Story Dated: Thursday, March 26, 2015 02:15
വൈക്കം: വേനലവധി... അതൊരു ഉത്സവമായിരുന്നു. കുട്ടികളില്‍ പ്രതീക്ഷയും കാത്തിരിപ്പും സന്തോഷവും ഉണ്ടാക്കുന്ന ഉത്സവം. ഇന്നും അവധി ഒരു ആഘോഷം തന്നെയാണ്. പക്ഷേ ഉത്സവമല്ല. പണ്ട് വലിയ അവധിയെന്നാല്‍, പഠനത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും അതിര്‍വരമ്പുകളില്ലാത്ത ഉല്ലാസകാലം.
എന്തെല്ലാം നാടന്‍ കളികള്‍. കൃഷിയില്ലാത്ത പാടങ്ങളില്‍ പന്ത് കളിച്ചും, പറമ്പുകളില്‍ സാറ്റും ഓടിപ്പിടുത്തവും, മുറ്റത്ത് കുട്ടിയും കോലും, അക്കും എല്ലാം കളിച്ച് തിമിര്‍ത്തുനടക്കുന്ന കുട്ടിക്കുറുമ്പന്‍മാരും കുറുമ്പികളും... മരക്കൊമ്പുകളില്‍ വലിഞ്ഞുകയറിയും കല്ലെറിഞ്ഞും മാമ്പഴവും ചാമ്പങ്ങയുമെല്ലാം ശേഖരിച്ച് അവര്‍ ഒത്തുകൂടി അത് പങ്കുവെച്ച് നുണയുന്ന കാഴ്‌ച എന്തൊരു രസമായിരുന്നു.
പറമ്പുകളില്‍ കുട്ടിക്കളികളും കുട്ടി വര്‍ത്തമാനങ്ങളുമായി ആടിത്തിമിര്‍ക്കുന്നു. എന്നാല്‍ ഇന്നത്തെ കുട്ടികളോ...? ഇന്നവര്‍ സന്തോഷം കണ്ടെത്തുന്നത് വീഡിയോ ഗെയിമുകളിലും കൊച്ചു ടി.വിയിലും ക്ലബ്ബില്‍ പോയി കളിക്കാവുന്ന കളികളിലുമാണ്. ഇതൊന്നുമില്ലെങ്കില്‍ അവധിക്കാല കോഴ്‌സില്‍ ചേരുമവര്‍. ഏതെങ്കിലും നാല് ചുവരുകള്‍ക്കുളളില്‍ ഒളിക്കാന്‍ അവര്‍ ഇഷ്‌ടപ്പെടുന്നു.
അവധി ഇന്ന് നേരംപോക്കുകളില്ലാത്ത വെറും നാളുകള്‍. പണ്ടൊക്കെ കുട്ടികള്‍ വേനല്‍ അവധിക്കായി കാത്തിരിക്കും. കുട്ടികളെല്ലാം തറവാട്ടു വീടുകളിലും അമ്മ വീടുകളിലും ഒത്തുകൂടും. അയല്‍വക്കത്തെ ശിങ്കിടി കൂടെയുണ്ടെങ്കില്‍ ഒരു കുട്ടിപ്പട തന്നെയായി. ഈ സന്തോഷവും ഒത്തുചേരലുകളുമെല്ലാം ഇന്ന് മുതിര്‍ന്നവര്‍ പറഞ്ഞുകേള്‍ക്കുന്ന അനുഭവങ്ങള്‍ മാത്രം.
ഈ നഷ്‌ടങ്ങളെല്ലാം വീണ്ടെടുക്കാമെന്ന് വിചാരിച്ചാല്‍ അവിടെയും സാഹചര്യങ്ങള്‍ കുറഞ്ഞിരിക്കുന്നു. പന്ത് കളിക്കാനൊരു പാടത്തിനായി കിലോമീറ്ററുകള്‍ താണ്ടണം. പറമ്പുകള്‍ എവിടെയുണ്ട്. ഒന്നുകില്‍ അവ കാടുപിടിച്ച് ഇഴജന്തുക്കളുടെ താവളമായി മാറിയിരിക്കുന്നു. പ്രകൃതി നമ്മെ പഠിപ്പിച്ചത് മതില്‍കെട്ടുകള്‍ക്കും ഫ്‌ളാറ്റുകള്‍ക്കുമുള്ളില്‍ ഒളിക്കാനല്ല. മറിച്ച് പ്രകൃതി സൗന്ദര്യം ഉപയോഗപ്പെടുത്താനാണ്.
കമ്പ്യൂട്ടറിന് മുന്നില്‍ ജീവിതം ഹോമിക്കുന്നവരും ജോലി ഭാരത്തിന്റെ തലവേദനയില്‍ മുങ്ങിയവരും നമ്മുടെ നാട്ടിന്‍പുറത്തെ തൊടിയില്‍ അഞ്ച് നിമിഷം നിന്നാല്‍ എല്ലാ പ്രശ്‌നങ്ങളും വിട്ടുപോകുന്നതു കാണാം.
അതാണ് നമ്മുടെ തൊടികളുടെയും പാടങ്ങളുടെയും ശക്‌തി. ഇതൊന്നും ഇന്നത്തെ തലമുറ തിരിച്ചറിയുന്നില്ല. അവര്‍ ഹൈക്ലാസ് ജീവിതത്തിന്റെ പിന്നാലെ ലക്ഷ്യമില്ലാതെ അലയുകയാണ്.
ഇനിയുള്ള തലമുറക്കെങ്കിലും ഇത് തിരിച്ചറിയാന്‍ കഴിഞ്ഞില്ലെങ്കില്‍ പതിയിരിക്കുന്നത് ഏറെ സ്‌ഫോടനാത്മകമായ സംഭവങ്ങളായിരിക്കും. വീടമ്മമാര്‍ പറയുന്നത് അവധിക്കാലത്തും ഒരുപാട് അവര്‍ക്ക് പഠിക്കാനുണ്ടെന്നാണ്. ശരിയാണ്, പക്ഷേ അത് പൂര്‍ണ്ണമായും അവധിക്കാല കോഴ്‌സുകളില്‍ നിന്നായിരിക്കരുത്. കുറച്ചൊക്കെ പ്രകൃതിയില്‍ നിന്നും ആയിരിക്കണം.
from kerala news edited
via IFTTT