121

Powered By Blogger

Saturday, 13 December 2014

ജീവിതം രാവുകള്‍







'നല്ല സുഖമില്ല, ഹൃദയവാല്‍വുകള്‍ക്ക് കുഴപ്പമുണ്ട്, ശാരീരികാവശതകളുള്ളതുകൊണ്ട് ഓപ്പറേഷനൊന്നും പറ്റില്ല. ഇടയ്‌ക്കൊരു സ്‌ട്രോക്കുമുണ്ടായി. വീണു തലയും പൊട്ടി. മൊത്തത്തില്‍ എക്‌സ്പയറി ഡേറ്റ് കഴിഞ്ഞെന്നാ തോന്നുന്നത്. ഇതുവഴി വരുമ്പോള്‍ ഒന്നു കാണണം'

-ഷെരീഫിക്ക ഫോണില്‍ പറഞ്ഞപ്പോള്‍ അസുഖത്തിന്റെ അവശതയേക്കാള്‍ അതിനെയൊന്നും കൂസാത്ത ഒരു മനസാണ് മുന്നിലെത്തിയത്. ഷെരീഫിനെ മനസിലായി കാണും. കളിപ്പാവയില്‍ തുടങ്ങി അനുരാഗി വരെ എണ്‍പതോളം ചിത്രങ്ങള്‍ക്ക് രചന നിര്‍വ്വഹിച്ച ആലപ്പുഴക്കാരന്‍. രജനികാന്ത്, കമല്‍ഹാസന്‍, പ്രേംനസീര്‍ മുതല്‍ മമ്മൂട്ടി, മോഹന്‍ലാല്‍ വരെയുള്ള താരങ്ങള്‍ക്കൊപ്പം പ്രവര്‍ത്തിച്ച തിരക്കഥാകാരന്‍.




കാണുമ്പോള്‍ ആലപ്പുഴ 'വൃന്ദാവന'ത്തിലെ ചാരുകസേരയില്‍ കിടക്കുകയായിരുന്നു. മുന്നില്‍ രണ്ടുപേര്‍ ഇരിപ്പുണ്ടായിരുന്നു. 'അവളുടെ രാവുകള്‍' റീമേക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട് സംസാരിക്കാനെത്തിയതാണവര്‍. 37 വര്‍ഷത്തിനു ശേഷം ഇപ്പോഴും ചര്‍ച്ചാവിഷയമാവുന്നൊരു ചലച്ചിത്രം. സാമൂഹിക പ്രസക്തിയുള്ള സിനിമ. അന്ന് സദാചാരവാദികള്‍ കല്ലെറിഞ്ഞെങ്കിലും തിയേറ്ററുകളില്‍ ജനം ഏറ്റെടുത്ത ചിത്രം. ഇന്നും പ്രസക്തമായൊരു കഥ. ഇങ്ങിനെ എത്രയെത്ര ഹിറ്റുകള്‍! വര്‍ത്തമാനം 'അവളുടെരാവുകളി'ല്‍ നിന്നു തന്നെ തുടങ്ങി.


പ്രിയാമണിയെ നായികയാക്കി ലിബര്‍ട്ടി ബഷീര്‍ ഇത് സിനിമയാക്കാനിരുന്നതല്ലേ?

അത് നടന്നില്ല, ആ പ്രൊജക്ടിന്റെ കാലാവധി കഴിഞ്ഞു. ഇപ്പോള്‍ കുട്ടനാട്ടില്‍ നിന്നുള്ള ഒരു നിര്‍മ്മാതാവ് വന്നതാണ്. അവര്‍ ചേംബറില്‍ രജിസ്റ്റര്‍ ചെയ്യാനുള്ള പ്രാരംഭപ്രവര്‍ത്തനങ്ങള്‍ തുടങ്ങി. 'ഒറ്റനാണയം' സംവിധാനം ചെയ്ത സുരേഷ് കണ്ണനാണ് സംവിധാനം. സീമയുടെ വേഷം മേഘ്‌നാ രാജായിരിക്കും. കണ്‍ഫേം ചെയ്തിട്ടില്ല.


ഈ ചിത്രം ഇറങ്ങിയ കാലത്ത് കാശുവാരി പടമായിരുന്നല്ലോ. ഇപ്പോഴും കാശ് കിട്ടികൊണ്ടിരിക്കുകയാണല്ലേ ?




