Story Dated: Tuesday, March 17, 2015 07:13
ദാവന്‍ഗരെ: നാലാം ക്ലാസുകാരന്റെ സമയോചിത ഇടപെടലിനെ തുടര്‍ന്ന് ട്രെയിന്‍ ദുരന്തം ഒഴിവായി. കര്‍ണാടകയിലെ ദാവന്‍ഗരെയിലാണ് സംഭവം. സിദേഷ് എന്ന 9കാരനാണ് ട്രെയിന്‍ ദുരന്തം തടഞ്ഞ് ഹീറോയായത്. ഞായറാഴ്‌ച രാവിലെയാണ് സംഭവം. പാളത്തില്‍ വിള്ളല്‍ ശ്രദ്ധയില്‍പ്പെട്ട ബാലന്‍ ഇക്കാര്യം തന്റെ പിതാവിനെ അറിയിക്കുകയും അപകടാവസ്‌ഥയിലുള്ള പാളത്തിലൂടെ വരികയായിരുന്ന ട്രെയിന്‍ അപായ സിഗ്നല്‍ നല്‍കി നിര്‍ത്തിക്കുകയും ചെയ്‌തു.
രാവിലെ ട്രാക്കില്‍ വിള്ളല്‍ ശ്രദ്ധയില്‍പ്പെട്ട സിദേഷ് റെയില്‍വേ ട്രാക്കിന് സമീപത്ത് ചായക്കട നടത്തുന്ന പിതാവ് മഞ്‌ജുനാഥിനെ വിവരം അറിയിച്ചു. മഞ്‌ജുനാഥ് ആദ്യം ഇക്കാര്യം ഗൗരവത്തിലെടുത്തില്ല. എന്നാല്‍ മകന്റെ നിര്‍ബന്ധത്തെ തുടര്‍ന്ന് ട്രാക്കിന് സമീപത്ത് എത്തിയ അദ്ദേഹത്തിന് സംഭവത്തിന്റെ ഗൗരവം ബോധ്യപ്പെട്ടു.
ഇതിനിടെയാണ് ഹൂബ്ലി-ചിത്രദുര്‍ഗ പാസഞ്ചര്‍ വിള്ളല്‍ വീണ ട്രാക്കിലൂടെ വരുന്നത് ബാലന്റെ ശ്രദ്ധയില്‍പ്പെട്ടത്. ഉടന്‍ താന്‍ ധരിച്ചിരുന്ന ചുവപ്പ് ടീ ഷര്‍ട്ട് ഊരി വടിയില്‍ ചുറ്റി അപായ സിഗ്നല്‍ നല്‍കി ബാലന്‍ ട്രെയിന്‍ നിര്‍ത്തുകയായിരുന്നു. പുലര്‍ച്ചെ 6.30 ട്രാക്കിന് സമീപത്ത് പ്രാഥമിക കൃത്യം നിര്‍വഹിക്കുന്നതിനായി പോകുമ്പോഴാണ് ബാലന്‍ ട്രാക്കിലെ വിള്ളല്‍ ശ്രദ്ധിച്ചത്. ട്രാക്കില്‍ നിന്ന് പതിവിന് വിപരീതമായി അസാധാരണ ശബ്‌ദം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് ബാലന്‍ ട്രാക്കില്‍ പരിശോധന നടത്തിയത്.
സമയോചിത ഇടപെടലിലൂടെ നൂറു കണക്കിന് യാത്രക്കാരുടെ ജീവന്‍ രക്ഷിച്ച സിദേഷിനെ ധീരതയ്‌ക്കുള്ള പുരസ്‌ക്കാരത്തിന് ശിപാര്‍ശ ചെയ്യണമെന്ന് യാത്രക്കാര്‍ ആവശ്യപ്പെട്ടു. എഞ്ചിന്‍ ഡ്രൈവര്‍ ബാലന് 500 രൂപ സമ്മാനം നല്‍കി അഭിനന്ദിക്കുകയും ചെയ്‌തു.
from kerala news edited
via IFTTT