121

Powered By Blogger

Tuesday, 31 March 2015

നെടുമ്പാശ്ശേരി, കണ്ണൂര്‍ വിമാനത്താവളങ്ങളില്‍ ഫ്രീസോണ്‍ വരുന്നു








നെടുമ്പാശ്ശേരി, കണ്ണൂര്‍ വിമാനത്താവളങ്ങളില്‍ ഫ്രീസോണ്‍ വരുന്നു


Posted on: 01 Apr 2015



മാര്‍ഗനിര്‍ദേശം നല്‍കുന്നത് ദുബായ് എയര്‍പോര്‍ട്ട് ഫ്രീസോണ്‍ കമ്പനി




ദുബായ്:
നെടുമ്പാശ്ശേരി, കണ്ണൂര്‍ വിമാനത്താവളങ്ങളില്‍ ഫ്രീസോണ്‍ പദ്ധതി നടപ്പാക്കാന്‍ ധാരണയായി. ദുബായ് എയര്‍പോര്‍ട്ട് ഫ്രീസോണ്‍ കമ്പനിയായിരിക്കും ഇക്കാര്യത്തില്‍ കേരളത്തിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുന്നത്.

ആഗോള നിക്ഷേപക സംഗമത്തിനായി ദുബായില്‍ എത്തിയ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ചൊവ്വാഴ്ച കാലത്ത് ദുബായ് എയര്‍പോര്‍ട്ട് ഫ്രീ സോണ്‍ അധികൃതരുമായി നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷമാണ് പ്രഖ്യാപനമുണ്ടായത്. ലോകത്തിലെ ഏറ്റവും മികച്ച ഫ്രീസോണ്‍ എന്ന നിലയില്‍ ഫോര്‍ച്യൂണ്‍-100 കമ്പനികളിലൊന്നായ ദുബായ് എയര്‍പോര്‍ട്ട് ഫ്രീസോണിന്റെ സഹകരണം കേരളത്തിന് ഉറപ്പായ സാഹചര്യത്തില്‍ ഇനി ഇതുസംബന്ധിച്ച നടപടികള്‍ സജീവമാക്കും. യു.എ.ഇ. സര്‍ക്കാര്‍ നിക്ഷേപം നടത്താന്‍ കഴിഞ്ഞദിവസം സന്നദ്ധത പ്രകടിപ്പിച്ച മൂന്ന് വന്‍കിട പദ്ധതികളിലൊന്ന് എയര്‍പോര്‍ട്ട് ഫ്രീസോണ്‍ ആയിരിക്കുമെന്ന് യോഗത്തിന് ശേഷം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പത്രസമ്മേളനത്തില്‍ പറഞ്ഞു. നെടുമ്പാശ്ശേരിയിലും കണ്ണൂരിലും സ്ഥലം പുതുതായി ഏറ്റെടുക്കേണ്ടതില്ല എന്നതാണ് അനുകൂല ഘടകമെന്നും മുഖ്യമന്ത്രി പറഞ്ഞു.


നിര്‍ദേശങ്ങള്‍ നല്‍കുന്നതിനൊപ്പം ഇതിന്റെ നടത്തിപ്പിലും ദുബായ് ഫ്രീസോണ്‍ വലിയ പങ്കുവഹിക്കും. പദ്ധതി സംബന്ധിച്ച കാര്യങ്ങള്‍ കേരളത്തിലെത്തി ചര്‍ച്ചനടത്തിയശേഷം ഉന്നതതലസംഘം ദുബായിലെത്തി ഭാവിപ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്‍കും.

ഒരു സര്‍ക്കാറുമായി ദുബായ് എയര്‍പോര്‍ട്ട് ഫ്രീസോണ്‍ ആദ്യമായാണ് ധാരണയിലെത്തുന്നതെന്നും ഇക്കാര്യത്തില്‍ ഏറെ സന്തോഷമുണ്ടെന്നും മുഖ്യമന്ത്രിക്കൊപ്പം പത്രസമ്മേളനത്തിനെത്തിയ ഡയറക്ടര്‍ ജനറല്‍ ഡോ. മൊഹമ്മദ് അല്‍ സറൂണി പറഞ്ഞു. ദുബായ് ഫ്രീസോണ്‍ ഒട്ടേറെ വിദേശനിക്ഷേപങ്ങള്‍ സ്വീകരിച്ചിട്ടുണ്ട്. അത് കേരളത്തിന് വേണ്ടിയും നല്‍കുന്നതില്‍ സന്തോഷമുണ്ട്. കേരളത്തിലേക്കുള്ള ക്ഷണം ഞങ്ങള്‍ സ്വീകരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.