ഇതിപ്പം ചര്‍ച്ച തുടങ്ങുന്നേയുള്ളൂ. കാശൊന്നും വാങ്ങിയിട്ടില്ല. ലിബര്‍ട്ടി ബഷീര്‍ 50,000 രൂപ അഡ്വാന്‍സ് തന്നിരുന്നു. അത് തിരിച്ചുകൊടുക്കണം. ചിത്രം ഇറങ്ങിയ കാലത്ത് മലയാളത്തില്‍ മാത്രമല്ല എല്ലാഭാഷകളില്‍ നിന്നുമായി നിര്‍മ്മാതാക്കളും വിതരണക്കാരും നല്ല കാശ് വാരിയിരുന്നു. എനിക്കീ വീട് വാങ്ങാന്‍ കഴിഞ്ഞതും അവളുടെ രാവുകള്‍ തന്ന കാശാണ്. 'അവളുടെ രാവുകള്‍ പകലുകള്‍' എന്ന പേരില്‍ ഞാനെഴുതി വെച്ച നോവലാണ് സിനിമയാക്കിയത്.

ഇതുപോലൊരു ചിത്രത്തിന്റെ രചയിതാവ് എന്ന നിലയില്‍ കിട്ടിയ അംഗീകാരങ്ങളെയാണ് ഞാനതിനേക്കാള്‍ വിലമതിക്കുന്നത്. എം.ഗോവിന്ദനെ പോലുള്ള ചിന്തകര്‍ ഈ ചിത്രത്തിനു വേണ്ടി സംസാരിക്കാന്‍ വന്നതാണ് സന്തോഷിപ്പിച്ചത്. സീമ ഷര്‍ട്ടുമിട്ട് തുട കാണിക്കുന്ന പോസ്റ്റര്‍ കണ്ടാണ് പലര്‍ക്കും ഹാലിളകിയത്. അന്ന് സെന്‍സര്‍ ബോര്‍ഡിലുണ്ടായിരുന്ന സ്ത്രീ എന്നോടിതിനെ പറ്റി പറഞ്ഞപ്പോള്‍, 'മാഡം നിങ്ങള്‍ക്ക് ചെറുപ്പക്കാരികളുടെ തുട കാണുമ്പോള്‍ തോന്നുന്ന അസൂയയാണെന്നാണ്' ഞാന്‍ പറഞ്ഞത്. ആ ചിത്രത്തില്‍ ഒരു സെക്‌സ്‌സീന്‍ പോലും ഇല്ല. ഒരു തെരുവ് വേശ്യയുടെ കഥ പറയുമ്പോള്‍ അങ്ങനെയൊരു സീനില്ലാതെ കഥ പറയാമെന്നും, അതില്‍ ജീവിതമുണ്ടെന്നും കാണിച്ചുകൊടുക്കുകയാണ് ഞങ്ങള്‍ ചെയ്തത്. അതുകൊണ്ടാണ് എം ഗോവിന്ദന്‍ വിമര്‍ശകരോട് പറഞ്ഞത,് ''നിങ്ങള്‍ ആ സിനിമയ്‌ക്കെതിരെ എഴുതുന്നത് കുറേ ശുംഭന്‍മാര്‍ ചേര്‍ന്നുണ്ടാക്കിയ സദാചാര കമ്മിറ്റി പ്രസിഡണ്ടിനെ പോലെയാണ്. രാജി എന്ന പെണ്‍കുട്ടി നമ്മുടെ ജീവിതത്തില്‍ നിന്ന് കയറി വന്നതാണ് എന്ന്.''




ചിത്രം വീണ്ടുമെടുക്കുമ്പോള്‍ കാലത്തിനനുസരിച്ച മാറ്റങ്ങളെന്തെങ്കിലും ഉണ്ടാവുമോ?


ഇല്ല. അത് ആ നിലയ്ക്ക് തന്നെ പൂര്‍ണമായൊരു സിനിമയാണ്. ലൊക്കേഷനും കഥാപാത്രങ്ങളും മാറുന്ന വ്യത്യാസമുണ്ടാവും. പാട്ടുകള്‍ പോലും അതു തന്നെയാണ് ഉപയോഗിക്കുന്നത്.


താങ്കളുടെ ചിത്രങ്ങളില്‍ സെക്‌സ് പലപ്പോഴും ഒരന്തര്‍ധാരയാണല്ലോ? ബോധപൂര്‍വ്വമാണോ?


