Story Dated: Tuesday, March 17, 2015 07:06
കൊല്ലം: സ്വത്തു വീതംവച്ചപ്പോള്‍ ഉണ്ടായ തര്‍ക്കത്തെത്തുടര്‍ന്നു മക്കള്‍ റോഡില്‍ ഉപേക്ഷിച്ച വയോധികയെ വിളക്കുടി സ്‌നേഹതീരം ഏറ്റെടുത്തു. അഞ്ചല്‍ ഏരൂര്‍ സ്വദേശി വേങ്ങവിള പടിഞ്ഞാറ്റതില്‍ വീട്ടില്‍ അംബുജാക്ഷിയമ്മ(80)ക്കാണ് ഈ ദുരവസ്‌ഥ. നാല് ആണ്‍മക്കളും രണ്ടു പെണ്‍മക്കളുമുള്ള അമ്മയെ മൂത്തമകന്‍ കുന്നിക്കോട് ചേത്തടിയിലുള്ള മകളുടെ വീടിന് മുമ്പില്‍ റോഡില്‍ ഉപേക്ഷിക്കുകയായിരുന്നു. സ്വത്തു വീതംവച്ചപ്പോള്‍ അര്‍ഹമായ ഭാഗം കിട്ടാത്തതില്‍ പ്രതിക്ഷേധിച്ചാണ് ഈ വൃദ്ധയെ മക്കള്‍ ഉപേക്ഷിച്ചത്.
മണിക്കൂറുകളോളം മകളുടെ വീടിനു മുമ്പില്‍ റോഡില്‍ അവശനിലയില്‍ കിടന്ന അമ്മയെ രാത്രി വൈകിയിട്ടും മകള്‍ വീട്ടില്‍ കയറ്റാന്‍ തയാറായില്ല. ഇതു ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ പോലീസില്‍ അറിയിക്കുകയും അവിടെ നിന്നും കുന്നിക്കോട് പോലീസ് സബ് ഇന്‍സ്‌പെക്‌ടറുടെ നേതൃത്വത്തില്‍ വിളക്കുടി സ്‌നേഹതീരത്ത് എത്തിക്കുകയുമായിരുന്നു. അഞ്ചുവര്‍ഷം മുമ്പ് ഭര്‍ത്താവ് നാരായണന്‍ മരിച്ചു. സംരക്ഷിക്കാന്‍ മകള്‍ തയാറാവുകയും സ്വത്ത് കൈവശപ്പെടുത്തിയതിനു ശേഷം മകള്‍ കൈയൊഴിയുകയും ചെയ്‌തു.
അതിനുശേഷം മക്കളുടെ വീടിന് അടുത്തുതന്നെ വൈദ്യുതിയില്ലാത്ത കൊച്ചുവീട്ടിലാണു കഴിഞ്ഞുവന്നത്. ഭക്ഷണത്തിന് അയല്‍ക്കാരെ ആശ്രയിച്ചു. കിട്ടുന്ന തുച്‌ഛമായ പെന്‍ഷന്‍ തുക മാത്രമായിരുന്നു വരുമാനം. മറ്റൊരാളുടെ ആശ്രയമില്ലാതെ ജീവിതം മുന്നോട്ടു തള്ളിനീക്കാന്‍ കഴിയാതെവന്നപ്പോള്‍ കുറച്ചുനാള്‍ മുമ്പു ജനപ്രതിനിധികളും പോലീസും ഇടപ്പെട്ടു മക്കള്‍ സംരക്ഷിക്കുന്നതിനായി തമ്മില്‍ ധാരണ ഉണ്ടാക്കി.
എന്നാല്‍ അവര്‍ കുറച്ചുനാള്‍ നോക്കുകയും പിന്നീട് മക്കള്‍ തമ്മില്‍ പഴിചാരി തങ്ങളുടെ ഉത്തരവാദിത്തമല്ല അമ്മയെ സംരക്ഷിക്കുന്നത് എന്നു പറഞ്ഞു ഉപേക്ഷിക്കുകയുമായിരുന്നുവെന്നു സ്‌നേഹതീരം അധികൃതരും പോലീസും പറയുന്നു. അമ്മയോട് സ്‌നേഹം കാണിച്ചു ആഭരണം ഊരി വാങ്ങിയതിനു ശേഷമാണു മകളുടെ വീടിനു മുമ്പില്‍ റോഡില്‍ ഉപേക്ഷിച്ചത്.
from kerala news edited
via IFTTT