Story Dated: Sunday, December 14, 2014 08:33
ശ്രീനഗര്‍: ജമ്മു കശ്‌മീരിലും ഝാര്‍ഖണ്ഡിലും നാലാംഘട്ട വോട്ടെടുപ്പ് തുടങ്ങി. ശ്രീനഗര്‍ ഉള്‍പ്പെടെ കശ്‌മീരില്‍ 18 സീറ്റുകളിലും ഝാര്‍ഖണ്ഡിലെ 15 സീറ്റുകളിലുമാണ് വോട്ടെടുപ്പ് നടക്കുക. നാഷണല്‍ കോണ്‍ഗ്രസും പീപ്പിള്‍സ് ഡമോക്രാറ്റിക് പാര്‍ട്ടിയും തമ്മിലാണ് പ്രധാന മത്സരം. ശ്രീനഗറില്‍ എന്‍സി മേല്‍ക്കോയ്‌മ പുലര്‍ത്തുമ്പോള്‍ ദക്ഷിണ കശ്‌മീര്‍ പിഡിപിയുടെ തട്ടകമാണ്.
നാലാംഘട്ട വോട്ടിംഗിലും കനത്ത പോളിംഗാണ് പ്രതീക്ഷിക്കുന്നത്. പതിവിന് വിപരീതമായി ആദ്യ രണ്ടു ഘട്ടത്തിലും മികച്ച പോളിംഗാണ് നടന്നത്. എന്നാല്‍ ഇവ ഉള്‍നാടന്‍ മേഖലയായതിനാലാണ് ഈ പോളിംഗ് വന്നതെന്നാണ് കണക്കു കൂട്ടല്‍. കനത്ത തീവ്രവാദ സ്വാധീനമുള്ള മേഖലയില്‍ നടന്ന മൂന്നാം ഘട്ടത്തിലും വോട്ടിംഗ് ശതമാനം കൂടിയിരുന്നു. സോപോറില്‍ നടന്ന 30 ശതമാനം റെക്കോഡായിരുന്നു. എന്നാല്‍ നഗരപരിധിയായ ശ്രീനഗറില്‍ താഴ്‌ന്ന പോളിംഗാണ് പതിവ്. 2008 ലെ തെരഞ്ഞെടുപ്പില്‍ ഇവിടുത്തെ പോളിംഗ് ശതമാനം 20 മാത്രമായിരുന്നു.
നാലാംഘട്ടത്തില്‍ 182 പേരാണ് ജനവിധി തേടുന്നത്. നിരക്കുന്ന പ്രമുഖരില്‍ സോണ്‍വാറില്‍ നിന്നും മത്സരിക്കുന്ന മുഖ്യമന്ത്രി ഒമര്‍ അബ്‌ദുള്ളയും മൂന്ന് മന്ത്രിമാരുമുണ്ട്. മൂന്‍ മുഖ്യമന്ത്രിയും പിഡിപി നേതാവുമായ മുഫ്‌ത്തി മുഹമ്മദ് സയീദ് അനന്തനാഗില്‍ നിന്നാണ് മത്സരിക്കുന്നത്. 2008 ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ ഇവിടുത്തെ ഒമ്പതു സീറ്റും എന്‍സിയ്‌ക്കായിരുന്നു. പിഡിപി ആറു സീറ്റിലും കോണ്‍ഗ്രസ് രണ്ടിലും പാന്തേഴ്‌സ് പാര്‍ട്ടി ഒന്നിലും ജയിച്ചിരുന്നു.
ഝാര്‍ഖണ്ഡില്‍ നക്‌സല്‍ മേഖലയായ പ്രദേശങ്ങളിലാണ് വോട്ടെടുപ്പ്. 15 മണ്ഡലങ്ങളിലെ 3700 പോളിംഗ് സ്‌റ്റേഷനുകളില്‍ 716 എണ്ണത്തെയും 2007 ല്‍ പ്രശ്‌നബാധിത മേഖലയായിട്ടാണ് കരുതിയിരുന്നത്. 615 പോളിംഗ് സ്‌റ്റേഷനുകള്‍ മാത്രമാണ് നഗര പരിധിയിലുള്ളത്. മൂന്ന് മന്ത്രിമാരും 11 സിറ്റിംഗ് എംഎല്‍എ മാരും അതേ മണ്ഡലത്തില്‍ തന്നെയാണ് മത്സരിക്കാനിറങ്ങിയിട്ടുള്ളത്. മുന്‍ മുഖ്യമന്ത്രി ബാബുലാല്‍ മറാണ്ടി ഗിരിഡിയയില്‍ നിന്നുമാണ് ജനവിധി തേടുന്നത്. ഡിസംബര്‍ 20 നാണ് അവസാനഘട്ട തെരഞ്ഞെടുപ്പ് നടക്കുന്നത്. ഡിസംബര്‍ 23 ന് വോട്ടെണ്ണല്‍.
from kerala news edited
via IFTTT