എന്റെ പടങ്ങളില്‍ സെക്‌സ് ഉണ്ടാവും. അതൊരിക്കലും വള്‍ഗറായിരിക്കില്ല. കുടുംബസമേതം ജനം കണ്ട ചിത്രങ്ങളാണ് അവയെല്ലാം. എങ്ങനെ എഴുതുന്നു, എങ്ങനെ കാണിക്കുന്നു എന്നതിലാണ് കാര്യം. സെക്‌സ് ഒരു യൂണിവേഴ്‌സല്‍ ട്രൂത്താണ്. ജീവനുള്ള എല്ലാത്തിന്റെയും ഉള്ളിലുള്ള വികാരം. ജീവിതത്തില്‍ ആകാമെങ്കില്‍ സിനിമയില്‍ അത് ഒഴിച്ചുനിര്‍ത്തേണ്ട കാര്യമില്ല. 'ആശീര്‍വാദം', 'ഉത്സവം' പോലുള്ള സാമൂഹിക പ്രസക്തിയുള്ള കഥകളും ഞാനെഴുതിയിട്ടുണ്ടെന്ന കാര്യവും മറക്കരുത്. 'ഉത്സവം'-വെള്ളത്തിനു നടുവില്‍ കുടിവെള്ളത്തിന് വേണ്ടി ദാഹിക്കുന്ന ഒരു ഗ്രാമത്തിന്റെ കഥ എന്നു പറഞ്ഞപ്പോള്‍ എല്ലാവരും നെറ്റിചുളിച്ചതാണ്. കേരളത്തില്‍ കുടിവെള്ള ക്ഷാമം ഏശില്ലെന്നും പറഞ്ഞു. എന്നാല്‍ പടം ഹിറ്റായി. ഐ.വി.ശശി എന്ന സംവിധായകനേയും മലയാളത്തിന് കിട്ടി. അന്ന് പ്രേംനസീര്‍ കത്തി നില്‍ക്കുന്ന കാലത്ത് കെ.പി. ഉമ്മറിനെയാണ് നായകനാക്കിയതെന്നും ഓര്‍ക്കണം.



എങ്ങനെയാണ് എഴുത്തിന്റെ ലോകത്തെത്തുന്നത്?

ഞാന്‍ ആറാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ മുക്കുമാല എന്നൊരു കഥ എഴുതി കേരളഭൂഷണത്തിന് അയച്ചു കൊടുത്തു. അത് പ്രസിദ്ധീകരിച്ചപ്പോള്‍ കൈവന്ന ആത്മവിശ്വാസം എന്നെ തുടര്‍ന്നെഴുതാന്‍ പ്രേരിപ്പിച്ചു. ബാപ്പ ഹമീദ് ബാവ നന്നായി വായിക്കുമായിരുന്നു. മാമന്‍ ഡോ.മുഹമ്മദ് കവിത എഴുതുമായിരുന്നു. ഇവരാണെന്നെ വായനയുടെയും എഴുത്തിന്റെയും ലോകത്തേക്ക് കൊണ്ടുപോവുന്നത്. ആലപ്പുഴയിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനവും എന്നെ സ്വാധീനിച്ചിട്ടുണ്ട്. ദൈവത്തിലും ആത്മാവിലുമപ്പുറം മനുഷ്യനിലാണെനിക്ക് വിശ്വാസം, ജീവിതത്തിലാണെന്റെ പ്രതീക്ഷ.


സിനിമയിലേക്കെത്തിയത്?


ആനുകാലികങ്ങളില്‍ കഥകളും നോവലുകളും എഴുതി എഴുത്തുകാരന്‍ എന്ന നിലയില്‍ മേല്‍വിലാസം കിട്ടിയപ്പോള്‍ കുഞ്ചാക്കോ 'ഉമ്മ' എന്ന ചിത്രത്തിനു വേണ്ടി വിളിച്ചു. കുറച്ച് എഴുതിയതുമാണ്. പക്ഷെ അവിടുത്തെ അന്തരീക്ഷമെനിക്ക് സുഖകരമായി തോന്നിയില്ല. നിര്‍മ്മാതാവിനെ 'മൊതലാളി' എന്നു വിളിക്കാനുള്ള മനസ്സൊന്നും എനിക്കുണ്ടായിരുന്നില്ല. പിന്നെ ശാരംഗപാണിയാണത് എഴുതിയത്.

അതിനു ശേഷം കോട്ടയം ചെല്ലപ്പനാണ് മദിരാശിയിലേക്ക് വിളിക്കുന്നത്.

അന്ന് കൊല്ലം വരെ ബോട്ടില്‍ പോയി അവിടെ നിന്നും തീവണ്ടി മാര്‍ഗം വേണം മദിരാശിയിലെത്താന്‍. കരിവണ്ടിയാണ്. അവിടെയെത്തുമ്പോഴേക്കും കരിക്കട്ടയാവും. അങ്ങനെ അവിടെ ചെന്ന് ആദ്യം 'കളിപ്പാവ' എന്ന എന്റെ നോവലൈറ്റ് സിനിമയ്ക്ക് വേണ്ടി എഴുതി. സുഗതകുമാരിയും അവരുടെ ഭര്‍ത്താവുമായി ഞാന്‍ സൗഹൃദത്തിലായി. സുഗതകുമാരിയാണ് ചിത്രത്തിന് ഗാനമെഴുതിയത്. ആ ചിത്രം ആദ്യം മുടങ്ങിയെങ്കിലും പിന്നെ പുറത്തിറങ്ങി. ഹിറ്റാവുകയും ചെയ്തു. പാവയെ വെച്ചു കളിക്കുന്ന യുവതി അതുമായി മാതൃബന്ധത്തിലാവുന്നതായിരുന്നു കഥ.











from kerala news edited

via IFTTT