Story Dated: Wednesday, April 1, 2015 02:12
പത്തനാപുരം: ഉത്സവ കെട്ടുകാഴ്‌ചക്കിടെ മധ്യവയസ്‌കന്‍ ഷോക്കേറ്റ് മരിച്ചു. കമുകുംചേരി വരിയ്‌ക്കോലില്‍ പനയ്‌ക്കവിള വീട്ടില്‍ ഗോപാലകൃഷ്‌ണപിള്ള(50)യാണു മരിച്ചത്. കമുകുംചേരി തിരുവിളങ്ങോനപ്പന്‍ ക്ഷേത്രത്തിലെ ഉത്സവഘോഷയാത്രയുടെ കാളയെടുപ്പിനിടെ വൈദ്യുതാഘാതമേറ്റാണ് അപകടം സംഭവിച്ചത്. വരിക്കോലില്‍ ജംഗ്‌ഷനില്‍ നിന്നാരംഭിച്ച ഘോഷയാത്രയില്‍ കെട്ടുകാളയുടെ മുകളിലിരുന്നു വൈദ്യുതകമ്പി വടി ഉപയോഗിച്ചു മാറ്റുകയായിരുന്നു ഗോപാലകൃഷ്‌ണപിള്ള. ഇതിനിടെ 11കെ.വി. ലൈനില്‍ തട്ടിയാണ് ഷോക്കേറ്റത്.
താഴെ വീണ ഇദ്ദേഹത്തെ നാട്ടുകാര്‍ ആശുപത്രിയിലേക്കു കൊണ്ടുപോകവേ വഴിമധ്യേ മരിച്ചു. സാധാരണയായി ഉത്സവഘോഷയാത്രകള്‍ക്കിടെ വൈദ്യുതിബന്ധം വേര്‍പ്പെടുത്താറുണ്ട്. എന്നാല്‍ ഇവിടെ ഗാര്‍ഹിക കണക്ഷനുകളിലെ വൈദ്യുതിബന്ധം മാത്രമാണ് വിച്‌ഛേദിച്ചിരുന്നത്. 11 കെ.വിയില്‍ വൈദ്യുതി പ്രവഹിച്ചിരുന്നു. ഇതു അറിയാതിരുന്നതാണ് അപകടത്തിനു കാരണമായത്. മൃതദേഹം പുനലൂര്‍ താലൂക്കാശുപത്രി മോര്‍ച്ചറിയില്‍. മൃതദേഹംപോസ്‌റ്റുമോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്കു വിട്ടുകൊടുക്കും. ഭാര്യ: രജനി. മക്കള്‍: അശ്വതി, ആതിര.
from kerala news edited
via IFTTT