Story Dated: Saturday, December 13, 2014 03:24
ഒല്ലൂര്‍: എവുപ്രാസ്യമ്മയുടെയും ചാവറയച്ചന്റെയും വിശുദ്ധ പദവി ലബ്‌ധിയുടെ ആഘോഷങ്ങള്‍ 2015 ജനുവരി 10ന് ഒല്ലൂര്‍ ഫൊറോനപള്ളിയിലെ എവുപ്രാസ്യമ്മ നഗറില്‍ നടക്കും. വാഴ്‌ത്തപ്പെട്ടവളായി പ്രഖ്യാപിക്കപ്പെട്ട അതേ പള്ളി ഗ്രൗണ്ടില്‍വച്ചാണ് വിശുദ്ധ പദവി ആഘോഷവും നടക്കുന്നത്. ഇതോടൊപ്പം സി.എം.സി. സന്ന്യാസിസമൂഹത്തിന്റെ 150-ാം വാര്‍ഷികാഘോഷ പരിപാടികളുടെ ഉദ്‌ഘാടനവും നടക്കും. തൃശൂര്‍ അതിരൂപതയുടെ നേതൃത്വത്തിലാണ് ചടങ്ങുകള്‍ നടക്കുന്നത്.
ജനുവരി 10ന് ഉച്ചയ്‌ക്കു രണ്ടിന് സെന്റ് മേരീസ് മഠം ചാപ്പലില്‍നിന്ന് ആരംഭിക്കുന്ന പ്രദക്ഷിണത്തോടെ ചടങ്ങുകള്‍ ആരംഭിക്കും. വത്തിക്കാനിലെ ഇന്ത്യന്‍ സ്‌ഥാനപതിയായ ആര്‍ച്ച് ബിഷപ് സാനല്‍വതോറ പെനാക്കിയോ, സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, റോമിലെ കര്‍ദിനാള്‍ ജിസോപ്പോ വെര്‍നാല്‍സി എന്നിവരുടെ കാര്‍മികത്വത്തില്‍ കൃതജ്‌ഞതാബലി നടക്കും. തുടര്‍ന്ന് നടക്കുന്ന പൊതുസമ്മേളനം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്‌ഘാടനംചെയ്യും. വിവിധ മതമേലധ്യക്ഷന്മാര്‍, മന്ത്രിമാര്‍, ജനപ്രതിനിധികള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും.
കൃതജ്‌ഞതാബലിയിലും പൊതുസമ്മേളനത്തിലുമായി അമ്പതിനായിരത്തോളം പേര്‍ പങ്കെടുക്കുമെന്ന് വൈസ് പോസ്‌റ്റുലേറ്റര്‍ സിസ്‌റ്റര്‍ ക്ലിയോപാട്ര സി.എം.സി. അറിയിച്ചു. ഇതോടനുബന്ധിച്ച് തയാറാക്കുന്ന പന്തലിന്റെ കാല്‍നാട്ടുകര്‍മം മാര്‍ റാഫേല്‍ തട്ടില്‍ നിര്‍വഹിച്ചു. ഒല്ലൂര്‍ ഫൊറോനപള്ളി വികാരി ഫാ. നോബി അമ്പൂക്കന്‍, സിസ്‌റ്റര്‍ ക്ലിയോപാട്ര, സിസ്‌റ്റര്‍ ഒമര്‍, സിസ്‌റ്റര്‍ റാണി ജോര്‍ജ്, ഫാ. ജെയ്‌സന്‍ മാറോക്കി, ഫാ. ജിയോ കടവി, ഫാ. ജോസ് ചുങ്കന്‍, മേയര്‍ രാജന്‍ പല്ലന്‍, കൗണ്‍സിലര്‍മാരായ ജോണ്‍ കാഞ്ഞിരത്തിങ്കല്‍, ജയ മുത്തിപ്പീടിക എന്നിവര്‍ പങ്കെടുത്തു.
from kerala news edited
via IFTTT