Story Dated: Thursday, March 26, 2015 02:17
കിളിമാനൂര്‍: നോട്ടിരട്ടിപ്പ് സംഘത്തിലെ പ്രധാനികളായ രണ്ടുപേരെ ആറ്റിങ്ങള്‍ ഡിവൈ.എസ്.പി: ആര്‍. പ്രതാപന്‍നായരുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷകസംഘം കസ്‌റ്റഡിയിലെടുത്തു. സംഘത്തിലെ പ്രധാനപ്രതി ഒളിവിലാണെന്ന് പോലീസ് അറിയിച്ചു. കുമ്മിള്‍ വട്ടത്താമര ഇരുന്നൂട്ടില്‍ റിജു ഭവനില്‍ വീരപ്പന്‍ എന്നുവിളിക്കുന്ന റിജു (32), കടയ്‌ക്കല്‍ ഇളമ്പഴന്നൂര്‍ കോട്ടപ്പുറം ലക്ഷംവീട് കോളനിയില്‍ പി.എസ്. വിലാസത്തില്‍ ദീപു (33) എന്നിവരാണ് പിടിയിലായത്.
സംഭവത്തെക്കുറിച്ച് പോലീസ് ഭാക്ഷ്യം: പ്രതികള്‍ കിളിമാനൂര്‍, പാങ്ങോട്, കടയ്‌ക്കല്‍ തുടങ്ങിയ സ്‌റ്റേഷനുകളില്‍ പിടിച്ചുപറി, ബൈക്ക് മോഷണം തുടങ്ങിയ കേസുകളില്‍ പ്രതിയാണ്. തൊളിക്കുഴി നിവാസികളായ രണ്ടുപേരില്‍ നിന്നും നോട്ടിരട്ടിപ്പിച്ച് നല്‍കാമെന്ന വ്യാജേന മൂന്നുലക്ഷത്തിനാല്‍പതിനായിരം രൂപ വാങ്ങുകയും നാലുദിവസത്തിനുള്ളില്‍ അഞ്ചുലക്ഷമാക്കി തിരികെ നല്‍കാമെന്നും പറഞ്ഞത്രേ. നാലുമാസംമുമ്പായിരുന്നു സംഭവം. പണം കൊടുത്തതിന് ശേഷം നോട്ട് ഇരട്ടിച്ചതായും റിസര്‍വ് ബാങ്കിനുമുന്നില്‍ വരാന്‍ പ്രതികള്‍ ആവശ്യപ്പെടുകയും ചെയ്‌തു.
ഇതേത്തുടര്‍ന്ന് റിസര്‍വ് ബാങ്കിന് മുന്നില്‍വച്ച് പരാതിക്കാര്‍ക്ക് പ്രതികള്‍ വലിയ ബാഗില്‍ നോട്ടുകെട്ടുകള്‍ നല്‍കുകയും ചെയ്‌തു. തുടര്‍ന്ന് രക്ഷപ്പെട്ട പ്രതികള്‍ പരാതിക്കാരെ വിളിച്ച് ബാഗില്‍ കള്ളനോട്ടുകളാണെന്നും പോലീസിനെ അറിയിക്കരുതെന്നും ആവശ്യപ്പെട്ടു. വീട്ടിലെത്തി ബാഗ് പരിശോധിച്ച പരാതിക്കാര്‍ ബാഗിനുള്ളില്‍ പുതിയ പത്ത്, ഇരുപത് രൂപ നോട്ടുകളാണ് ഉള്ളതെന്ന് കണ്ടെത്തി. ഏകദേശം ഇരുപത്തായ്യിരം രൂപയോളം ബാഗിലുണ്ടായിരുന്നു. പ്രതികള്‍ കള്ളനോട്ട് എന്നറിയിച്ചതിനാല്‍ ബാഗടക്കം പരാതിക്കാര്‍ എ.ഡി.ജി.പി: പത്മകുമാറിനെ സമീപിക്കുകയായിരുന്നു.
തുടര്‍ന്ന് എ.ഡി.ജി.പി നോട്ട് പരിശോധിച്ചതില്‍ നിന്നും കള്ളനോട്ടുകള്‍ അല്ലെന്ന് ഉറപ്പുവരുത്തുകയും പ്രതികളെ കണ്ടെത്താനായി ആറ്റിങ്ങല്‍ ഡിവൈ.എസ്.പി: ആര്‍. പ്രതാപന്‍നായരെ ചുമതലപ്പെടുത്തുകയുമായിരുന്നു. തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് കിളിമാനൂരില്‍ വെച്ച് പ്രതികള്‍ പോലീസിന്റെ വലയിലാകുന്നത്. പ്രതികളുടെ മേല്‍ വഞ്ചനാകുറ്റമാണ് ചുമത്തിയിട്ടുള്ളത്.സമാനമായ സംഭവത്തില്‍ ആരെങ്കിലും കബളിപ്പിക്കപ്പെട്ടിട്ടുണ്ടെങ്കില്‍ വിവരം പോലീസിന് കൈമാറണമെന്ന് പോലീസ് അറിയിച്ചു.
ഡിവൈ.എസ്.പിക്കു പുറമെ കിളിമാനൂര്‍ സി.ഐ: എസ്. ഷാജി, എസ്.ഐ: കെ സുധീര്‍ ,സീനിയര്‍ സിവില്‍പോലീസ് ഓഫീസര്‍ സുനില്‍ ഡിവൈ.എസ്.പിയുടെ പ്രത്യേകഅന്വേഷകസംഘാംങ്ങളായ ബി. ദിലീപ്, മുരളി, ബിജു, ജയന്‍ എന്നിവരുള്‍പ്പെട്ട പോലീസ് സംഘമാണ് പ്രതികളെ അറസ്‌റ്റ് ചെയ്‌തത്. അറസ്‌റ്റ് ചെയ്‌ത പ്രതികളെ ആറ്റിങ്ങല്‍ കോടതിയില്‍ ഹാജരാക്കി.
from kerala news edited
via IFTTT