121

Powered By Blogger

Saturday, 13 December 2014

ക്ലൗഡ്‌സും ട്രീയും തൊഴില്‍പ്രശ്‌നങ്ങളുമായി രണ്ടാംദിനം









തിരുവനന്തപുരം:
വിഭ്രമാത്മകതയും ആത്മഹത്യയിലേക്ക് നയിക്കുന്ന പ്രകൃതിയുടെ തീവ്രസൗന്ദര്യവും ആവിഷ്‌കരിച്ച് 'ക്ലൗഡ്‌സ് ഓഫ് സില്‍സ് മരിയ'. സ്‌നേഹത്തടങ്കല്‍ മരണത്തെക്കാള്‍ അസഹ്യമാണെന്ന് പറഞ്ഞ് 'ദി ട്രീ'. മാറിയ ലോകത്തിന്റെ അസഹ്യമായ തൊഴില്‍ അന്തരീക്ഷത്തെക്കുറിച്ചും തൊഴിലാളിവര്‍ഗത്തിന്റെ കണ്ണീര്‍ജീവിതത്തെക്കുറിച്ചും പറഞ്ഞ് 'ടു ഡേയ്‌സ് വണ്‍ നൈറ്റ്'. രാജ്യാന്തര ചലച്ചിത്രമേളയുടെ രണ്ടാംദിനം മികച്ച സിനിമകളുടെ വേദിയായി.

സംവിധായകന്‍ വിലെം മെല്‍ഷ്യോറിന്റെ അപ്രതീക്ഷിത മരണവും 'മലോജ സ്‌നേക്ക്' എന്ന വിഖ്യാത നാടകത്തിന്റെ പുനരാവിഷ്‌കാരവുമാണ് ക്ലൗഡ്‌സ് ഓഫ് സില്‍സ് മരിയയുടെ കഥാഗതി. പ്രശസ്ത നടി മരിയ എന്‍ഡേഴ്‌സ് ഈ നാടകത്തിന്റെ പുനരാവിഷ്‌കാരത്തിനൊരുങ്ങുകയാണ്. പ്രായമായ ഒരു സ്ത്രീയും ഒരു യുവതിയും തമ്മിലുള്ള ആത്മബന്ധത്തിന്റെയും ഇരുവരുടെയും മരണത്തിന്റെയും കഥയാണ് മലോജ സ്‌നേക്ക്. ഇതില്‍ യുവതിയുടെ കഥാപാത്രത്തെ അവതരിപ്പിച്ച മരിയ ഇക്കുറി പ്രായമായ സ്ത്രീയെ ആണ് അവതരിപ്പിക്കുന്നത്. ഈ നാടകത്തിന്റെ സംവിധായകന്റെ കുന്നിന്‍ചരിവിലെ വീട്ടില്‍ താമസിച്ചാണ് നടിയും അവരുടെ സഹായിയും തയ്യാറെടുപ്പുകള്‍ നടത്തുന്നത്. പ്രകൃതിയുടെ തീക്ഷ്ണസൗന്ദര്യവും മരണവും ആവര്‍ത്തിക്കപ്പെടുന്നതും സെലിബ്രിറ്റികളുടെ ജീവിതവും സിനിമയില്‍ വരുന്നു. ഫ്രഞ്ച് സംവിധായകന്‍ ഒളിവര്‍ അസായസിന്റെ സിനിമ നിറഞ്ഞ സദസ്സിന് മുമ്പാകെയാണ് പ്രദര്‍ശിപ്പിച്ചത്.


കൂട്ടുകാര്‍ തമ്മിലുള്ള കളിക്കിടയില്‍ ഒരാള്‍ മരത്തില്‍ നിന്ന് വീണ് മരിക്കുന്നതോടെയാണ് ദി ട്രീ എന്ന സ്ലൊവേനിയന്‍ സിനിമയുടെ കഥ വികസിക്കുന്നത്. കുട്ടിയുടെ മരണത്തിനുത്തരവാദിയായ കൂട്ടുകാരനെ കൊല്ലുമെന്ന് ബന്ധുക്കള്‍ ഭീഷണിപ്പെടുത്തുന്നു. ഇത് കേട്ട ഭയന്ന അമ്മ മകനെയും ഇളയ മക്കളെയും വീടിന് പുറത്തിറക്കാതെ വളര്‍ത്തുന്നു. ഭയവും സ്‌നേഹവും പതിയെ തടങ്കലായി മാറുകയാണ്. ഒടുവില്‍ മകന്‍ തന്നെ അമ്മയുടെ സ്‌നേഹത്തടങ്കല്‍ ഭേദിച്ച് വീടിന് പുറത്തേയ്ക്ക് കടക്കുന്നു. അവന്‍ വെടിയേറ്റ് മരിക്കുകയും ചെയ്യുന്നു. സോണ്യ പ്രോസെന്‍ക് ആണ് സംവിധായകന്‍.


മാറുന്ന തൊഴില്‍ സാഹചര്യത്തില്‍ തൊഴിലാളി വര്‍ഗം നേരിടുന്ന അനുഭവങ്ങളാണ് ടൂ ഡേയ്‌സ് വണ്‍ നൈറ്റ്. ജീന്‍ പിയറെ ദര്‍ദെനെ സംവിധാനം ചെയ്ത ഈ ബെല്‍ജിയം ചിത്രം തൊഴില്‍ നഷ്ടപ്പെട്ടേക്കാവുന്ന ഒരു സ്ത്രീയുടെ ജീവിതസംഘര്‍ഷങ്ങളിലൂടെയാണ് പോകുന്നത്. തൊഴില്‍ നിലനിര്‍ത്താന്‍ സഹപ്രവര്‍ത്തകരുടെ വോട്ടിനുവേണ്ടി യാചിക്കേണ്ട സ്ഥിതി വരുന്ന സ്ത്രീ ഒടുവില്‍ ആത്മഹത്യയ്ക്ക് ശ്രമിക്കുന്നു.


അമ്പതോളം സിനിമകളാണ് ശനിയാഴ്ച പ്രദര്‍ശിപ്പിച്ചത്. ഏറെയും മികച്ചതെന്ന പ്രേക്ഷകപ്രശംസ നേടുകയും ചെയ്തു. തിംബുക്തുവും ഫ്ലൈറ്റ്‌സ് ഓഫ് ഫാന്‍സിയും നിറഞ്ഞ സദസ്സിന് മുമ്പാകെയാണ് പ്രദര്‍ശിപ്പിച്ചത്. ചൂടന്‍ രംഗങ്ങളുള്ള ദി ബ്ലൂറൂം എന്ന ഫ്രെഞ്ച് സിനിമയ്ക്ക് വന്‍തിരക്കാണ് അനുഭവപ്പെട്ടത്.




ഫിലിം ഫെസ്റ്റിവല്‍ സ്‌പെഷല്‍









from kerala news edited

via IFTTT