Story Dated: Saturday, March 14, 2015 07:45
പത്തനംതിട്ട: കോളിളക്കം സൃഷ്‌ടിച്ച മെഴുവേലി സര്‍വീസ് സഹകരണ ബാങ്ക് കവര്‍ച്ചാകേസില്‍ പ്രോസിക്യൂഷന്‍ നടത്തുന്നതിലേക്ക് സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറായി മുന്‍ പ്രോസിക്യൂഷന്‍ ഡപ്യൂട്ടി ഡയറക്‌ടര്‍ അഡ്വ. സലിം കാമ്പിശേരിയെ നിമിച്ച് ആഭ്യന്തരവകുപ്പ് ഉത്തരവായി. കേസിന്റെ വിചാരണ 17 ന് റാന്നി ഒന്നാംക്ലാസ് മജിസ്‌ട്രേട്ട് ഡോണി തോമസ് വര്‍ഗീസ് മുമ്പാകെ ആരംഭിക്കും. അതിവേഗ വിചാരണ നടത്തണമെന്ന് കേരളാ ഹൈക്കോടതി ഉത്തരവുള്ളതിനാല്‍ തുടര്‍ദിവസങ്ങളിലായി കേസ് വിസ്‌തരിച്ച് കഴിവതും വേഗം തീര്‍പ്പ് കല്‍പ്പിക്കുന്നതിന് കോടതിയോട് അപേക്ഷിക്കുമെന്ന് സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പറഞ്ഞു.
2011 ഓഗസ്‌റ്റ് 21 നാണ് കേസിനാസ്‌പദമായ സംഭവം ഉണ്ടായത്. കെ.എല്‍ 24 എ 9625 നമ്പരിലുള്ള മഹീന്ദ്ര ടൂറിസ്‌റ്റര്‍ വാഹനത്തില്‍ ഓക്‌സിജന്‍ സിലിണ്ടര്‍, ഗ്യാസ് കട്ടര്‍ എന്നിവയും മറ്റ് ആയുധങ്ങളുമായി രാത്രിയില്‍ എത്തിയ ഒന്നുമുതല്‍ അഞ്ചുവരെ പ്രതികള്‍ ബാങ്ക് കെട്ടിടത്തിന്റെ ഷട്ടറിന്റെ പാളികളും സ്‌ട്രോങ്ങ് റൂമിന്റെ വാതിലും ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് മുറിച്ച് ദ്വാരങ്ങള്‍ ഉണ്ടാക്കി മടങ്ങി. അടുത്തദിവസം രാത്രിയില്‍ വീണ്ടും മടങ്ങിയെത്തി ബാങ്കിന്റെ ഇരുമ്പ് ചെസ്‌റ്റ് ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് മുറിച്ചെടുത്തശേഷം 4008 ഗ്രാം തൂക്കം പണയ സ്വര്‍ണാഭരണങ്ങളും 3,78,504 രൂപയുടെ കറന്‍സി നോട്ടുകളും ഉള്‍പ്പെടെ 1,03,98,504 രൂപയുടെ മുതലുകള്‍ മോഷ്‌ടിച്ചു എന്നതാണ് പ്രോസിക്യൂഷന്‍ കേസ്.
ആറും ഏഴും പ്രതികള്‍ മോഷണ മുതല്‍ ആണെന്ന അറിവോടെ ഇവ വാങ്ങി ക്രയവിക്രയം നടത്തിയെന്നും എട്ടാം പ്രതി കൃത്യത്തിന് ഉപയോഗിച്ച വാനിന് വ്യാജ നമ്പര്‍ പ്ലേറ്റ് ഉണ്ടാക്കി നല്‍കി മോഷണത്തെ സഹായിച്ചുവെന്നും പോലീസ് ആരോപിക്കുന്നു. 3301 ഗ്രാം 330 മില്ലിഗ്രാം സ്വര്‍ണം പോലീസ് കണ്ടെടുത്തിട്ടുണ്ട്‌് മെഴുവേലി ആലക്കോട്ട് പുത്തന്‍വീട്ടില്‍ വിനു (38), വാഴമുട്ടം പുന്തല പുത്തന്‍വീട്ടില്‍ സുരേഷ്‌കുമാര്‍ (48), ആലപ്പുഴ മാളികമുക്ക് സ്വദേശി രാജീവ് എന്നുവിളക്കുന്ന സന്തോഷ് (34), എടത്വ ആനപ്രമ്പാല്‍ നെയ്‌ത്യാരുപറമ്പില്‍ അനിയന്‍കുഞ്ഞ് എന്നുവിളിക്കുന്ന സുധീഷ് (22), തലവടി പുത്തന്‍പറമ്പില്‍ ഗിരീഷ് (24), കാപ്പില്‍ മരങ്ങാട്ട് വടക്കേതില്‍ ഹാരി ജോണ്‍ (42), താമരക്കുളം പണ്ടാരശേരില്‍ ബിജു രാമകൃഷ്‌ണന്‍ (43), മലയാലപ്പുഴ പൊതീപ്പാട്ട് വീട്ടില്‍ മനു എന്നുവിളിക്കുന്ന മനോജ് (39) എന്നിവരാണ് കേസിലെ പ്രതികള്‍.
ഇതില്‍ മൂന്നാംപ്രതി സന്തോഷ് ഒളിവിലായതിനാല്‍ ഇതുവരെ അറസ്‌റ്റു ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. നാടിനെ നടുക്കിയ കേസില്‍ അതിശയിപ്പിക്കുന്ന വേഗതയോടെ കുറ്റമറ്റ അന്വേഷണം നടത്തി കൃത്യതയോടെ തുമ്പുണ്ടാക്കി പ്രതികളെ നിയമത്തിനു മുന്നില്‍ എത്തിച്ച പോലീസ് ഉദ്യോഗസ്‌ഥരെ പൊതുജനങ്ങള്‍ ഒന്നടങ്കം അഭിനന്ദിച്ചിരുന്നു. പന്തളം സി.ഐമാരായിരുന്ന എസ്. നന്ദകുമാര്‍, ജയരാജ്, എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം പൂര്‍ത്തിയാക്കി ചാര്‍ജ്‌ഷീറ്റ് ഹാജരാക്കിയത്. കേസിലെ 60 മുതല്‍ 216 വരെയുള്ള സാക്ഷികള്‍ പണയ ഉരുപ്പടികളുടെ ഉടമകളാണ്.
from kerala news edited
via IFTTT