121

Powered By Blogger

Tuesday, 17 March 2015

യുവ ഐഎഎസ് ഓഫീസറുടെ ദുരൂഹ മരണം: കര്‍ണാടകയില്‍ വ്യാപക പ്രതിഷേധം









Story Dated: Tuesday, March 17, 2015 02:39



mangalam malayalam online newspaper

ബംഗലൂരു: കര്‍ണാടകയില്‍ മണല്‍ മാഫിയയ്ക്കും നികുതി വെട്ടിപ്പുകാര്‍ക്കുമെതിരെ കര്‍ശന നടപടി സ്വീകരിച്ച യുവ ഐഎഎസ് ഓഫീസര്‍ ഡി.കെ രവികുമാറിന്റെ ദുരൂഹ മരണത്തില്‍ സംസ്ഥാനത്ത് വ്യപക പ്രതിഷേധം. കോലാര്‍, കോപ്പല, ഗുല്‍ബര്‍ഗ എന്നീ ജില്ലകളില്‍ റോഡ് ഉപരോധിച്ച പ്രദേശവാസികള്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു. കോലാറിലെ മാഫിയയ്‌ക്കെതിരെ കര്‍ശന നടപടി സ്വീകരിച്ച രവികുമാറിനെ ഏതാനും ആഴ്ച മുന്‍പാണ് ബംഗലൂരു ഡെപ്യൂട്ടി കമ്മീഷണറായി നിയമിച്ചത്.


റിയല്‍ എസ്‌റ്റേറ്റ്, വന്‍കിട ബിസിനസ് കമ്പനികള്‍, രാഷ്ട്രീയ ബന്ധമുള്ള സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെല്ലാം മുഖംനോക്കാതെ കടന്നുചെന്ന രവികുമാര്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ 138 കോടിയുടെ നികുതി വെട്ടിപ്പാണ് കണ്ടെത്തിയത്. 1000 കോടി രൂപയുടെ നികുതി പിരിച്ചെടുക്കണമെന്നായിരുന്നു രവികുമാറിന്റെ നിര്‍ദേശം. പോലീസ് പോലും സഹകരിക്കാന്‍ മടിച്ച മേഖലകളിലേക്കു ജീവന്‍ പണയംവെച്ചാണ് രവികുമാര്‍ റെയ്ഡിന് എത്തിയിരുന്നത്. മുഖ്യമന്ത്രി സിദ്ധരാമയ്യയുമായി ബന്ധമുള്ള ബിസിനസുകാര്‍ വരെ രവികുമാറിനു മുന്നില്‍ കീഴടങ്ങി. ഇതോടെ രവികുമാറിന് ഭീഷണികളും എത്തിത്തുടങ്ങി. കഴിഞ്ഞ ദിവസങ്ങളില്‍ ദുബായില്‍ നിന്നും ഫോണില്‍ അധോലോക സംഘത്തിന്റെ ഭീഷണി സന്ദേശം എത്തിയിരുന്നതായും റിപ്പോര്‍ട്ടുണ്ട്.


ബംഗലൂരുവില്‍ രാജ്യാന്തര നിലവാരമുള്ള ക്രിക്കറ്റ് സ്‌റ്റേഡിയം രവികുമാറിന്റെ സ്വപ്നമായിരുന്നു. സാധാരണ കര്‍ഷക കുടുംബത്തില്‍ നിന്നും വന്ന ഈ യുവ പോരാളി സിവില്‍ സര്‍വീസില്‍ എത്താന്‍ ആഗ്രഹിച്ചിരുന്ന ചെറുപ്പക്കാര്‍ക്ക് ആവേശമായിരുന്നു. ഇവര്‍ക്കായി ഞായറാഴ്ചകളില്‍ സൗജന്യമായി പരിശീലന ക്ലാസും രവികുമാര്‍ നടത്തിയിരുന്നു.


രവികുമാറിന്റെ മരണവാര്‍ത്ത പുറത്തുവന്നതോടെ കര്‍ണാടക അക്ഷരാത്ഥത്തില്‍ സ്തംഭിച്ചു. പ്രതിപക്ഷ കക്ഷികള്‍ സംസ്ഥാനത്ത് ബന്ദിന് ആഹ്വാനം നല്‍കി. ഇന്നത്തെ പരീക്ഷകളെല്ലാം മാറ്റിവച്ചു.


രവികുമാറിനെ താമസസ്ഥലത്തെ ഫാനില്‍ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. ആത്മഹത്യയാണെന്ന പ്രാഥമിക നിഗമനത്തിലാണ് പോലീസ് . ആത്മഹത്യ കുറിപ്പ് കണ്ടെത്തിയിട്ടില്ലെങ്കിലും അദ്ദേഹത്തിന്റെ അപ്പാര്‍ട്ട്‌മെന്റില്‍ മറ്റാരും എത്തിയിരുന്നതായി സിസിടിവിയില്‍ ദൃശ്യമല്ലെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. എന്നാല്‍ ചില അപരിചിതര്‍ അപ്പാര്‍ട്ട്‌മെന്റില്‍ എത്തിയിരുന്നതായി റിപ്പോര്‍ട്ട് ലഭിച്ച സാഹചര്യത്തില്‍ പോലീസ് പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം ആരംഭിച്ചു.


മരണത്തില്‍ ദുരൂഹതയുള്ളതായി ബി.ജെ.പിയും ആരോപിച്ചു. ക്രൂരമായ കൊലപാതകമാണ് നടന്നിരിക്കുന്നതെന്ന് കേന്ദ്രമന്ത്രി സദാനന്ദ ഗൗഡ ആരോപിച്ചു. സംഭവത്തില്‍ സി.ബി.ഐ അന്വേഷണത്തിന് സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണം. വിഷയം ഗൗരവമുള്ളതാണെന്നും ഇതിനകം തന്നെ പാര്‍ലമെന്റില്‍ ഉന്നയിച്ചതായും കേന്ദ്ര ആഭയന്തര സഹമന്ത്രി കിരണ്‍ റിജ്ജു അറിയിച്ചു.


അതേസമയം, പോലീസ് അന്വേഷണം കാര്യക്ഷമമാണെന്നും സിബിഐ, സിഐഡി അന്വേഷണം വേണമോയെന്ന് പിന്നീട് തീരുമാനിക്കാമെന്നും മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു.










from kerala news edited

via IFTTT