Story Dated: Wednesday, April 1, 2015 02:13
ചിറ്റാര്‍: ന്യൂജനറേഷന്‍ കാലഘട്ടത്തില്‍ കൃഷിയില്‍ നിന്നു യുവാക്കള്‍ ഒളിച്ചോടുമ്പോള്‍ പ്രായത്തെ വെല്ലുവിളിച്ച് വിജയഭാനു തന്റെ കൃഷിയിടത്തില്‍ നൂറുമേനി വിളവ് കൊയ്യുന്നു.
ആങ്ങമൂഴി കോട്ടമണ്‍പാറയില്‍ മണ്ണില്‍ വീട്ടില്‍ വിജയഭാനു (72) പ്രായത്തെ ലവലേശം കൂസാതെയാണ് കൃഷിയിടത്തില്‍ വിയര്‍പ്പൊഴുക്കുന്നത്. തന്റെ 40 സെന്റ് ഭൂമിയില്‍ 240 മൂട് പാവല്‍, 80 മൂട് ഏത്തവാഴ, 110 മൂട് കാച്ചില്‍, 40 മൂട് ചേന, 100 മൂട് ചേമ്പ്, 50 മൂട് നനകിഴങ്ങ്, 50 മൂട് കൈതച്ചക്ക എന്നിവയാണ് കൃഷി ചെയ്യുന്നത്.
എയര്‍ഫോഴ്‌സില്‍നിന്നു വിരമിച്ചിട്ട് 36 വര്‍ഷമായി. അന്നു മുതല്‍ തുടങ്ങിയതാണ് വിജയഭാനുവിന്റെ കൃഷിപ്പണി.
പുലര്‍ച്ചെ 5.30 ന് കൃഷിത്തോട്ടത്തിലെത്തി പണിതുടങ്ങും. 10.30 വരെ ജോലിചെയ്‌തശേഷം കൃഷിയിടത്തിലെ കാവല്‍പുരയില്‍ വിശ്രമിക്കും. വീണ്ടും വൈകിട്ട് 6.30 വരെ അധ്വാനം തുടരും. ആരുടേയും സഹായമില്ലാതെ ഒറ്റയ്‌ക്കാണ് ജോലിചെയ്യുക.
എല്ലാവര്‍ഷവും കൃഷിചെയ്യും. കക്കാട്ടാറില്‍ നീരൊഴുക്ക് കുറവായതിനാല്‍ ആറ്റുതിട്ടയിലാണ് 240 മൂട് പാവല്‍ കൃഷി ചെയ്യുന്നത്. കൃഷിക്കാവശ്യമായ ജലം കക്കാട്ടാറില്‍ നിന്നു മോട്ടോര്‍വച്ച് പമ്പ്‌ചെയ്‌താണ് ഉപയോഗിക്കുന്നത്. ആഴ്‌ചയില്‍ ആയിരം കിലോ പാവയ്‌ക്ക ഇതിനുമുമ്പ് വിളവ് കിട്ടിയിട്ടുണ്ട്.
കാട്ടുപന്നി, കുരങ്ങ് എന്നിവ കൃഷി വ്യാപകമായി നശിപ്പിക്കുന്നതിനാല്‍ ഇവയെ ഓടിക്കുന്നതിന് പലപ്പോഴും ഉറക്കമിളച്ച് കാവല്‍പുരയിലിരിക്കും. ആഴികൂട്ടിയും പാട്ടകൊട്ടിയുമാണ് മൃഗങ്ങളെ ഓടിക്കുന്നത്.
വളരെ വൃത്തിയോടും വെടിപ്പോടെയുമാണ് കൃഷിയിടം ഒരുക്കിയിരിക്കുന്നത്.സര്‍ക്കാരില്‍നിന്നു കൃഷിക്ക് യാതൊരു സഹായവും ലഭിക്കുന്നില്ലെന്ന് വിജയഭാനു പറഞ്ഞു. കഴിയുന്നത്രകാലം കൃഷിപ്പണി തുടരാനാണ് തീരുമാനം.
from kerala news edited
via IFTTT