Story Dated: Tuesday, March 17, 2015 05:05
പാട്‌ന: ബീഹാറില്‍ ജയില്‍പുള്ളികള്‍ക്കായി ക്യാബറെ ഡാന്‍സ് സംഘടിപ്പിച്ചതിന് ജയില്‍ അധികൃതര്‍ക്ക് എതിരെ നടപടി. കനത്ത സുരക്ഷയുള്ള ചാപ്ര ജയിലില്‍ സ്‌ത്രീ ഡാന്‍സ് കളിക്കുന്നതിന്റെയും തടവുകാര്‍ക്ക് ഒപ്പം പോലീസുകാരും പരിപാടി ആസ്വദിക്കുന്നതിന്റെയും ദൃശ്യങ്ങള്‍ പുറത്തു വന്നതോടെയാണ് സംഭവം വിവാദമായത്.
ഞായറാഴ്‌ച വൈകിട്ടാണ് ജയിലില്‍ നൃത്ത വിരുന്ന് അരങ്ങേറിയത്. മികവുറ്റ കലാകാരന്മാരെ അണിനിരത്തിയായിരുന്നു പരിപാടി. എന്നാല്‍ വിളവെടുപ്പുകാല ആഘോഷമായ 'ചൈത്ത' ആഘോഷിക്കുന്നതിന്റെ ഭാഗമായാണ് ജയിലില്‍ നൃത്ത വിരുന്ന് അരങ്ങേറിയതെന്ന് ജയില്‍ അധികൃതര്‍ പറയുന്നു. പരിപാടിയില്‍ സ്‌ത്രീകള്‍ ആരും പങ്കെടുത്തിട്ടില്ലെന്നും പുരുഷന്മാര്‍ സ്‌ത്രീ വേഷം കെട്ടുകയായിരുന്നു എന്നുമാണ് അധികൃതരുടെ വാദം. ജയിലില്‍ സംഗീത വിരുന്ന് നടത്താന്‍ താന്‍ അധികൃതരില്‍ നിന്ന് അനുവാദം വാങ്ങിയിരുന്നു എന്നും ജയില്‍ സൂപ്രണ്ട് സത്യേന്ദ്ര കുമാര്‍ സിങ് പറഞ്ഞു.
സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം നടത്താന്‍ അധികൃതര്‍ രണ്ടംഗ സമിതിക്ക് രൂപം നല്‍കി. ജയിലില്‍ ക്യാബറേ അവതരിപ്പിച്ച സംഘത്തെ തിരിച്ചറിഞ്ഞതായും ഇതിനായി പണം മുടക്കിയ ആള്‍ക്കെതിരെയും ജയില്‍ അധികൃതര്‍ക്ക് എതിരെയും നടപടി സ്വീകരിക്കുമെന്നും അധികൃതര്‍ വ്യക്‌തമാക്കി.
from kerala news edited
via IFTTT