Story Dated: Tuesday, March 31, 2015 03:56
കോഴിക്കോട്: ചുവന്ന മലകള്‍ക്ക് പേരുകേട്ട വാഴയൂരിലും കാരാടും അനധികൃത മണല്‍ കടത്ത് വ്യാപകം. രാത്രിയുടെ മറവില്‍ വ്യാപകമായി മണല്‍ കടത്തുന്ന മണല്‍ മാഫിയ നാടിനെ വെട്ടിവെളുപ്പിക്കാനുള്ള പരിശ്രമത്തിലാണ്. നാട്ടുകാരുടെ പ്രതിഷേധവും നിയമ തടസങ്ങളുംകാരണമാണ് കടത്ത് രാത്രിയിലാക്കിയത്. അഴിഞ്ഞിലം, കാരാട് ,എളാത്ത് പൊറായി, രാമനാട്ടുകര , പെരിങ്ങാവ് എന്നിവിടങ്ങളിലാണ് ഖനനം വ്യാപകമാവുന്നത്. നൂറ്റാണ്ടുകളായി ഉണ്ടായിരുന്ന കുന്നുകള്‍ പലതും ഇവിടെ അപ്രത്യക്ഷമായി പ്രദേശത്തിന്റെ മുഖഛായ തന്നെ മാറി.
വികസനത്തിന്റെ പേരില്‍ കടുത്ത പ്രകൃതി ചൂഷണമാണ് വന്‍കിട റിയല്‍ എസ്‌റ്റേറ്റ് മാഫിയകളുടെ നേതൃത്വത്തില്‍ പ്രദേശത്ത് നടക്കുന്നത്. ചുളുവിലയ്‌ക്ക് കുന്നുകള്‍ വിലയ്‌ക്കുവാങ്ങി വയല്‍ നികത്തി വന്‍വിലയ്‌ക്ക് മറിച്ച് വില്‍ക്കുകയാണിവര്‍. ഇത്തരം ചൂഷണങ്ങള്‍ക്കെതിരേ പ്രതിഷേധമുയരുമ്പോള്‍ അധികൃതര്‍ സ്‌ഥലം സന്ദര്‍ശിക്കുകയും അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്യാറുണ്ട്. എന്നാല്‍, കുറ്റക്കാര്‍ക്കെതിരേ തുടര്‍നടപടികള്‍ ഉണ്ടാകാത്തതിനാലാണു വയലുകള്‍ വീണ്ടും ചെമ്മണ്ണ് വീണ് ചുവക്കുന്നത്.
ഖനനം നടത്തിയ മണ്ണ് ഭൂരിഭാഗവും ഉപയോഗിക്കുന്നത് വയലല്‍ നികത്താനാണ്. ചെറുകാവ് പഞ്ചായത്തില്‍ വ്യാപകമായി കുന്നിടിച്ച് വയല്‍ നികത്തിയിട്ടുണ്ട്. വാഴയൂര്‍ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ മട്ടി മണല്‍ ഖനനവും നടക്കുന്നു. വയല്‍ നികത്തുന്ന ഭാഗങ്ങളില്‍ ഇപ്പോഴും വാഴ കൃഷി, നെല്‍ കൃഷി എന്നിവ നടക്കുന്നുണ്ട്.
ചില നിലങ്ങള്‍ വീടു നിര്‍മ്മിക്കാനായി നികത്തുന്നതാണ്. മറ്റു ഭാഗങ്ങള്‍ സര്‍ക്കാര്‍ പദ്ധതിയുടെ പേരില്‍ മണ്ണിട്ട് നികത്തുകയാണ്. വയലില്‍ മതില്‍ കെട്ടിയും കിണര്‍ കുഴിച്ചും ഭൂമി തരം മാറ്റലും ഇവിടെ വ്യാപകമാണ് . ഓട് ഇഷ്‌ടിക കമ്പനികള്‍ക്കും ഇവിടെ നിന്നു മണ്ണ് കൊണ്ടു പോവാറുണ്ട് . സര്‍ക്കാര്‍ ഖനനം നിരോധിച്ചതോടുകൂടി മണ്ണ്‌കിട്ടാനില്ലാതെ അടച്ചിടേണ്ട അവസ്‌ഥയാണ് ഓട് ഇഷ്‌ടിക കമ്പനികള്‍ക്ക്. അനധികൃതമായി കിട്ടുന്ന മണ്ണ് മാത്രമാണ് ഇവരുടെ നിലനില്‍പ്പ്. മണലെടുപ്പും മലിനീകരണവും മൂലം നാശത്തിന്റെ വക്കിലാണ് പ്രദേശം. മണല്‍ ലോറികളുടെ പാച്ചില്‍ കാരണം റോഡും പൊട്ടിപ്പൊളിഞ്ഞ അവസ്‌ഥയാണ്.
from kerala news edited
via IFTTT