Story Dated: Tuesday, March 31, 2015 03:56
കണ്ണൂര്‍: ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെയും ജവഹര്‍ പബ്ലിക് ലൈബ്രറിയുടെയും ആഭിമുഖ്യത്തില്‍ ലൈബ്രറി ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച നെഹ്‌റു നവഭാരത ശില്‌പി ഫോട്ടോ പ്രദര്‍ശനം ചരിത്രത്തിലെ ഒരു സുവര്‍ണ കാലഘട്ടത്തിന്റെ ഓര്‍മപ്പെടുത്തലായി. നെഹ്‌റുവിന്റെ ജീവിതത്തിലെ അപൂര്‍വ മുഹൂര്‍ത്തങ്ങളുടെ ഫോട്ടോകള്‍ ഒരുക്കിയായിരുന്നു പ്രദര്‍ശനം.
ജവഹര്‍ലാല്‍ നെഹ്‌റു, ഇന്ദിരാഗാന്ധി, രാജീവ്, സഞ്‌ജയ് തുടങ്ങിയവരുടെ കുട്ടിക്കാലം, നെഹ്‌റുവിന്റെ വിവാഹഫോട്ടോ, സേവാദള്‍ വളണ്ടിയറുടെ വേഷത്തിലുള്ള ഫോട്ടോ, ബ്രിട്ടനില്‍ പോയ വേളയില്‍ ആധുനികവേഷവിധാനങ്ങളില്‍ ഇന്ദിരയോടൊപ്പമുള്ള ഫോട്ടോ, വടക്കുകിഴക്കന്‍ സംസ്‌ഥാനങ്ങളിലെ പരമ്പരാഗത വേഷത്തിലുള്ള ഫോട്ടോ തുടങ്ങിയവ ശ്രദ്ധിക്കപ്പെടുന്നു. ഫിറോസ്‌ഗാന്ധിയുടെ വിയോഗവേളയില്‍ ബാലനായ രാജീവിനെ ചേര്‍ത്തുപിടിച്ച് സാന്ത്വനിപ്പിക്കുന്ന ചിത്രം ഹൃദയസ്‌പര്‍ശിയാണ്. മഹാത്മാഗാന്ധിയുടെ വിയോഗത്തില്‍ രാജ്യത്തെ തളരാതെ കൈപിടിച്ചുനിര്‍ത്തുന്ന രാഷ്‌ട്രനേതാവായും നെഹ്‌റുവിനെ കാണാം.
സ്വാതന്ത്യലബ്‌ധിയുടെ വേളയില്‍ നെഹ്‌റു രാജ്യത്തിന്റെ സാരഥ്യമേറ്റെടുക്കുന്നതിന്റെയും അതുവരെ വിലക്കപ്പെട്ടു മാറ്റിനിര്‍ത്തിയിരുന്ന ഭാരതത്തിന്റെ ത്രിവര്‍ണപതാകയെ ബ്രിട്ടീഷ് ഗവര്‍ണര്‍ ജനറല്‍ മൗണ്ട് ബാറ്റണ്‍ പ്രഭു സല്യൂട്ട് ചെയ്യുന്നതിന്റെയും ചിത്രം ഓരോ ഭാരതീയന്റെയും ആത്മാഭിമാനത്തെ ഉണര്‍ത്തുന്നതാണ്. അമേരിക്കയിലെ ജോണ്‍ എഫ് കെന്നഡി, ബ്രിട്ടനിലെ ഹാരോള്‍ഡ് മാക്‌മില്ലന്‍, എലിസബത്ത് രാജ്‌ഞി, ചൈനയിലെ മാവോ സേതൂങ്, ചൗ എന്‍ ലായി, ഈജിപ്‌തിലെ ഗമാല്‍ അബ്‌ദുല്‍ നാസര്‍, ആല്‍ബര്‍ട്ട് ഐന്‍സ്‌റ്റീന്‍, വി കെ കൃഷ്‌ണമേനോന്‍, രവീന്ദ്രനാഥ ടാഗോര്‍, സുഭാഷ് ചന്ദ്രബോസ്, സര്‍ദാര്‍ പട്ടേല്‍, ദലൈലാമ തുടങ്ങിയവരോടൊത്തുള്ള നെഹ്‌റുവിന്റെ ചിത്രങ്ങള്‍ ഇന്ത്യയുടെ നയതന്ത്രസൗഹൃദത്തിന്റെ ഓര്‍മപ്പെടുത്തലാണ്. 1952 ല്‍ പുന്നമടക്കായലില്‍ നടന്ന ജലോല്‍സവത്തിലെ വിജയികള്‍ക്ക് നെഹ്‌റു സമ്മാനദാനം നല്‍കുന്ന ഫോട്ടോ കേരളവുമായുള്ള ഹൃദയബന്ധത്തെ എടുത്തുകാണിക്കുന്നു.
from kerala news edited
via IFTTT