Story Dated: Monday, March 16, 2015 01:05
ചിറ്റൂര്‍(പാലക്കാട്): തട്ടിയെടുത്ത ഓട്ടോറിക്ഷയുമായി കടക്കുന്നതിനിടെ ഇടിച്ചുവീഴ്‌ത്തിയ പ്രഭാതസവാരിക്കാരന്‍ മരിച്ച സംഭവത്തില്‍ പ്രതികളുടെ ചിത്രം പോലീസിന് ലഭിച്ചു. ചിറ്റൂര്‍ കച്ചേരിമേട് ചെത്തിമറ്റം വീട്ടില്‍ രാജന്‍ പി.നായര്‍(67) ആണ് മരിച്ചത്. കോട്ടയം കറുകച്ചാലില്‍ മുന്‍മന്ത്രി നാരായണക്കുറുപ്പിന്റെ ജ്യേഷ്‌ഠന്‍ പത്മനാഭക്കുറുപ്പിന്റെ മകനാണ് മരിച്ച രാജന്‍. ചിറ്റൂര്‍ സെന്‍ട്രല്‍ എന്‍.എസ്.എസ് കരയോഗം പ്രസിഡന്റായിരുന്നു. ശനിയാഴ്‌ച പുലര്‍ച്ചെയാണ് സംഭവം.
ആലത്തൂരിനടുത്ത് ഇരട്ടക്കുളത്തുനിന്നും തട്ടിയെടുത്ത ഓട്ടോറിക്ഷയില്‍ മോഷണം നടത്തിവരുന്നതിനിടെയാണ് പ്രഭാതസവാരിക്കിറങ്ങിയ രാജനെ ഇടിച്ചിട്ടത്. തുടര്‍ന്ന് ഓട്ടോറിക്ഷ ഉപേക്ഷിച്ച് പ്രതികള്‍ കടന്നുകളഞ്ഞു. അപകടം നടന്ന സ്‌ഥലത്തിനു സമീപത്തെ ബേക്കറിയിലെ സി.സി.ടി.വിയിലാണ് പ്രതികളുടെ ചിത്രം പതിഞ്ഞിരുന്നത്. മിനി സിവില്‍ സ്‌റ്റേഷനു മുന്നില്‍വെച്ച് രാജന്‍ പി.നായരെ ഇടിച്ചുവീഴ്‌ത്തിയ ഓട്ടോറിക്ഷ സുമാര്‍ അമ്പതുമീറ്റര്‍ മാറിയുള്ള ബേക്കറിക്കു മുന്നില്‍ ഒരു മണിക്കൂറോളം നിര്‍ത്തി വിശ്രമിച്ചതിനുശേഷം ഓട്ടോയില്‍ ഉണ്ടായിരുന്ന പഴവും കഴിച്ച് മുഖംകഴുകി പോകുന്ന പ്രതികളുടെ ദൃശ്യമാണ് ക്യാമറയില്‍ പതിഞ്ഞത്. ഇതിന്റെ അടിസ്‌ഥാനത്തില്‍ ചിറ്റൂര്‍ പോലീസ് അനേ്വഷണം ഊര്‍ജിതപ്പെടുത്തി. 20 നും 25 നും ഇടയില്‍ പ്രായമുള്ളവരാണ് പ്രതികള്‍.
ഇന്നലെ രാവിലെ താലൂക്ക് ആശുപത്രിയില്‍ പോസ്‌റ്റ്മോര്‍ട്ടത്തിനുശേഷം എന്‍.എസ്.എസ് കരയോഗം ഓഫീസില്‍ പൊതുദര്‍ശനത്തിനുവെച്ചു. നിരവധി പേര്‍ അന്ത്യോപചാരമര്‍പ്പിക്കാന്‍ എത്തിയിരുന്നു. വൈകീട്ട് അഞ്ചുമണിയോടെ തെക്കേഗ്രാമം കോട്ടക്കടവ് ശ്‌മശാനത്തില്‍ സംസ്‌കരിച്ചു. ഭാര്യ: ശ്രീകുമാരി(റിട്ട.അധ്യാപിക). മക്കള്‍: രാഹുല്‍, രമ്യ. മരുമകന്‍: സുരേഷ്.
from kerala news edited
via IFTTT