Story Dated: Monday, March 23, 2015 06:24
ഒത്തുപിടിച്ചാല്‍ മലയും പോരുമെന്നാണ് പഴഞ്ചൊല്ല്. കൂട്ടായ്മയുണ്ടെങ്കില്‍ മല മാത്രമല്ല ബസും ഉയര്‍ത്താനാകുമെന്ന് പുതുമൊഴി രചിച്ചിരിക്കുകയാണ് ചൈനീസ് ജനത. ബസിനടിയില്‍ കുടുങ്ങിയ വഴി യാത്രക്കാരനെ രക്ഷിക്കുന്നതിന് യാത്രക്കാര്‍ ഒത്തൊരുമിച്ച് ബസ് ഉയര്‍ത്തി. ചൈനയിലെ ഹെനാന്‍ പ്രവിശ്യയില്‍ വെള്ളിയാഴ്ചയായിരുന്നു സംഭവം.
ബസ് യാത്രക്കാരും വഴിയാത്രക്കാരുമായ ഇരുപതോളം പേര്‍ ചേര്‍ന്നാണ് ഭീമന്‍ ബസ് നിസാരമായി ഉയര്‍ത്തിയത്. ചാങ് ഷുബിന്‍ എന്ന യുവാവാണ് ബസിനടിയില്‍ കുടുങ്ങിയത്. ബസ് തട്ടിയതിനെ തുടര്‍ന്ന് നിലത്ത് വീണ ചാങ് ബസിനടിയില്‍ കുടുങ്ങുകയായിരുന്നു. ഉടന്‍ തന്നെ ബസ് യാത്രക്കാരും വഴി യാത്രക്കാരുമായ സംഘം സമയം പാഴാക്കാതെ ബസ് തള്ളി ഉയര്‍ത്തി ചാങിനെ രക്ഷിച്ചു.
ഇടുപ്പെല്ലിന് ചെറിയ പൊട്ടല്‍ സംഭവിച്ചതൊഴിച്ചാല്‍ ചാങിന് കാര്യമായ പരുക്കില്ല. അപകടത്തിന് ദൃക്‌സാക്ഷിയായ പോലീസുകാരന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് മറ്റ് യാത്രക്കാര്‍ ബസ് ഉയര്‍ത്തുന്നതിന് കൂടിയത്. മരണത്തെ മുഖാമുഖം കണ്ട അപകടത്തില്‍ നിന്ന് തന്നെ രക്ഷിച്ച എല്ലാവരോടും നന്ദിയുണ്ടെന്ന് ആശുപത്രിക്കിടക്കയില്‍ നിന്ന് ചൈനീസ് മാധ്യമങ്ങളോട് പ്രതികരിച്ച ചാങ് പറഞ്ഞു.
from kerala news edited
via IFTTT