Story Dated: Thursday, March 26, 2015 04:56
സിഡ്‌നി: ലോകകപ്പ് ക്രിക്കറ്റില്‍ നിലവിലെ ചാമ്പ്യന്‍മാരായ ഇന്ത്യയെ പരാജയപ്പെടുത്തി ഓസ്‌ട്രേലിയ ഫൈനലില്‍. മുന്‍നിര ബാറ്റ്‌സ്മാന്‍മാര്‍ വിക്കറ്റ് വലിച്ചെറിഞ്ഞതോടെ ഇന്ത്യയുടെ ഫൈനല്‍ സ്വപ്‌നം പാതിവഴിയില്‍ പൊലിഞ്ഞു. നിശ്‌ചിത 50 ഓവറില്‍ 329 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 46.5 ഓവറില്‍ 233 റണ്ണിന് പുറത്തായി.
ഞായറാഴ്‌ച മെല്‍ബണില്‍ നടക്കുന്ന ഫൈനലില്‍ ഓസ്‌ട്രേലിയ ന്യൂസിലന്‍ഡിനെ നേരിടും. ചൊവ്വാഴ്‌ച നടന്ന ഒന്നാം സെമിയില്‍ ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തി ന്യൂസിലന്‍ഡ് ഫൈനല്‍ ബെര്‍ത്ത് ഉറപ്പിച്ചിരുന്നു.
തുടക്കം തന്നെ പിഴച്ച ഇന്ത്യയ്‌ക്ക് രോഹിത് ശര്‍മയുടെ വിക്കറ്റാണ് ആദ്യം നഷ്‌ടപ്പെട്ടത്. 34 റണ്‍സാണ് രോഹിത് ശര്‍മുടെ സമ്പാദ്യം. ജോണ്‍സന്റെ പന്തില്‍ രോഹിത് ശര്‍മ വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയായിരുന്നു. 45 റണ്ണെടുത്ത ശിഖര്‍ ധവാനും പിന്നാലെ വിക്കറ്റ് നഷ്‌ടപ്പെടുത്തി. വിരാട് കോഹ്ലി ഒരു റണ്ണിന് പുറത്തായി. അജിങ്ക്യ രഹാനെ 44 റണ്ണും രവീന്ദ്ര ജഡേജ 16 റണ്ണിനും പുറത്തായി. സുരേഷ് റെയ്‌ന ഏഴ് റണ്ണെടുത്തു പുറത്തായി. അഞ്ച് റണ്ണെടുത്ത ആര്‍. അശ്വിന്‍ ബൗള്‍ഡാവുകയായിരുന്നു. 65 റണ്ണെടുത്ത ഇന്ത്യന്‍ നായകന്‍ ധോണി റണ്ണൗട്ടായി. മോഹിത് ശര്‍മ, ഇമേഷ് യാദവ് എന്നിവര്‍ റണ്ണെന്നുമെടുക്കാതെ പുറത്തായി.
ആതിഥേയര്‍ക്ക് വേണ്ടി ജെയിംസ് ഫാല്‍ക്ക്‌നീര്‍ മൂന്ന് വിക്കറ്റ് വീഴ്‌ത്തി. മിച്ചല്‍ ജോണ്‍സണ്‍ രണ്ട് വിക്കറ്റും ഹാസില്‍വുഡ്, മിച്ചല്‍ സ്‌റ്റാര്‍ക്ക് എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്‌ത്തി.
നേരത്തെ ടോസ് നേടിയ ഓസീസ് ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ഓസീസിന് ആദ്യ വിക്കറ്റ് പെട്ടെന്ന് തന്നെ നഷ്‌ടമായെങ്കിലും ഫിഞ്ചിന്റെയും സ്‌മിത്തിന്റെയും ബാറ്റിംഗ് കരുത്തായി. 93 പന്തുകളില്‍ 105 റണ്‍സ് നേടിയ സ്‌മിത്ത് 11 ബൗണ്ടറിയും രണ്ടു സിക്‌സറുകളും പറത്തിയപ്പോള്‍ ഫിഞ്ച് 116 പന്തുകളില്‍ 81 റണ്‍സ് നേടി. ഏഴു ബൗണ്ടറിയും ഒരു സിക്‌സറും പറന്നു. വാലറ്റത്ത് ജോണ്‍സണ്‍ (27), വാട്‌സണ്‍ (28), മാക്‌സെ്വല്‍ (23) എന്നിവര്‍ കൂടി ചേര്‍ന്നപ്പോള്‍ ഓസീസ് കൂറ്റന്‍ സ്‌കോറിലായി.
ഉമേഷ് യാദവ് നാലു വിക്കറ്റ് നേടിയപ്പോള്‍ ഷമിയും മോഹിത് ശര്‍മ്മയും ധാരാളികളായി. 10 ഓവറില്‍ ഷമി 68 റണ്‍സും മോഹിത് ശര്‍മ്മ 75 റണ്‍സും വഴങ്ങി. ഉമേഷ് യാദവ് 72 റണ്‍സ് വിട്ടു കൊടുത്തു. 350 റണ്‍സിന് മുകളിലേക്ക് പോകുമായിരുന്ന സ്‌കോറിനെ പിടിച്ചു നിര്‍ത്തിയത് ഇടയ്‌ക്ക് ഇന്ത്യ വീഴ്‌ത്തിയ വിക്കറ്റുകളായിരുന്നു. എന്നാല്‍ ഓസീസ് വാലറ്റത്തെ നിയന്ത്രിക്കാന്‍ കഴിയാതിരുന്നത് ഇന്ത്യയ്‌ക്ക് തിരിച്ചടിയായി.
കളിയുടെ തുടക്കത്തില്‍ തന്നെ ഓപ്പണര്‍ വാര്‍ണറെ 12 റണ്‍സിന് ഉമേഷ് യാദവ് വീഴ്‌ത്തിയെങ്കിലും തുടക്കത്തില്‍ കിട്ടിയ ഈ ആനുകൂല്യം മുതലാക്കാന്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് കഴിഞ്ഞിരുന്നില്ല. എന്നാല്‍ സ്‌മിത്തിന് പിന്നാലെ ഫിഞ്ചിനെയും 23 റണ്‍സ് എടുത്ത മാക്‌സെ്വല്ലിനെയും വീഴ്‌ത്താനായത് ഓസീസ് സ്‌കോര്‍ 328 റണ്‍സില്‍ പിടിച്ചുകെട്ടാനായി.
from kerala news edited
via IFTTT