Story Dated: Tuesday, March 17, 2015 01:31
തിരുവനന്തപുരം: കെ.പി.സി.സി യോഗത്തില്‍ ധനമന്ത്രിയും കേരള കോണ്‍ഗ്രസ് (എം) നേതാവുമായ കെ.എം മാണിക്കെതിരെ രൂക്ഷവിമര്‍ശനം. കോട്ടയം ഡിസിസി പ്രസിഡന്റ് ടോമി കല്ലാനിയാണ് വിമര്‍ശനം ഉന്നയിച്ചത്. മാണി കോഴ വാങ്ങിയിട്ടില്ലെന്ന് ആരും വിശ്വസിക്കില്ല. യു.ഡി.എഫ് ആഹ്വാനം ചെയ്ത കരിദിനം കോട്ടയത്തും പാലായില്‍ പോലും ഒരു പ്രതികരണവും ഉണ്ടാക്കിയില്ല. കരിദിനം എല്ലാവരും തള്ളിക്കളഞ്ഞു. പാലായില്‍ കേരള കോണ്‍ഗ്രസുകാര്‍ പോലും കരിദിനം ആചരിച്ചില്ല. കേരള കോണ്‍ഗ്രസ് പോലും നല്‍കാത്ത പിന്തുണ കോണ്‍ഗ്രസ് എന്തിനാണ് നല്‍കുന്നതെന്നും കല്ലാനി ചോദിച്ചു.
തിങ്കളാഴ്ച വൈകിട്ട് ഇന്ദിരാഭവനില്‍ നടന്ന കെ.പി.സി.സി യോഗത്തിലാണ് ടോമി കല്ലാനിയുടെ വിമര്‍ശനം. യു.ഡി.എഫിന്റെ കരിദിന ആചരണം വിജയമായിരുന്നുവെന്ന് യോഗത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പരാമര്‍ശിച്ചതിനു പിന്നാലെയാണ് ടോമി കല്ലാനി വിയോജിപ്പ് നടത്തിയത്. മാണിയുടെ പേര് പരാമര്‍ശിക്കാതെയായിരുന്നു കല്ലാനിയുടെ വിമര്‍ശനം. അഴിമതിയാണ് ജനങ്ങള്‍ നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നം. ഇപ്പോഴത്തെ പ്രശ്‌നങ്ങളില്‍ സത്യമില്ലെന്ന് ആരും വിശ്വസിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
നിയമസഭയില്‍ വി.ഡി സതീശനും വി.ടി ബല്‍റാമുമടക്കം ഒരു വിഭാഗം കോണ്‍ഗ്രസ് എം.എല്‍.എമാര്‍ മാണിയെ പ്രതിരോധിക്കാന്‍ തയ്യാറായിരുന്നില്ല. ബജറ്റ് അവതരണ ദിനം ടി.എന്‍ പ്രതാപന്‍ സഭയില്‍ നിന്നു വിട്ടുനിന്നിരുന്നു. മാണിയെ കോണ്‍ഗ്രസ് നേതൃത്വം അമിതമായി പിന്തുണയ്ക്കുന്നതില്‍ ഇവര്‍ക്കുള്ള എതിര്‍പ്പു തന്നെയാണ് കെ.പി.സി.സി യോഗത്തിലും ഉയര്‍ന്നുവന്നത്.
from kerala news edited
via IFTTT