വമ്പന്‍ ബജറ്റില്‍ കെട്ടിപ്പൊക്കി വന്‍ താരനിരയെ അണിനിരത്തി സ്‌പൈസി-കമേഴ്‌സ്യല്‍ കെട്ടുകാഴ്ചകളൊരുക്കിയില്ലെങ്കിലും ചില സിനിമാ സൃഷ്ടികള്‍ക്ക് അതൊന്നും ഒരു പോരായ്മയല്ല. സിനിമയുടെ അപ്രഖ്യാപിത വിജയസമവാക്യങ്ങളെ തിരുത്തി അവ കലയായും കച്ചവടമായും നേട്ടമുണ്ടാക്കാറുണ്ട്. വ്യാവസായിക സിനിമയുടെ അത്തരം ചില മുഷിപ്പന്‍ പ്രവണതകള്‍ക്ക് ഒരു ഷോക്ക് ട്രീറ്റ്‌മെന്റ് ആകാറുമുണ്ട്. ശരത് കത്താരിയ സംവിധാനം ചെയ്ത ദം ലഗാ കെ ഹൈയ്‌സാ എന്ന കൊച്ചു ചിത്രത്തെ അത്തരമൊരു 'വണ്‍ഫ്രൈഡേ മാജിക്ക്'എന്നു വിശേഷിപ്പിക്കാം.
പടിപടിയായുള്ള വിജയമായിരുന്നു ദം ലഗാ കെ ഹൈയ്‌സാ സ്വന്തമാക്കിയത്. ആരാധകര്‍ക്ക് ആഘോഷിക്കാന്‍ തക്കവണ്ണം ഗ്ലാമര്‍ താരങ്ങളില്ല. നായകന്‍, ചെറിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ആയുഷ്മാന്‍ ഖുറാന. നായികയുടെ സ്ഥാനത്ത് ഇന്ത്യന്‍ സിനിമയുടെ സോ കോള്‍ഡ് സൗന്ദര്യസങ്കല്പാനുപാതങ്ങളുമായി ഒരു തരത്തിലും യോജിക്കാത്ത ഒരാള്‍. കഠിനമായ വര്‍ക്കൗട്ടുകളിലൂടെയും ഭക്ഷണനിയന്ത്രണത്തിലൂടെയും ഒതുക്കിയ ശരീരത്തില്‍, അഴകളവുകള്‍ അണുവിട തെറ്റാതെ കാക്കുന്ന നായികയ്ക്കു പകരം അമിതവണ്ണമുള്ള ഒരുവള്‍. പുതുമുഖം ഭൂമി പഡ്‌നേക്കര്‍ മാറ്റിയെഴുതിയത് പൊതുവിലുള്ള അഴകുനിര്‍വചനങ്ങളെയാണ്.
1990-കളിലെ ഹരിദ്വാറിന്റെ പശ്ചാത്തലത്തിലാണ് ദം ലഗാ കെ ഹൈയ്‌സാ കഥ പറയുന്നത്. ഇംഗ്ലീഷ് എന്ന കീറാമുട്ടി കാരണം സ്‌കൂള്‍ പഠനം ഉപേക്ഷിച്ച് അച്ഛനൊപ്പം കാസെറ്റ് കട നടത്തുകയാണ് പ്രേം പ്രകാശ് തിവാരി. എഴുതും തോറും പരാജയം തുടര്‍ക്കഥയാകുന്ന ഇംഗ്ലീഷ് പേപ്പര്‍, ചെരിപ്പ് കൊണ്ടുള്ള അച്ഛന്റെ അടി, പിന്നെ കുമാര്‍ സാനുവിന്റെ പാട്ട്. പ്രേമിന്റെ തന്നെ ഭാഷയില്‍ തന്റെ കണ്ണു നനയിക്കുന്നതായി പ്രപഞ്ചത്തില്‍ ഈ മൂന്നു കാര്യങ്ങളെയുണ്ടായിരുന്നുള്ളൂ, അതുവരെ. സന്ധ്യാ വര്‍മയെന്ന ബി.എഡ്.കാരിയെ പെണ്ണുകാണാന്‍ പോയ ദിവസം വരെ. അതിനുശേഷം കണ്ണുനനയാന്‍ പ്രേമിന് ഒരു കാരണം കൂടി കിട്ടി. തടിച്ചിയായ തന്റെ വധു. വീട്ടുകാരുടെ നിര്‍ബന്ധം കൊണ്ട്, അച്ഛനോടുള്ള ഭയം കൊണ്ട് സന്ധ്യയുമൊത്തുള്ള വിവാഹജീവിതം തലയിലേറ്റു വാങ്ങുകയായിരുന്നു അയാള്‍.
