ലണ്ടനില്‍ ആറ്റുകാല്‍ പൊങ്കാല സമര്‍പ്പണം
Posted on: 17 Mar 2015
ന്യുഹാം: ലണ്ടനില്‍ എട്ടാമത് ആറ്റുകാല്‍ പൊങ്കാല സമര്‍പ്പണം ഭക്തിസാന്ദ്രമായി നടന്നു. ലണ്ടനിലെ ശ്രീ മുരുകന്‍ ഷേത്രത്തില്‍ ശ്രീ ഭഗവതിയുടെ നടയില്‍ നിന്നും മേല്‍ശാന്തി നാഗനാഥ ശിവ ഗുരുക്കള്‍ പൊങ്കാലക്ക് തീപകര്‍ത്താനുള്ള ഭദ്രദീപം തെളിച്ച് ബ്രിട്ടീഷ് ഏഷ്യന്‍ വുമണ്‍സ് നെറ്റ്‌വര്‍ക്ക് (മുന്‍ ആറ്റുകാല്‍ സിസ്റ്റേഴ്‌സ് സംഘടന) ചെയറും മുഖ്യ സംഘാടകയുമായ ഡോ.ഓമന ഗംഗാധരന് നല്‍കിക്കൊണ്ട് പൊങ്കാലക്ക് നാന്ദി കുറിച്ചു. ഈസ്റ്റ്ഹാമിലെ ശ്രീ മുരുകന്‍ ടെമ്പിളിന്റെ ആദിപരാശക്തിയായ ജയദുര്‍ഗ്ഗയുടെ നടയിലെ വിളക്കില്‍ നിന്നും കേരളീയ തനിമയില്‍ വേഷഭൂഷാധികളോടെ എത്തിയ ദേവീ ഭക്തരുടെ താലത്തിലേക്ക് തുടര്‍ന്ന് ദീപം പകര്‍ന്നു നല്‍കി. പൊങ്കാല ആചരണത്തിന്റെ ഭാഗമായി താലപ്പൊലിയുടെയും പഞ്ച വാദ്യമേളങ്ങളുടെയും അകമ്പടിയോടെ ക്ഷേത്രത്തിലെ എല്ലാ ദേവപ്രതിഷ്ഠകളെയും വലം വെച്ചു കൊണ്ടാണ് ഭദ്രദീപം യാഗാര്‍പ്പണ പീഡത്തിലെത്തിച്ചത്.
ദേവീ ഭക്തര്‍ നിവേദ്യമായി കൊണ്ടുവന്ന അരി,ശര്‍ക്കര,നെയ്യ്,മുന്തിരി, തേങ്ങ തുടങ്ങിയ പദാര്‍ത്ഥങ്ങള്‍ സുരക്ഷാ ക്രമീകരണത്തിന്റെ ഭാഗമായി വെവ്വേറെ പാത്രങ്ങളിലല്ലാതെ ഒറ്റ പാത്രത്തില്‍ തയ്യാറാക്കുന്നതാണ് ലണ്ടനിലെ അനുഷ്ടാനത്തെ വ്യത്യസ്തമാക്കുന്നത്. ആറ്റുകാല്‍ ഭഗവതി ഷേത്രത്തില്‍ പൊങ്കാല ഇടുന്ന അതേ ദിവസം തന്നെയാണ് ലണ്ടനിലെ ശ്രീ മുരുകന്‍ ഷേത്രത്തില്‍ പതിവു തെറ്റിക്കാതെ പൊങ്കാല അര്‍പ്പിച്ചു പോരുന്നത്.
ഡോ ഓമനയില്‍ നിന്നും പൂജാരി ഭദ്രദീപം സ്വീകരിച്ചു പൊങ്കാലയടുപ്പില്‍ തീ പകര്‍ന്നു.വിശാലമായ ശ്രീകോവിലിലെ പ്രത്യേകം തയ്യാറാക്കിയ ഹോമകുണ്ഠത്തിലാണ് യാഗാര്‍പ്പണം നടത്തിയത്. നിവേദ്യം പാകമായതിനു ശേഷം ദേവീ ഭക്തര്‍ക്ക് പൊങ്കാല പഞ്ച നൈവേദ്യ വിഭവങ്ങള്‍ വിതരണം ചെയ്തു. പൊങ്കാല പായസ ചോറ്, മണ്ടപ്പുറ്റ് (രോഗശാന്തിക്കായുള്ള നേര്‍ച്ച) വെള്ളച്ചോര്‍, തെരളി, പാല്‍പ്പായസം എന്നിവയാണ് പഞ്ച നൈവേദ്യ വിഭവങ്ങള്‍ ആയി വിതരണം ചെയ്തത്.
ജാതി മത ഭാഷ വ്യത്യാസമില്ലാതെ എത്തിച്ചേര്‍ന്ന മുന്നൂറോളം ദേവീ ഭക്തര്‍ക്ക് കേരള തനിമയില്‍ അന്നദാനമായി ഊണും പഞ്ച നൈവേദ്യ വിഭവങ്ങളും പിന്നീട് നല്‍കി. ദേവീ പ്രീതിക്കായി യു കെ യുടെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ ദേവീ ഭക്തര്‍ക്കൊപ്പം വെയില്‍സ്, സ്‌ക്കോട്ട്്‌ലാന്റ് തുടങ്ങി ദൂരസ്ഥലങ്ങളില്‍ നിന്നു പോലും ധാരാളം സ്ത്രീകള്‍ പൊങ്കാലയില്‍ ഭാഗഭാക്കായി. പൊങ്കാല ആഘോഷത്തിലേക്ക് എത്തുന്നവര്‍ക്ക് വരവേല്‍പ്പ് ആശംസിക്കാനായി ഒരുക്കിയ ' കോലം' ഏറെ മനോഹരവും ശ്രദ്ധേയവും ആയിരുന്നു.
വാര്‍ത്ത അയച്ചത് : അപ്പച്ചന്‍ കണ്ണഞ്ചിറ
from kerala news edited
via IFTTT