ഡോക്ടര്‍ ജേക്കബ്, തന്റെ വ്യക്തിപരമായ ഒരു കാര്യത്തിനായിട്ടുള്ള യാത്രയിലാണ്. ഈ അവസരത്തില്‍ അപരിചിതരായ നാല് പേര്‍ക്ക് ഡോക്ടര്‍ ജേക്കബിനെ കാണേണ്ട ആവശ്യം വരികയും ഓരോരുത്തരായി ഓരോ ദിവസങ്ങളിലായി ഡോക്ടര്‍ ജേക്കബിനെ തേടി യാത്രയാവുകയും ചെയ്യുന്നു. ഇവര്‍ ആരും പരസ്പരം അറിയില്ല. പല വഴികളിലൂടെയാണ് ഇവരുടെ യാത്ര.
പോലീസ് ഓഫീസറായ താര, ഗുണ്ടകളായ അല്‍ത്താഫ്, അനി, ബിസിനസ്സുകാരനായ ബ്രാഹ്മണയുവാവ് അനിരുദ്ധന്‍ എന്നിവരാണ് ഡോക്ടര്‍ ജേക്കബിനെ തേടി യാത്രയാകുന്നത്. ഇവര്‍ ഓരോരുത്തരും അവരുടെ സ്വന്തം കാര്യത്തിനായിട്ടാണ് ഇറങ്ങിത്തിരിച്ചിരിക്കുന്നത്. അത് നല്ല ഉദ്ദേശ്യവുമല്ല. തൊഴിലിനോട് യാതൊരു ആത്മാര്‍ഥതയും സത്യസന്ധതയുമില്ലാത്ത ഡോക്ടര്‍ ജേക്കബിന് ഭാര്യയും ഒരു മകളുമുണ്ട്.
ഇവര്‍ ഒരു ദിവസം പരസ്പരം കാണുമ്പോള്‍ സംജാതമാവുന്ന പുതിയ പ്രശ്‌നങ്ങളുടെ രസകരവും സസ്‌പെന്‍സും നിറഞ്ഞ മുഹൂര്‍ത്തങ്ങളാണ് 'ഒന്നാം ലോകമഹായുദ്ധം' എന്ന ചിത്രത്തില്‍ ദൃശ്യവത്കരിക്കുന്നത്.
നവാഗതനായ ശ്രീവരുണ്‍ സംവിധാനം ചെയ്യുന്ന 'ഒന്നാം ലോകമഹായുദ്ധം' കൊച്ചിയില്‍ ആരംഭിച്ചു. മെഹ്ഫില്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സജില്‍സ് മജീദ് നിര്‍മിക്കുന്ന ഈചിത്രത്തില്‍ ഡോക്ടര്‍ ജേക്കബായി ടോവിനോ തോമസ്സും താരയായി അപര്‍ണാഗോപിനാഥും അഭിനയിക്കുന്നു. അല്‍ത്താഫായി ചെമ്പന്‍ വിനോദ്‌ജോസും അനിരുദ്ധനായി ജോജോയും അനിയായി ഗോകുലും പ്രത്യക്ഷപ്പെടുന്നു.
നിഷാന്ത് സാഗര്‍, ബാലു വര്‍ഗീസ്, വിജയകുമാര്‍, സന്തോഷ് കീഴാറ്റൂര്‍, ചെമ്പില്‍ അശോകന്‍, കലാഭവന്‍ റഹ്മാന്‍, ലിഷോയ്, സജില്‍, ബാലചന്ദ്രന്‍ ചുള്ളിക്കാട്, ആതിര, അഞ്ജലി, ഉപാസന, ബേബി കണ്‍മണി തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍.
ഹരിപ്രസാദ്, ഋഷിസൂര്യ എന്നിവര്‍ ചേര്‍ന്ന് തിരക്കഥയഴുതുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം പാപ്പിനു നിര്‍വഹിക്കുന്നു. ദിന്‍നാഥ് പുത്തഞ്ചേരിയുടെ വരികള്‍ക്ക് ഗോവിന്ദ് മേനോന്‍ സംഗീതം പകരുന്നു.
എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍-അനൂപ് മജീദ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - ശശി പൊതുവാള്‍, കല-കോയ, മേക്കപ്പ് - മനോജ് അങ്കമാലി, വസ്ത്രാലങ്കാരം - ഇന്ദ്രന്‍സ് ജയന്‍, സ്റ്റില്‍സ് - ജിയോ ജോമി. വാര്‍ത്താപ്രചരണം - എ.എസ്. ദിനേശ്.
from kerala news edited
via IFTTT