വിശദീകരിക്കാവുന്നതുമായ മാനവികബോധം ഈ അവസാനകൃതിയില്‍ ചരിത്രപരവും യഥാതഥവുമായി വികസിച്ചിരിക്കുന്നു. മാനവികതാസങ്കല്പങ്ങളിലെ പോരായ്മകളെന്തുമാകട്ടെ, ഒരിക്കലും അരവിന്ദന്‍ അവയെ കമ്പോളത്തിനു പ്രിയങ്കരമാവുന്ന രീതിയില്‍ വികലീകരിക്കുവാന്‍ സന്നദ്ധനായിട്ടില്ല. ഒന്നിനു പുറകെ ഒന്നായി ഓരോ പടവും സാമ്പത്തികമായ അസന്തുഷ്ടിയിലേക്കു നയിച്ചുകൊണ്ടിരുന്നപ്പോഴും ചുറ്റും മിഡില്‍ സിനിമയുടെ പ്രലോഭനങ്ങള്‍ വളര്‍ന്നുകൊണ്ടിരുന്നപ്പോഴും വിട്ടുവീഴ്ചകള്‍ക്കൊരുങ്ങാതെ ഒരു ചലച്ചിത്രകാരന്‍ തന്റെ ശുചിത്വബോധം നിലനിര്‍ത്തിപ്പോന്നു എന്നത് നിസ്സാരമല്ല.
തന്റെ കാലത്തെ സാമൂഹിക രാഷ്ട്രീയ സ്വരൂപങ്ങളെ സംരക്ഷിച്ചും പുനരുത്പാദിപ്പിച്ചുംകൊണ്ടിരിക്കുന്ന മൂല്യവിശ്വാസങ്ങളുമായി എങ്ങനെ പ്രതികരിക്കുന്നു എന്നതിന്റെ അടിസ്ഥാനത്തിലാണ് സാംസ്‌കാരികപ്രവര്‍ത്തകരുടെയും ബുദ്ധിജീവികളുടെയും മറ്റും പ്രസക്തി വിലയിരുത്തേണ്ടത്. നിലവിലുള്ള മൂല്യങ്ങള്‍ക്കും സാമൂഹിക രാഷ്ട്രീയ സ്ഥാപനങ്ങള്‍ക്കുമിടയില്‍ പരസ്?പരാംഗീകാരത്തിന്റെയും അവലംബത്തിന്റെയും സ്വാസ്ഥ്യം സൃഷ്ടിക്കുവാനും വ്യവസ്ഥാപിതമായ അവസ്ഥ അഭംഗുരമായി നിലനിര്‍ത്താനും പരമ്പരാഗതശീലങ്ങള്‍ സ്വായത്തമാക്കിയ കലാകാരന്മാര്‍ (ബുദ്ധിജീവികള്‍) ബദ്ധപ്പെടുന്നു. അരവിന്ദന്‍ തീര്‍ച്ചയായും അവരില്‍ ഒരാളായിരുന്നില്ല.
പരിവര്‍ത്തനത്തിന്റെ അനിവാര്യതയില്‍ വിശ്വസിക്കുന്ന കലാകാരന്മാരില്‍ ഒരാളായിരുന്നു അദ്ദേഹം. അവരാകട്ടെ, നിലവിലിരിക്കുന്ന മൂല്യങ്ങളെ അതിലംഘിക്കുവാനും അതുവഴി വ്യവസ്ഥാപിതമായ സാമൂഹിക രാഷ്ട്രീയ സ്ഥാപനങ്ങളെ ചോദ്യം ചെയ്യുവാനും മുതിരുന്നു. ചരിത്രവൈരുധ്യങ്ങളുടെ ജൈവസാഹചര്യങ്ങളില്‍നിന്ന് ജനിക്കുന്ന ഇത്തരം കലാകാരന്മാര്‍ അതതു കാലങ്ങളിലെ പുരോഗമനശക്തികളുടെ ഭാഗമാണ്. ഗ്രാംഷി അവരെ ജൈവബുദ്ധിജീവികള്‍ (ഛൃഴമിശര കിലേഹഹലരൗേമഹ)െ എന്നു വിളിക്കുന്നു. നിശ്ചേഷ്ടമായ സാമാന്യബോധ (ജമശൈ്‌ല ഇീാാീി ലെിലെ)ത്തെ പുരോഗമനാത്മകമായ വിശേഷബോധ (ജൃീഴൃലശൈ്‌ല ഏീീറ ലെിലെ) മാക്കി മാറ്റുന്നത് അവരുടെ പ്രവര്‍ത്തനങ്ങളാണ്.