ദുബായ് ഫ്രീസോണ്‍ നേരിട്ട് കേരളത്തില്‍ നിക്ഷേപം നടത്തില്ലെങ്കിലും യു.എ.ഇ. സര്‍ക്കാറിന്റെ മറ്റ് നിരവധി സ്ഥാപനങ്ങള്‍ ഇതില്‍ പങ്കാളികളാകും. ഇന്ത്യയില്‍ വിദേശനിക്ഷേപത്തിന് ഇപ്പോള്‍ അനുമതി ലഭിച്ച സാഹചര്യത്തില്‍ ഇക്കാര്യത്തിലുള്ള നടപടികള്‍ക്ക് സാങ്കേതികതടസ്സങ്ങളില്ല. അതേസമയം, എല്ലാ നടപടിക്രമങ്ങളും പാലിച്ചുകൊണ്ടായിരിക്കും മുന്നോട്ടുള്ള നീക്കങ്ങളെന്നും മുഖ്യമന്ത്രി പറഞ്ഞു. ദുബായ് ഫ്രീസോണ്‍ മേധാവികളുമായുള്ള ചര്‍ച്ചയില്‍ വ്യവസായ പ്രിന്‍സിപ്പല്‍ സെക്രട്ടറി പി.എച്ച്. കുര്യന്‍, കെ.എസ്.ഐ.ഡി.സി. മാനേജിങ് ഡയറക്ടര്‍ ഡോ. ബീന, നോര്‍ക്ക റൂട്ട്‌സ് വൈസ് ചെയര്‍മാന്‍ എം.എ. യൂസഫലി എന്നിവരും സംബന്ധിച്ചു.


ദുബായ് ഫ്രീസോണില്‍ ഇപ്പോള്‍ 1400-ല്‍ ഏറെ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 15,000 പേര്‍ ജോലിചെയ്യുന്നു. കമ്പനികളില്‍ 96 എണ്ണം ഇന്ത്യക്കാരുടേതാണ്. ഇതില്‍ 90 ശതമാനവും സാങ്കേതിക സ്ഥാപനങ്ങളാണെന്ന് ഡോ. മൊഹമ്മദ് അല്‍ സറൂണി അറിയിച്ചു. എറണാകുളം കാക്കനാട്ടെ കിന്‍ഫ്രയുടെ ഇന്റസ്ട്രിയല്‍ പാര്‍ക്കില്‍ സ്വകാര്യ പങ്കാളിത്തത്തോടെയുള്ള പദ്ധതിക്കും ധാരണയായി. ദുബായിലെ പ്രവാസി മലയാളിയായ ഉമ്മര്‍ സലീമിന്റെ നേതൃത്വത്തിലുള്ള പ്രിന്റഡ് ഇലക്ട്രോണിക്‌സ് ടെക്‌നോളജിയുമായാണ് ധാരണ. കിന്‍ഫ്രയുമായുള്ള സംയുക്ത സംരംഭമായിരിക്കും ഇത്. ഇതിന്റെ ധാരണാപത്രത്തിലും ചൊവ്വാഴ്ച ഒപ്പുവെച്ചതായി വ്യവസായ പ്രിന്‍സിപ്പല്‍ സെക്രട്ടറി പി.എച്ച്. കുര്യന്‍ അറിയിച്ചു. ദുബായിലെ സിലിക്കണ്‍ ഒയാസിസില്‍ ഉമ്മര്‍ സലീം ആരംഭിക്കുന്ന സമാനമായ പദ്ധതിയില്‍ ദുബായ് ഫ്രീസോണും പങ്കാളിയാവും.













from kerala news edited

via IFTTT