സന്ധ്യയ്ക്കും ജീവിതത്തിലന്നോളം മൂന്നു സ്വപ്‌നങ്ങളേയുണ്ടായിരുന്നുള്ളൂ. ഒരു ടീച്ചറാവണം എന്നത് ആദ്യത്തേത്. ടീച്ചറായതിനു ശേഷം അവളെ വധുവാക്കാന്‍ ഒരാള്‍ വരും. അയാള്‍ അവളെ സ്‌നേഹിക്കും, ബഹുമാനിക്കും. പ്രേം എന്ന സുമുഖനും കുടുംബസ്‌നേഹിയുമായ യുവാവ് സന്ധ്യയ്ക്ക് അനുയോജ്യനായ വരന്‍ തന്നെയായിരുന്നു, വിദ്യാഭ്യാസം കൊണ്ട് വലിയ അന്തരമുണ്ടായിരുന്നെങ്കിലും. എന്നാല്‍ ആദ്യത്തേത് നേടാന്‍ കടക്കേണ്ട പരീക്ഷയെക്കാള്‍ എത്രയോ വലുതാണ് ഒടുവിലെ രണ്ട് ആഗ്രഹങ്ങള്‍ സാധ്യമാക്കാന്‍ എന്ന് വിവാഹത്തിന്റെ ആദ്യദിനങ്ങളില്‍ തന്നെ അവള്‍ക്കു ബോധ്യപ്പെട്ടു. ഇങ്ങനെ വ്യത്യസ്ത ജീവിതവീക്ഷണങ്ങളും സ്വപ്‌നങ്ങളും സാഹചര്യങ്ങളും ഉള്ള രണ്ടു വ്യക്തികള്‍ ഒന്നിച്ചു ജീവിച്ചു തുടങ്ങുമ്പോഴുള്ള പ്രസക്തവും അതേസമയം രസകരവുമായ സംഭവങ്ങളിലേയ്ക്കാണ് ശരത് കത്താരിയ സന്ധ്യയുടെയും പ്രേമിന്റെയും കഥ എഴുതിച്ചേര്‍ക്കുന്നത്.
അതില്‍ അമ്പരപ്പും ആശങ്കയുമുണ്ട്. പരിഭവവും പിടിവാശികളുമുണ്ട്. ഒപ്പം സ്‌നേഹത്തിന്റെ കരുതലും ആസക്തമായ പ്രണയവുമുണ്ട്. അതിശയോക്തികള്‍ക്കിടം നല്‍കാതെ തികച്ചും ആത്മാര്‍ത്ഥമായി കഥ പറഞ്ഞ ഒരു സിനിമയുടെ വിജയമാണ് ദം ലഗാ കെ ഹൈയ്‌സയുടേത്. സ്മൂത്തായ ഒരു ഡ്രൈവിങ് പോലെയാണ് ശരത്തിന്റെ തിരക്കഥ. വലിയ ട്വിസ്റ്റുകളില്‍ പെടുത്താതെ വമ്പന്‍ സംഭവങ്ങളില്‍ കുരുക്കാതെ കഥാഗതി ലളിതമാക്കുന്നു.
പൂര്‍ണ്ണമായും ഹരിദ്വാറിലും ഹൃഷികേശിലുമായി ചിത്രീകരിച്ച സിനിമ ഈ രണ്ടു ക്ഷേത്രനഗരങ്ങളിലായി നിര്‍മ്മിക്കുന്ന ആദ്യ ബോളിവുഡ് ചിത്രം കൂടിയാണ്. ദൃശ്യങ്ങളിലൂടെ ഒഴുകി നീങ്ങുകയാണ് ക്യാമറ. എണ്ണം പറഞ്ഞ കഥാപാത്രങ്ങള്‍ മാത്രം. താരനിര്‍ണ്ണയത്തിലെ പിഴവ് പൊറുക്കപ്പെടില്ല എന്നതുമുന്‍നിര്‍ത്തി തന്നെയാകും മികച്ച കാസ്റ്റിങ്ങിലൂടെ വിസ്മയിപ്പിച്ചു യഷ് രാജ് ഫിലിംസ്. ആയുഷ്മാനും ഭൂമിയ്ക്കുമൊപ്പം ഷീബ ഛദ്ദ, സീമ പഹ്‌വ, സഞ്ജയ് മിശ്ര, അല്‍ക അമീന്‍ എന്നിങ്ങനെ ഒരുകൂട്ടം അഭിനേതാക്കളുടെ മികച്ച പ്രകടനം കൂടിയാണ് ഈ ഫാമിലി-റൊമാന്റിക് -കോമഡി ഡ്രാമ. അനു മാലിക്-വരുണ്‍ ഗ്രോവര്‍ കൂട്ടുകെട്ടില്‍ പിറന്ന പാട്ടുകളും അതിനും മേലെ കുമാര്‍സാനു ഹിറ്റുകളും കടന്നു വരുമ്പോള്‍ സിനിമയ്ക്ക് ഒരു നൊസ്റ്റാള്‍ജിക് സുഖം. ചിത്രത്തില്‍ കുമാര്‍ സാനു അതിഥി വേഷത്തിലും എത്തുന്നുണ്ട്.
ആന്‍ഡ്രൂ ഗിയറെ എന്ന ഇറ്റാലിന്‍ സംഗീതഞ്ജനാണ് പശ്ചാത്തലസംഗീതം നല്‍കിയിരിക്കുന്നത്. കോടിക്ലബ്ബിലെ കൂട്ടയിടിയെ പിന്‍തള്ളി പ്രേക്ഷകമനസ്സ് കീഴടക്കിയ ഈ ചെറിയ ചിത്രം ഏതുകാലത്തും പ്രസക്തമായിരിക്കും. കാരണം പ്രേമും സന്ധ്യയും നമുക്കിടയില്‍ എന്നുമുണ്ടല്ലോ, ചിലപ്പോള്‍ നമ്മള്‍ത്തന്നെയായും.
from kerala news edited
via IFTTT