Story Dated: Tuesday, March 31, 2015 03:56
തൃപ്രയാര്‍: സ്വന്തം ദേശത്തെ ആറാട്ടും പറസ്വീകരിക്കലും കഴിഞ്ഞ് തൃപ്രയാര്‍ തേവര്‍ പള്ളിയോടത്തില്‍ പുഴകടന്നു. ഇന്നലെ വൈകിട്ട് നിയമവെടിക്കുശേഷം തേവരെ പുറത്തേക്ക് എഴുന്നള്ളിച്ചു. ക്ഷേത്രത്തെ മൂന്നുതവണ പ്രദക്ഷിണംവച്ചശേഷം കിഴക്കെ പുഴക്കടവിലേക്ക് തേവരെ എഴുന്നള്ളിച്ചു. പള്ളിയോടത്തില്‍ കുത്തുവിളക്കുവച്ച് പടിയില്‍ ചേങ്ങലയും തേവരുടെ കോലവും വച്ചശേഷം തൃക്കോല്‍ ശാന്തി പത്മനാഭന്‍ എമ്പ്രാന്തിരി ഓടം തുഴഞ്ഞു. കുടശാന്തി കോലം പിടിച്ചു. ഈസമയം ഇരുകരകളില്‍നിന്ന് ശംഖുനാദം മുഴങ്ങി പടിഞ്ഞാറെക്കരയില്‍ തേവരെ യാത്രയയയ്‌ക്കാനും കിഴക്കേക്കരയില്‍ തേവരെ സ്വീകരിക്കാനും വന്‍ ഭക്‌തജനത്തിരക്കായിരുന്നു.
കിഴക്കേക്കരയിലെത്തിയ തേവരെ സ്വീകരിച്ച് കിഴക്കേനട മണ്ഡപത്തില്‍ ഇറക്കി ആമലത്ത് തറവാട്ടുവക പറ സ്വീകരിച്ചശേഷം കിഴക്കെനട പൂരത്തിന് എഴുന്നള്ളിച്ചു. ദേവസ്വംബോര്‍ഡിന്റെ ഗജരത്നം ബലരാമന്‍ തേവരുടെ കോലംവഹിച്ചു. മറ്റുരണ്ടു ഗജവീരന്മാരുടെ അകമ്പടിയോടെ കിഴക്കേനട പൂരത്തിന് എഴുന്നള്ളിച്ചു. പഞ്ചവാദ്യത്തിനുശേഷം ചേലൂര്‍ പൂരത്തിന് പുറപ്പെട്ടു.
ചേലൂര്‍മന, പുന്നപ്പുള്ളി മന, ജ്‌ഞാനപ്പുള്ളിമന, മുറ്റിച്ചൂര്‍ കൊട്ടാരം, കുന്നത്തുമന എന്നീ ഇല്ലങ്ങളിലെ പറകള്‍ സ്വീകരിച്ച് കുട്ടന്‍കുളം ക്ഷേത്രത്തില്‍ ഇറക്കി പൂജയും ആറാട്ടും കഴിഞ്ഞ് ക്ഷേത്രത്തില്‍ തിരിച്ചെത്തുന്ന തേവര്‍ വൈകിട്ട് തന്ത്രി ഇല്ലമായ പടിഞ്ഞാറെ മനയ്‌ക്കലേക്ക് പുറപ്പെടും. ആമലത്ത് പടിക്കലാണ് നിയമവെടി.
from kerala news edited
via IFTTT