'ചെറിയ മനുഷ്യരും വലിയ ലോകവും' എന്ന കാര്‍ട്ടൂണ്‍ പരമ്പരയില്‍ രാമുവിന്റെ നാഗരികമായ കൂട്ടുകെട്ടുകളെ മുന്‍നിര്‍ത്തി നമ്മുടെ സാമാന്യബോധത്തെയും അതിന്റെ വിപര്യയങ്ങളെയും ഉപഹസിച്ചുകൊണ്ടാണ് അരവിന്ദന്‍ കലാപ്രവര്‍ത്തനമാരംഭിക്കുന്നത്. ഹിപ്പോക്രസി, മീഡിയോക്രിറ്റി, മഹത്ത്വാകാംക്ഷ, കമ്പോളമൂല്യങ്ങളോടുള്ള അമിതാരാധന എന്നിങ്ങനെ സര്‍വസാമാന്യമായി തോന്നാവുന്ന പ്രമേയങ്ങളായിരുന്നു ആ കാര്‍ട്ടൂണ്‍ ചിത്രങ്ങളുടെ ഉപപാദ്യങ്ങളെങ്കിലും ലളിതമായ ആക്ഷേപഹാസ്യമെന്ന മട്ടില്‍ അവയെ നിരാകരിക്കുക വയ്യ. നോവലിനു സമാനമായ ഒരു വിശാലഭൂമികയില്‍ നിബന്ധിക്കപ്പെട്ട ആ കാരിക്കേച്ചറുകള്‍ക്ക് സമകാലികജീവിതത്തിലെ ദൈനംദിനാനുഭവങ്ങളുമായി അത്രയേറെ താദാത്മ്യമുണ്ടായിരുന്നു. നിരന്തരമായ ആവര്‍ത്തനം വഴി അരവിന്ദന്‍ നമ്മുടെ സാമാന്യബോധത്തിന്റെ ജീര്‍ണതകളെ അപഹാസ്യമായ ഒരു 'ഫോക്‌ലോര്‍' ആക്കി മാറ്റുകയാണ് ചെയ്തത്.
അഭ്യസ്തവിദ്യരുടെതായ നമ്മുടെ അഹംമന്യതയെ ഏറെക്കാലം വേട്ടയാടാവുന്ന രീതിയില്‍ ഇത് പ്രചരിക്കുകയും ചെയ്തു. ഈ പ്രവര്‍ത്തനം നിശ്ചേഷ്ടമായ സാമാന്യബോധത്തെ അതിവര്‍ത്തിക്കുവാനും സാമൂഹിക രാഷ്ട്രീയ വീക്ഷണങ്ങളില്‍ പരിവര്‍ത്തനോന്മുഖമായ ഒരു വിശേഷബോധത്തിന്റെ പ്രചാരത്തിന് ആക്കം വര്‍ധിപ്പിക്കുവാനും സഹായകമായിട്ടുണ്ട്. പില്ക്കാലത്ത് ചലച്ചിത്രങ്ങളില്‍ വിശദീകരിക്കപ്പെട്ട ലോകവീക്ഷണത്തിന്റെയും സാമൂഹികസമീപനങ്ങളു
ടെയും പ്രാഗ്‌രൂപങ്ങള്‍ ആദ്യകാലത്തെ കാര്‍ട്ടൂണ്‍ പരമ്പരയില്‍ കണ്ടെടുക്കാവുന്നതാണ്.
from kerala news edited
via IFTTT