121

Powered By Blogger

Monday, 23 March 2015

ശശി കപൂറിന് ഫാല്‍കെ അവാര്‍ഡ്‌









ന്യൂഡല്‍ഹി: വിഖ്യാത ബോളിവുഡ് നടന്‍ ശശികപൂറിന് ദാദാ സാഹിബ് ഫാല്‍കെ പുരസ്‌കാരം. ചലച്ചിത്രമേഖലയ്ക്ക് നല്‍കിയ സമഗ്രസംഭാവന പരിഗണിച്ചാണ് അവാര്‍ഡ് നല്‍കുന്നത്. 77 ാം പിറന്നാളിന്റെ നിറവിലാണ് ഇന്ത്യന്‍ സിനിമയിലെ പരമോന്നത പുരസ്‌കാരം അദ്ദേഹത്തെ തേടിയെത്തുന്നത്.

ബാലതാരമായി ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ച ശശികപൂര്‍ 60 കളോടെ മുന്‍നിര താരമായി വളര്‍ന്നു. മൂന്നു ദശാബ്ദത്തോളം ബോളിവുഡിലെ നായകനിരയിലെ പ്രധാനപേരുകളില്‍ ഒരാളായി തിളങ്ങി. കഭി കഭി, ഷാന്‍, ത്രീശൂല്‍, ജുനൂന്‍, കാല്‍യുഗ്, ദീവാര്‍, നമക് ഹലാല്‍ തുടങ്ങി 160 ചിത്രങ്ങളില്‍ അഭിനയിച്ച ശശികപൂറിന് ന്യൂഡല്‍ഹി ടൈംസ് എന്ന ചിത്രത്തിലെ അഭിനയത്തിന് ദേശീയ അവാര്‍ഡ് ലഭിച്ചു. 12 ഇംഗ്ലീഷ് ചിത്രങ്ങളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.


ജുനൂന്‍, കാല്‍യുഗ്, വിജേത തുടങ്ങി ആറ് ചിത്രങ്ങള്‍ നിര്‍മ്മിച്ച ശശികപൂര്‍ അജൂബ എന്നൊരു ചിത്രം സംവിധാനം ചെയ്തിട്ടുണ്ട്.


പ്രശസ്ത നടന്‍ പൃഥ്വിരാജ് കപൂറിന്റെ മകനായ ശശി കപൂര്‍ പൃഥ്വിരാജ് തിയേറ്ററിനെ പുനരുദ്ധരിച്ച് ബോളിവുഡിന് നല്‍കി. രാജ് കപൂര്‍, ഷമ്മി കപൂര്‍, ശശി കപൂര്‍ താരത്രയങ്ങളില്‍ ഇളയയാളാണ് ബോളിവുഡിന്റെ ഈ പഴയപ്രണയനായകന്‍.





ചോക്ലേറ്റ് നായകന്‍ എന്ന പരിവേഷത്തില്‍ നിന്ന് മാറി സമാന്തരസിനിമകളുടെ ഭാഗമാകാനും അത്തരം ചിത്രങ്ങള്‍ നിര്‍മ്മിക്കാനും ശശി കപൂര്‍ ശ്രദ്ധിച്ചു. 2001 ല്‍ അദ്ദേഹത്തിന് പദ്മഭൂഷണ്‍ ലഭിച്ചു.

അച്ഛന്‍ സംവിധാനം ചെയ്ത നാടകങ്ങളായിരുന്നു ശശി കപൂറിന്റെ അഭിനയകളരി. നാലാമത്തെ വയസ്സില്‍ തുടങ്ങിയ അഭിനയജീവിതത്തില്‍ മുഹാഫിസ് എന്ന ചിത്രത്തിലെ പ്രകടനത്തിന് പ്രത്യേക ജൂറി പരാമര്‍ശവും, 1979 ല്‍ മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ട ജുനൂന്‍ എന്ന ചിത്രത്തിന്റെ നിര്‍മ്മാതാവായും അദ്ദേഹം ദേശീയ അവാര്‍ഡ് നേടി.











from kerala news edited

via IFTTT