Story Dated: Wednesday, April 1, 2015 02:13
പാലക്കാട്: വാളയാര്‍ ചെക്‌പോസ്‌റ്റിലെ കാത്തുകിടപ്പിന്റെ പേരില്‍ ലോറി ഉടമകള്‍ സമരം തുടങ്ങിയ സാഹചര്യത്തില്‍ കേരള വിപണിയില്‍ നിത്യോപയോഗ സാധനങ്ങളുടെ വില കുതച്ചുയരും. ഈസ്‌റ്റര്‍, വിഷു ആഘോഷങ്ങള്‍ അടുത്തിരിക്കെയുള്ള സമരം സാധാരണക്കാരെയാണ് രൂക്ഷമായി ബാധിക്കുക. നേരത്തെ കേരളത്തിലേക്കുള്ള ചരക്കുനീക്കം നിര്‍ത്തിവെയ്‌ക്കുമെന്നാണ് ലോറി ഉടമകള്‍ പറഞ്ഞിരുന്നതെങ്കിലും ഈ തീരുമാനത്തില്‍ നിന്നും പിന്നോട്ടുപോയിട്ടുണ്ട്. നിലവില്‍ പാലക്കാട് ജില്ലയിലെ അതിര്‍ത്തി ചെക്‌പോസ്‌റ്റുകള്‍ വഴി ചരക്കു കടത്തില്ലെന്നാണ് തീരുമാനം. കേരളത്തിലെ മറ്റ് ചെക്‌പോസ്‌റ്റുകളെ സമരത്തില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ടെങ്കിലും വാളയാറിലെ സ്‌തംഭനം സംസ്‌ഥാന വിപണിയെ കാര്യമായി സ്വാധീനിക്കും.
കേരളത്തിലേക്ക് ഏറ്റവും കൂടുതല്‍ ചരക്കുവാഹനങ്ങള്‍ കടന്നുവരുന്ന ചെക്‌പോസ്‌റ്റാണ് വാളയാര്‍. നിത്യേന 3000 ത്തോളം വാഹനങ്ങള്‍ ഇതുവഴി അതിര്‍ത്തി കടക്കുന്നുണ്ടെന്നാണ് കണക്ക്. പഴവും പച്ചക്കറിയുമായി 400 ലോഡ് വരും. അരി ഉള്‍പ്പെടെയുള്ള മറ്റ് സാധനങ്ങളുമായി 600 ലോഡും 90-95 ലക്ഷത്തോളം ഇറച്ചിക്കോഴിയും ഒരുകോടി മുട്ടയും പാലക്കാടു വഴിയാണ് മലയാളിയുടെ തീന്‍മേശയില്‍ എത്തുന്നത്. സംസ്‌ഥാനത്തെ മിക്കവാറും ജില്ലകളിലേക്കുള്ള ചരക്കുവാഹനങ്ങളും വാളയാര്‍ വഴി എത്തുന്നുണ്ട്. ഇത് പൂര്‍ണമായും നിലയ്‌ക്കുന്നതോടെ നിത്യേന കോടികളുടെ നികുതി നഷ്‌ടവും സര്‍ക്കാര്‍ ഖജനാവിന് നേരിടേണ്ടിവരും.
തമിഴ്‌നാട് അതിര്‍ത്തിയിലുള്ള ചാവടി ചെക്‌പോസ്‌റ്റില്‍ വെറും അഞ്ചുമിനുറ്റ് മാത്രം നിര്‍ത്തിയിടുന്ന വണ്ടികള്‍ക്ക് വാളയാര്‍ കടക്കാന്‍ കുറഞ്ഞത് പത്തുമണിക്കൂറെങ്കിലും കാത്തുകിടക്കേണ്ടി വരുന്നതാണ് പ്രധാന പ്രശ്‌നം. വാണിജ്യനികുതി ചെക്‌പോസ്‌റ്റില്‍ ആവശ്യത്തിന് ജീവനക്കാരെ നിയോഗിക്കാത്തതും അപരിഷ്‌കൃത പരിശോധനാ രീതികള്‍ തുടരുന്നതുമാണ് കാരണം. വാണിജ്യനികുതി ചെക്‌പോസ്‌റ്റ് ടെര്‍മിനലിലെ പത്തുകൗണ്ടറുകള്‍ തുറന്നു പ്രവര്‍ത്തിച്ചാല്‍ പ്രശ്‌നത്തിന് നല്ലൊരളവുവരെ പരിഹാരമാവും. പക്ഷേ ഇതിനാവശ്യമായ ജീവനക്കാരെ വാളയാറില്‍ നിയോഗിക്കാറില്ല. വാണിജ്യനികുതി ചെക്‌പോസ്‌റ്റില്‍ 81 ജീവനക്കാര്‍ വേണ്ട സ്‌ഥാനത്ത് വെറും 45 പേരെയാണ് നിയമിക്കുന്നത്. ഇതില്‍ ദിവസം ഡ്യൂട്ടിക്കുണ്ടാവുക 30-34 പേരാണ്. മിക്കവാറും മൂന്നു കൗണ്ടറുകളിലാണ് ജീവനക്കാരുണ്ടാവുക.
ചെക്‌പോസ്‌റ്റില്‍ ഗതാഗത കുരുക്ക് സൃഷ്‌ടിച്ച് ഉദ്യോഗസ്‌ഥ-രാഷ്‌ട്രീയ ലോബി പണം കൊയ്യുന്നതായുള്ള ആക്ഷേപം ശക്‌തമാണ്. നിത്യേന 50 ലക്ഷത്തോളം രൂപയുടെ നികുതി നഷ്‌ടം ചെക്‌പോസ്‌റ്റുകളില്‍ സംഭവിക്കുന്നതായാണ് വിലയിരുത്തല്‍. വാളയാറില്‍ വേബ്രിഡ്‌ജ് സ്വകാര്യ കരാറുകാരന് നല്‍കിയതുതന്നെ ഇതിന് ഉദാഹരണമായി ചൂണ്ടികാണിക്കുന്നു. അമിതഭാരം തെളിഞ്ഞാല്‍ അത് ഇറക്കുകയാണ് വേണ്ടത്. പകരം, പിഴ ചുമത്താതിരിക്കാന്‍ മാമൂല്‍ നല്‍കി രക്ഷപ്പെടുന്നതാണ് പതിവെന്നും പറയുന്നു.
എന്‍. രമേഷ്
from kerala news edited
via IFTTT