Story Dated: Monday, March 16, 2015 01:05
കോട്ടയം: കൊയ്‌തെടുത്ത നെല്ല് കരയ്‌ക്കെത്തിക്കാന്‍ കഴിയാതെ കര്‍ഷകര്‍ വലയുന്നു. പള്ളം,ചിങ്ങവനം പ്രദേശത്തെ കര്‍ഷകരാണ് നെല്ല് പാടങ്ങളില്‍ തന്നെ കൂട്ടിയിട്ടിരിക്കുന്നത്. വഴികളുടെ ശോച്യാവസ്‌ഥമൂലം ഈ പാടശേഖരങ്ങളിലേക്ക് വാഹനമെത്താത്ത നിലയിലാണ്.
വേനല്‍ മഴയില്‍നിന്നും തെല്ലൊരാശ്വാസം ലഭിച്ചിട്ടും കൊയ്‌തു കൂട്ടിയ നെല്ലൊന്നു കരയ്‌ക്കെത്തിക്കുവാന്‍ കഴിയാത്തതില്‍ കര്‍ഷകര്‍ നിരാശരാണ്. വള്ളത്തില്‍ കയറ്റി കരയ്‌ക്കെത്തിക്കാമെന്നു കരുതിയാല്‍ പോള തിങ്ങി നിറഞ്ഞ തോട്ടിലൂടെ ഒരിഞ്ചുപോലും മുന്നോട്ട് പോകാനാവാത്ത സ്‌ഥിതിയിലാണ്. ഇതുമൂലം വന്‍നഷ്‌ടമാണു നേരിടുന്നതെന്ന് കര്‍ഷകര്‍ സാക്ഷ്യപെടുത്തുന്നു.
കൊച്ചുപള്ളം, ആറായിരം, കൊച്ചു പാട്ടാശേരി, കരിങ്കുന്നം കാടത്തറ തുടങ്ങിയ പാടങ്ങളിലെ കര്‍ഷകര്‍കരാണ് ഏറെ ദുരിതത്തിലായിരിക്കുന്നത്. റോഡുകളുടെ ശോച്യാവസ്‌ഥമൂലം വഴിയില്‍ പതിയിരിക്കുന്ന അപകടം മുന്‍കൂട്ടി അറിയാവുന്ന പല മില്ലുകാരും നെല്ലെടുക്കുവാന്‍ ലോറിയുമായി വരാന്‍ മടിക്കുകയാണ്. കഴിഞ്ഞദിവസം കരിങ്കുന്നം കാടത്തറ പാടത്തുനിന്നും പതിനൊന്നു ടണ്‍ നെല്ലുമായി വന്ന പെരിയാര്‍ മില്ലിന്റെ ലോറി ചിങ്ങവനം ചന്തക്കടവിനുസമീപം തോട്ടിലേക്കു മറിഞ്ഞിരുന്നു. പൂര്‍ണമായും വെള്ളത്തിനടിയിലായ ലോറിയില്‍നിന്ന് ഡ്രൈവറും, ക്ലീനറും ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടത്. രണ്ടു വര്‍ഷം മുമ്പ് ഇതേസ്‌ഥലത്തു തന്നെ നെല്ലുമായി വന്ന റാണി മില്‍സിന്റെ ലോറി തോട്ടിലേക്ക് തലകീഴായി മറിഞ്ഞ് വന്‍നാശനഷ്‌ടമുണ്ടായി. അന്നു റോഡിന്റെ തിട്ട ഇടിഞ്ഞു താഴ്‌ന്നാണ് അപകടം സംഭവിച്ചത്.
തുടര്‍ന്ന് കുട്ടനാട് പാക്കേജ് പ്രകാരം ബണ്ട് കെട്ടിയെങ്കിലും ഇത്തവണ ബണ്ട് ഇടിഞ്ഞു താഴ്‌ന്നാണ് അപകടമുണ്ടായത്. പള്ളം വാലേക്കടവിലും അപകടകരമായ സ്‌ഥിതിയാണ് നിലനില്‍ക്കുന്നതെന്നു കര്‍ഷകര്‍ പറയുന്നു. കാഞ്ഞൂര്‍ പ്രദേശത്തെ പാടശേഖരങ്ങളിലെത്തി നില്‍ക്കുന്ന ചിറയുടെ തുടക്കത്തിലുള്ള വാലേക്കടവ് പാലം അപകടകരമായ നിലയിലായിട്ട് വര്‍ഷങ്ങളായി.
തെങ്ങും തടിയില്‍ മണ്ണിട്ട് നിരത്തിയ പാലത്തിലൂടെ ലോറിയിറക്കാന്‍ ഡ്രൈവര്‍മാര്‍ മടിക്കുകയാണ്. പാടശേഖരങ്ങളിലേക്കുള്ള റോഡുകള്‍ അറ്റകുറ്റപണികള്‍ നടത്തണമെന്നും റോഡുകള്‍ പുനര്‍ നിര്‍മ്മിക്കണമെന്നുള്ള കര്‍ഷകരുടെ ആവശ്യങ്ങള്‍ക്ക് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. എന്നാല്‍ ജനപ്രതിനിധികള്‍ തിരിഞ്ഞുനോക്കുകപോലും ചെയ്‌തട്ടില്ലന്നാണ് ഇവിടുത്തെ കര്‍ഷകര്‍ പറയുന്നത്.
from kerala news edited
via IFTTT