Story Dated: Thursday, March 26, 2015 02:15
കുട്ടനാട്: കുട്ടനാട്ടിലെ കുടിവെളളപ്രശ്‌നം ശാശ്വതമായി പരിഹരിക്കാനുളള മുഖ്യമന്ത്രിയുടെ നിര്‍ദേശങ്ങള്‍ നടപ്പാക്കാന്‍ അടിയന്തരനടപടി കൈക്കൊളളുമെന്നും അതുവരെ പ്രദേശത്ത് വള്ളത്തിലും വാഹനത്തിലും ശുദ്ധജലമെത്തിക്കുമെന്നും കലക്‌ടര്‍ എന്‍. പത്മകുമാര്‍.
കുട്ടനാട് നിയമസഭാ മണ്‌ഡലത്തിലെ കുടിവെള്ളപ്രശ്‌നം പരിഹരിക്കുന്നതിനായി ചേര്‍ന്ന ജനപ്രതിനിധികളുടെയും ഉദ്യോഗസ്‌ഥരുടെയും യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കുട്ടനാട്ടിലെ പുതിയ ട്രീറ്റ്‌മെന്റ് പ്ലാന്റ് നിലവില്‍ വന്നതിനു ശേഷം അവിടെ ജലം സുലഭമായി ലഭിക്കേണ്ടതാണ്.
വാല്‍വ് ഓപ്പറേറ്റര്‍മാരും പമ്പ് ഓപ്പറേറ്റര്‍മാരും കൃത്യനിര്‍വ്വഹണത്തില്‍ വരുത്തുന്ന വീഴ്‌ചയാണ് കുടിവെളളം കിട്ടാത്തതിനു കാരണമെന്നു ജനപ്രതിനിധികള്‍ ചൂണ്ടിക്കാട്ടി. ഇതിനായി കൃത്യമായ മേല്‍നോട്ടം ആവശ്യമാണ്. യോഗ്യതയില്ലാത്ത ആളുകളെ മാറ്റി പുതിയ ജോലിക്കാരെ നിയോഗിക്കണമെന്ന് യോഗത്തില്‍ ആവശ്യമുയര്‍ന്നു.
അടുത്തമാസം ഒന്നു വരെ നിലവിലുളള വാല്‍വ് ഓപ്പറേറ്റര്‍മാരുടെയും പമ്പ് ഓപ്പറേറ്റര്‍മാരുടെയും പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുമെന്ന് കലക്‌ടര്‍ അറിയിച്ചു.
ശരിയായി പ്രവര്‍ത്തനം നടക്കാത്തപക്ഷം ഈ ജോലിക്കായി പുതിയ ആളുകളെ പഞ്ചായത്തിന്റ ചുമതലയില്‍ നിയമിക്കും. നിര്‍മ്മാണകരാറുകാരുടെ രണ്ടു വര്‍ഷത്തെ കുടിശിക തുക കൊടുത്തു തീര്‍ക്കും. ഇതിനായി ഉടന്‍ തുക അനുവദിക്കാന്‍ വാട്ടര്‍ അഥോറിട്ടി എം.ഡി.യോട് ആവശ്യപ്പെടും. യോഗത്തില്‍ വെളിയനാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.സി. മോനിച്ചന്‍, എടത്വ പഞ്ചായത്ത് പ്രസിഡന്റ് കെ.എല്‍. ബിന്ദു, കുട്ടനാട് തഹസില്‍ദാര്‍ പി. സുനില്‍ കുമാര്‍, തോമസ് ചാണ്ടി എം.എല്‍.എ.യുടെ പ്രതിനിധി ജോസ് കാവനാട്, ജലഅഥോറിട്ടി ഉദ്യോഗസ്‌ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
from kerala news edited
via IFTTT